പരദേശി
പരദേശി
അലയുന്നവരോട് അസാധാരണമായ അനുഭാവം പുലർത്തിയൊരാൾ എന്ന നിലയിലും ഫ്രാൻസിസ് പാപ്പ ഓർമ്മിക്കപ്പെടും.
ജീവിത സായന്തനത്തിൽ അയാൾ ഓർമ്മിച്ചെടുക്കുന്ന ഒരു കപ്പൽച്ചേതത്തിൽ അതിന്റെ വേരും വിത്തുമുണ്ട്.
ആത്മരേഖയിൽ hope , ൽ നമ്മൾ ഇങ്ങനെ വായിച്ചെടുക്കും.
1927, ഒക്ടോബറിൽ ഇറ്റാലിയൻ ടൈറ്റാനിക്ക് എന്നറിയപ്പെടുന്ന ഒരു കപ്പലപകടമുണ്ടായി.ജനോവായിൽ നിന്ന് തെക്കേ അമേരിക്കയിലേക്ക് പോകുന്ന ഒരു കപ്പൽ ബ്രസീലിയൻ തീരത്തിനടുത്ത് മുങ്ങിപ്പോയി.
നൂറുകണക്കിന് കുടിയേറ്റക്കാർ അതിലുണ്ടായിരുന്നു. സങ്കല്പത്തിലെ മെച്ചപ്പെട്ട ദേശത്ത് അവരാരും നീന്തിയെത്തിയില്ല.
അതിൽ സഞ്ചരിക്കേണ്ട ഒരു കുടംബം ഉണ്ടായിരുന്നു- ജിയോവാനി ബർഗോഗിലോയും ഭാര്യ റോസായും.ഫ്രാൻസിസ് പാപ്പായുടെ മുത്തച്ഛനും മുത്തശ്ശിയുമാണത് .
കരുതിയ നേരത്ത് തങ്ങൾക്കുള്ള സ്വത്തുക്കൾ കൊടുത്തു തീർക്കാൻ കഴിയാത്തതുകൊണ്ട് അവർക്ക് യാത്ര നീട്ടി വയ്ക്കേണ്ടതായി വന്നു. നേരത്തെയെടുത്ത ടിക്കറ്റ് വേറൊരു കുടുംബത്തിന് കൈമാറേണ്ടി വന്നു.ആ പകരക്കാരും മാഞ്ഞു പോയി.
വൈകാതെ അവർ അർജന്റീനയിലെത്തും.അവിടെയവർ ചെറുത്തു നില്പിന്റെയും ആത്മബലിയുടെയും പ്രാഥമികപാഠങ്ങൾ അഭ്യസിക്കും.
ജനിതകത്തിലൂടെ അതിന് കൈമാറ്റവും തുടർച്ചയുമുണ്ടാവും.
അതിജീവനത്തിനായി അതിസാഹസിക യാത്രകളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്ന ചുഴികളെക്കുറിച്ച് അയാളോട് ഇനി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.
അത്തരം ഓർമ്മകളെ രാകി രാകി അന്ത്യയാമത്തോളം നിലനിർത്തി എന്നതിലാണ് അയാളുടെ അഴക്.
എന്തു കൊണ്ടായിരിക്കാം ഹോർഹെ മാരിയോ ബർഗോളിയാ,ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. പല കാരണങ്ങളുണ്ടാവും.
പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ച ആ പുണ്യവാന്റെ പേര് ഒരാളും ഇതിന് മുമ്പ് സ്വീകരിച്ചു കണ്ടിട്ടില്ല.
ഇതിനിടയിൽ ആറു ഫ്രാൻസിസ്ക്കൻസ് പോപ്പായി തെരഞ്ഞെടുക്കപ്പെട്ടു .
അവരു പോലും ആ പേരടുക്കാൻ ധൈര്യപ്പെട്ടില്ല. ആ പേര് വലിയൊരു ബാധ്യതയാണ്.
ആ പേരാണ് ഈ ജസ്യൂട്ട് കാർഡിനൽ സ്വീകരിച്ചത്.
പേരിനെക്കുറിച്ച് കാര്യമായ ആലോചന ഒന്നുമില്ലായിരുന്നു.
പുതിയ പാപ്പയെ അഭിനന്ദിക്കുമ്പോൾ ബ്രസീലിൽനിന്നുള്ള ഫ്രാൻസിസ്കൻ കാർഡിനൽ ക്ലോഡിയോ ഹുമസ്സ് ചെവിയിൽ മന്ത്രിച്ചത് അതാണ്: don’t forget the poor!
ദരിദ്രരെ മറക്കരുത്.
സഭയുടെ ഗലീലിയൻ പ്രഭവം എന്നൊക്കെ പിന്നീട് നമ്മൾ കേൾക്കും.
അപ്പോൾ തെളിഞ്ഞ പേരാണ് ഫ്രാൻസീസ് .
മധ്യകാലഘട്ടത്തിന്റെ ഒടുവിൽ അസീസ്സിയിൽ ജീവിച്ച ആ താപസൻ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ട്: ഞങ്ങൾ വെറുതെ തീർത്ഥാടകരും പരദേശികളും(pilgrims and strangers) മാത്രമാണ്.
ഒക്കെ തുടർച്ചയാണ്.
എപ്പോൾ വേണമെങ്കിലും നിലച്ചുപോകാവുന്ന തുടർച്ച.
ഞാൻ പരദേശിയായിരുന്നു നിങ്ങളെന്നെ ഭവനത്തിൽ സ്വീകരിച്ചു എന്ന് അരുൾ ചെയ്ത ഒരാളിലേക്ക് ഫ്രാൻസിസ് പാപ്പ അലിഞ്ഞു പോകുമ്പോൾ അതാണെന്നെ ഭയപ്പെടുത്തുന്നത്.
കടപ്പാട് : ഫാ. ബോബി ജോസ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m