മയക്കുമരുന്ന് കേസുകളില്‍പെട്ടാല്‍ ജീവിതം തീരും; 40 വര്‍ഷം വരെ തടവ്, ബോധവത്കരണവുമായി പോലീസ്

തൃശൂര്‍ : മയക്കുമരുന്ന് കേസുകളില്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും യുവാക്കള്‍ ഇത്തരം ഇടപാടുകളില്‍ ഏര്‍പ്പെടരുതെന്നും താക്കീത് നല്‍കി പോലീസിന്റെ ബോധവല്‍ക്കരണം.

അടുത്തകാലത്ത് ജില്ലയില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബോധവല്‍ക്കരണവുമായി പോലീസ് ജനങ്ങളിലേക്ക് ഇറങ്ങുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ബോധവല്‍ക്കരണ ക്യാമ്ബുകള്‍ സംഘടിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ അധികവും 30 വയസ്സിന് താഴെയുള്ളവരാണ്. 90% കേസുകളിലും പ്രതിസ്ഥാനത്ത് വരുന്നത് ഇവര്‍ മാത്രമാകും. ഏജന്റുമാരോ വെറും കാരിയര്‍മാരോ മാത്രമായിരിക്കും ഇവര്‍. റാക്കറ്റിലെ പ്രധാന കണ്ണികള്‍ പലപ്പോഴും വലയ്‌ക്ക് പുറത്താണ്. എന്നാല്‍ കേസില്‍ ശിക്ഷിക്കപ്പെടുന്നതാകട്ടെ ഈ പിടിയില്‍ ആകുന്ന യുവാക്കളും. പിടിക്കപ്പെട്ടാല്‍ 40 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മയക്കുമരുന്ന് വില്പന എന്ന് പോലീസ് പറയുന്നു.

കൊലപാതകത്തിന് കിട്ടുന്നതിനേക്കാള്‍ കൂടിയ ശിക്ഷയാണ് മയക്കുമരുന്ന് വിപണനം ചെയ്യുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം വ്യവസ്ഥ ചെയ്യുന്നത്. അതിനാല്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുന്ന ഒട്ടുമിക്ക യുവാക്കളുടെയും ജീവിതം ജയിലറകള്‍ക്കുള്ളില്‍ ഹോമിക്കപ്പെടുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തലമുറ വഴിതെറ്റി പോകരുതെന്ന സന്ദേശവുമായി സിറ്റി പോലീസ് ബോധവല്‍ക്കരണ പരിപാടികള്‍ തയ്യാറാക്കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ജില്ലയിലെ സ്‌കൂള്‍ കോളേജ് ക്യാമ്ബസുകള്‍ കേന്ദ്രീകരിച്ച്‌ ഇത്തരം പരിപാടികള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m