നിപയുടെ ജീവിക്കുന്ന രക്തസാക്ഷി; നിപ രോഗിയെ പരിചരിച്ച കോഴിക്കോട്ടെ നഴ്സ് 8 മാസമായി അബോധാവസ്ഥയില്‍

നിപ ബാധയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കോമാവസ്ഥയില്‍ കഴിയുന്ന ആരോഗ്യപ്രവർത്തകൻ. മംഗലാപുരം സ്വദേശിയായ ടിറ്റോ തോമസ് ആണ് നിപയ്ക്ക് ശേഷമുള്ള ലേറ്റന്റ് എൻസഫലൈറ്റിസ് (നിപ എൻസഫലൈറ്റിസ് ) ബാധിച്ച്‌ 8 മാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചലനമറ്റ് കിടക്കുന്നത്.

ഇതേ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ നഴ്സായിരുന്ന ടിറ്റോയ്ക്ക് ഇവിടെ എത്തിയ നിപ രോഗിയില്‍ നിന്നാണ് രോഗം പിടിപെട്ടത്. നിപയില്‍ നിന്നും മുക്തി നേടിയെങ്കിലും അധികം വൈകാതെ പാർശ്വഫലമായി ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിക്കുകയായിരുന്നു. ഇപ്പോള്‍ തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് ഈ 24 വയസ്സുകാരൻ ശ്വാസോച്ഛാസം നിലനിർത്തുന്നത്. ഇതുവരെ കണ്ണ് തുറന്നിട്ടില്ല.

മംഗലാപുരം മർദ്ദാല സ്വദേശിയായ ടിറ്റോ ജോസഫ് നഴ്സിങ് പഠനം കഴിഞ്ഞ് 2023 ഏപ്രില്‍ 23നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി എത്തുന്നത്. ആഗസ്റ്റ് അവസാനം ഇതേ ആശുപത്രിയില്‍ കടുത്ത പനിയുമായി എത്തുകയും ഇവിടെ വച്ച്‌ മരിക്കുകയും ചെയ്ത രോഗിക്ക് മരണ ശേഷം നിപ സ്ഥീരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്. രോഗ മുക്തിനേടി ക്വാറന്റൈൻ പൂർത്തിയാക്കി നവംബറില്‍ വീട്ടില്‍ എത്തിയ ടിറ്റോയ്ക്ക് ആ സമയം മുതല്‍ തലവേദനയും കഴുത്തുവേദനയും ഉണ്ടായിരുന്നുവെന്ന് ടിറ്റോയുടെ സഹോദരൻ ഷിജോ തോമസ് പറയുന്നു.

അന്ന് തലവേദന അത്രകാര്യമായി എടുത്തിട്ടില്ല. വീണ്ടും ജോലിയില്‍ പ്രവേശിച്ച ടിറ്റോയ്ക്ക് ഡിസംബറില്‍ ശക്തമായ തലവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധയിലാണ് ലേറ്റന്റ് എൻസഫലൈറ്റിസ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സ തുടങ്ങി. ചികിത്സ തുടരുന്നതിനിടെ ടിറ്റോ അബോധാവസ്ഥയിലാവുകയും ചെയ്തു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാവാൻ സാധ്യതയില്ലെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അഭിപ്രായം.

എന്നാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ഏതെങ്കിലും ആശുപത്രിയില്‍ ടിറ്റോയുടെ ചികിത്സ തുടരണമെന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതിയാണ് പ്രധാന തടസ്സം. ജോലി ഉപേക്ഷിച്ച്‌ കോഴിക്കോട്ട് ആശുപത്രിയില്‍ ടിറ്റോയ്ക്ക് കൂട്ടിരിക്കുകയാണ് ഏക സഹോദരൻ ഷിജോ തോമസും അമ്മ ലിസിയും. ഇതുവരെയുള്ള ചികിത്സ പൂർണമായും സ്വകാര്യ ആശുപത്രി മാനേജ്മെൻറ് ഏറ്റെടുത്തിട്ടുണ്ട്. ഇതിനകം 40 ലക്ഷത്തോളം രൂപ ചികിത്സക്കായി മാനേജ്മെൻറ് ചെലവഴിച്ചു. തുടർചികിത്സയക്കായി സർക്കാരില്‍ നിന്നും സാമ്ബത്തിക സഹായം വേണം എന്നാണ് ടിറ്റോയുടെ കുടുംബം പറയുന്നത്. ടിറ്റോയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ആരോഗ്യവകുപ്പിനറിയാമെന്നും സാമ്ബത്തിക സഹായം ലഭിച്ചാല്‍ ടിറ്റോയെ ജീവിതത്തിലേക്ക് തിരിച്ച്‌ കൊണ്ടുവരാനാവും എന്നും കുടുംബം പറയുന്നു.

നിപ വൈറസ് മൂലം പിന്നീട് മസ്തിഷ്കജ്വരമുണ്ടാകുന്നതാണ് നിപ എൻസഫലൈറ്റിസ്. ഇത് രോഗബാധിതനെ അബോധാവസ്ഥയിലേക്ക് നയിക്കുകയും അപസ്മാരത്തിനും കോമയ്ക്കും കാരണമാവുകയും ചെയ്യും. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നിപ എൻസഫലൈറ്റിസിന് നിലവില്‍ നല്‍കിവരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group