മൂന്ന് നന്മ നിറഞ്ഞ മറിയത്തിന്റെ അത്ഭുത ശക്തി

വിശുദ്ധ മെറ്റിൽഡ(Saint Mechtilde ) പരിശുദ്ധ അമ്മയുടെ വലിയ ഭക്തയായിരുന്നു. ജീവിതത്തിൽ വല്ല മാരക പാപവും ചെയ്തുപോയി പ്രസാദവരം നഷ്ടപ്പെട്ടു മരിക്കാനിടയായാൽ സ്വർഗത്തെ നഷ്ടപ്പെടുത്തി നരകത്തിനു അർഹയായി തീരുമോ എന്ന ആകുലത വിശുദ്ധയെ വല്ലാതെ അലട്ടി. തന്നെ സഹായിക്കണം എന്ന് അവൾ പരിശുദ്ധ അമ്മയോട് പ്രാർത്ഥിച്ചു. ‘അമ്മ അവൾക്കു പ്രത്യക്ഷയായി ഒരു ശക്തമായ മാർഗം ഉപദേശിച്ചു കൊടുത്തു. എല്ലാ ദിവസവും ഉറങ്ങുന്നതിനു മുൻപ് (ഉണരുമ്പോഴും ആകാം ) മൂന്നു നന്മ നിറഞ്ഞ മറിയം ചൊല്ലുക.

വെറുതെ ചൊല്ലിയാൽ പോരാ. രക്ഷാകര പദ്ധതിയുടെ ഉറവിടമായ പരിശുദ്ധ ത്രിത്വത്തിലെ ഓരോരുത്തരെയും സ്തുതിച്ചുകൊണ്ടുവേണം സ്വർഗ്ഗത്തിന്റെ മനുഷ്യാവതാരസ്തുതിഗീതമായ നന്മനിറഞ്ഞ മറിയം ചൊല്ലുവാൻ. ഒന്നാമത്തേത് പിതാവിന്റെ സ്തുതിക്കായി. രണ്ടാമത്തേത് പുത്രന്റെ സ്തുതിക്കായി, മൂന്നാമത്തേത് പരിശുദ്ധാത്മാവിനെ ഓർത്തും ചൊല്ലണം. ചിലർ ഓരോ നന്മ നിറഞ്ഞ മറിയം കഴിയുമ്പോഴും “എന്റെ അമ്മേ മാരക പാപത്തിൽ നിന്നും എന്നെ ഇന്നേ ദിവസം കാത്തുകൊള്ളണമേ ” എന്ന് പ്രാർത്ഥിക്കാറുണ്ട്.

മമ്മിയുമായി വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന ഒരു കന്യാസ്ത്രി അമ്മയാണ് സിസ്റ്റർ പ്രഭ ഡി എസ് എസ്. എന്നെ പൂർവികർ കാത്തുസൂക്ഷിച്ചിരുന്ന നിരവധി ഭക്താഭ്യാസങ്ങൾ പറഞ്ഞു പഠിപ്പിച്ചിരുന്ന സിസ്റ്റർ, പണ്ട് കാലത്തു ശുദ്ധത കാത്തു സൂക്ഷിക്കാൻ കേരളത്തിലെ അമ്മമാർ മക്കളെ ഇത് പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞു തന്നിരുന്നു.

ഒരു വിധത്തിലുള്ള സ്ഥിരമായ പ്രാർത്ഥനാഭ്യാസവും പരിശീലിക്കാത്തവർക്കു ഈ ഭക്താഭ്യാസത്തിനോടെ നിരവധി അത്ഭുതകരമായ നേട്ടങ്ങൾ കൈവരിക്കാം. ഇത് എല്ലാ ദിവസവും കൃത്യമായി ഒരു സമയത്തു ചെയ്തു ശീലിക്കുന്നതാണ് ആദ്യപടി. മനസുവച്ചാൽ പതിയെ കൂടുതൽ ആത്മീയ അഭ്യാസങ്ങൾ ചെയ്യാനുള്ള പരിശീലനമായി അത് മാറും. ഇടയ്ക്കു ഒരാഴ്ചയോ ഒൻപതു ദിവസമോ ഓരോ മണിക്കൂർ ഇടവിട്ട് ദിവസം ഒൻപതു തവണ ചെയ്യുന്നതാണ് അടുത്ത പടി. വിദ്യാർത്ഥികൾക്ക് ക്ലാസ്സിലെ അധ്യാപകർ മാറുന്ന സമയത്തു ആരും അറിയാതെ മനസ്സിൽ ചെയ്യാം. ജോലി ചെയ്യുന്നവർക്ക് സാധ്യമെങ്കിൽ മൊബൈലിൽ ചെറിയൊരു ബീപ്പ് സീറ്റു ചെയ്തു ചെയ്യാം.

മറ്റൊന്ന് ഒരു മാസത്തേക്ക് ദിവസം മൂന്നു തവണ എന്ന രീതിയിൽ തവണ കുറച്ചും കാലാവധി ദീർഘിപ്പിച്ചും ചെയ്യുന്നതാണ് അടുത്ത മാർഗം. ഒരു മാസം കഴിയുമ്പോൾ കുറച്ചു നാൾ ദിവസം ഒരു നേരം മാത്രം ചെയ്യുക. തുടർന്ന് നന്മ നിറഞ്ഞ മറിയം മൂന്ന് എന്നത് ആറ് ആക്കുക. അങ്ങനെ മൂന്നു നേരം ആറു തവണ. പതുക്കെ അത് ഒൻപതാക്കാം. ഒടുവിൽ ഒരു മണിക്കൂർ ഇടവിട്ട് ഒരു രഹസ്യം ചൊല്ലാൻ കഴിയുന്ന രീതിയിൽ വരും. ഇങ്ങനെ ഉയർന്ന പടികൾ പരിശീലിക്കുമ്പോഴും രാത്രി മൂന്നു നന്മ നിറഞ്ഞ മറിയം ചൊല്ലുന്ന ശീലം മാറ്റരുത്.

പതിയെ പതിയെ ദിവസം മൂന്നു നേരം രണ്ടു രഹസ്യം വീതം, മൂന്നു രഹസ്യം വീതം അങ്ങനെ കൂട്ടി കൂട്ടി ദിവസം മൂന്നു ജപമാല എന്ന അവസ്ഥയിലേക്കെത്താൻ ആറുമാസം വേണ്ടി വരില്ല. പിന്നീട് ഇടയ്ക്കു എവിടെയെങ്കിലും ശാന്തമായിരുന്നു നാല് ജപമാല ചൊല്ലി നോക്കണം. ഒട്ടും ആയാസമില്ലാതെ അത് സാധിക്കുന്നത് കണ്ടു നിങ്ങൾക്ക് തന്നെ അതിശയം തോന്നും. അതിന്റെ ആത്മീയ ഫലങ്ങളും അനുഭവിക്കുമ്പോൾ ഉത്സാഹം വർധിക്കും.

അങ്ങനെ ദിവസേന ഒട്ടും പ്രയാസമില്ലാതെ നാല് ജപമാല വരെ ചൊല്ലാൻ സാധിക്കുന്ന അവസ്ഥയെത്തുമ്പോഴും നിങ്ങളുടെ നിയോഗം ഒന്ന് മാത്രം ആയിരിക്കണം “യേശുവിനെ കൂടുതൽ സ്നേഹിക്കാൻ സാധിക്കണം”. അങ്ങനെ ചൊല്ലി തുടങ്ങുമ്പോൾ നിങ്ങൾപോലും അറിയാതെ കൂടുതൽ ബൈബിൾ വായിക്കുന്നതും കൂദാശകളിൽ താത്പര്യം ജനിക്കുന്നതും ഭക്തി ഗാനങ്ങൾ കേട്ടാൽ മനസ് ലയിച്ചു സ്നേഹം കൊണ്ട് നിറയുന്നതും അറിയാൻ പറ്റും. പ്രാർത്ഥനകൾ ചൊല്ലുമ്പോഴും സ്തുതിക്കുമ്പോഴും ഒരു പ്രത്യേക ശക്തി തോന്നി തുടങ്ങും. പതിയെ പതിയെ ഈശോയെ സ്നേഹിക്കാൻ പരിശുദ്ധ ‘അമ്മ എങ്ങനെ നിങ്ങളെ സഹായിക്കുന്നു എന്ന് നിങ്ങൾ തന്നെ തിരിച്ചറിയും.

യഥാർത്ഥ മരിയൻ പ്രത്യക്ഷീകരണം നടന്ന ഇടങ്ങളിൽ ലഭിച്ച സന്ദേശങ്ങൾ ഒരാൾ സ്വീകരിച്ചാൽ അയാൾ കൂടുതൽ യേശുവിനെ സ്നേഹിക്കുന്നതായും പാപത്തിൽ നിന്ന് അകലുന്നതായും കാണാം. യേശുവിനെ അക്ഷരം പ്രതി അനുസരിക്കുകയും രക്തസാക്ഷിത്വത്തിനടുത്തു സ്നേഹിക്കുകയും ചെയ്ത അനേകായിരങ്ങളെ മാനസാന്തരപ്പെടുത്തിയ നിരവധി വിശുദ്ധർ വലിയ മരിയ ഭക്തരായിരിന്നു.

എന്റെ അപ്പാപ്പൻ വലിയ ജപമാല ഭക്തനായിരുന്നു. അദ്ദേഹം ഒരു ദിവസം മുൻപത്തഞ്ചു ജപമാലയോളം ചൊല്ലുമായിരുന്നത്രെ! 45 വർഷം ദേവാലയ ശുശ്രൂഷിയായിരുന്ന അപ്പാപ്പൻ നടക്കുമ്പോൾ കൈവിരലുകളിൽ ജപമാല ചലിക്കുമായിരുന്നു. ഒരു സ്വർഗീയ ചൈതന്യമുള്ള മരണമായിരുന്നു എന്ന് മരണം നേരിട്ട് കണ്ട ഒരു അയൽവാസി എന്നോട് പറഞ്ഞത് ഓർക്കുന്നു.

അപ്പാപ്പൻ വിശുദ്ധരുടെ ജീവിതം വായിച്ചാണ് മാതാവിന്റെ ഭക്തനായി തീർന്നത്. ദേവാലയത്തിന്റെ താക്കോൽ കയ്യിൽ ഉള്ളതിനാൽ ഒരു ദിവസം രണ്ടു മണിക്കൂറോളം സക്രാരിയിലെ പരിശുദ്ധ കുർബാനയുടെ മുൻപിൽ മുട്ടുകുത്തി നിന്ന് ആരാധിക്കുമായിരുന്നുവത്രെ പഴയകാലത്തെ ആ കാരണവർ. ഇതിനെ എന്റെ സഹോദരൻ സാക്ഷിയാണ്. ജീവിതത്തിൽ എന്ത് ദുരിതം വന്നാലും ദൈവ തിരുമനസ്സ് നിറവേറട്ടെ എന്ന് ഉച്ചത്തിൽ പറയുമായിരുന്നു. ഇതൊക്കെ അദ്ദേഹത്തെ അക്കാലത്തു ആരു പരിശീലിപ്പിച്ചു എന്ന് ഇനി പറഞ്ഞു തരണ്ടല്ലോ ?

ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധർക്ക് യേശുവും മാതാവും ദർശനങ്ങൾ നൽകിയിട്ടുണ്ട്. മരിയ ഭക്തിയിലൂടെ ധാരാളം ഭൗതീക അനുഗ്രഹങ്ങൾ ലഭിക്കും. അതിനേക്കാൾ ഏറെ യേശുവിനെ കൂടുതൽ സ്നേഹിക്കാനുള്ള വരം ലഭിക്കും. ആ നിയോഗം വച്ച് പ്രാർത്ഥിക്കണം എന്ന് മാത്രം.

കടപ്പാട് : ബ്രദർ ജോസഫ് ദാസൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group