കോഴിക്കോട് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി സ്വദേശി വിനോദ് കുമാർ മരിക്കുന്നത് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്.
മരണത്തില്‍ അസ്വാഭാവികത തോന്നാതിരുന്ന ബന്ധുക്കള്‍ പരാതി ഒന്നും ഇല്ലാതെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു. പിന്നീട് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒരു ബന്ധുവുമായി വിനോദ് കുമാറിന്റെ മകൻ അശ്വിനും ഭാര്യയും ഇതേ ആശുപത്രിയില്‍ എത്തി. അപ്പോഴാണ് അച്ഛനെ ചികില്‍സിച്ച ഡോക്ടർ അബു എബ്രഹാം ലൂക്കിനെ കണ്ട് മകന്റെ ഭാര്യ ഞെട്ടിയത്. തന്റെ സഹപാഠിയായ എംബിബിഎസ് പൂര്‍ത്തിയാക്കാത്ത അബു എബ്രഹാമിനെ അവർ തിരിച്ചറിയുന്നു.
തുടര്‍ന്ന് വിനോദ് കുമാറിന്‍റെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ച ആശുപത്രി അധികൃതർക്ക് മരണത്തില്‍ ചികിത്സാ പിഴവ് ബോധ്യപ്പെടുന്നു. ഡോക്ടർ എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാകുന്നു. പിന്നീട് ഈ യുവതിയുടെ വെളിപ്പെടുത്തലിലാണ് അഞ്ച് വര്‍ഷമായി കടലുണ്ടി കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ ആര്‍എംഒആയി ചികിത്സ നടത്തിയ അബു എബ്രഹാം ലൂക്ക് എന്ന വ്യാജ ഡോക്ടറിന്റെ കഥ പുറംലോകം അറിയുന്നത്. അഞ്ച് വർഷങ്ങള്‍ക്ക് മുൻപ് ആശുപത്രിയിലെ ആര്‍എംഒയുടെ ഒഴിവിലേക്ക് ഡോക്ടറെ നിയമിക്കാന്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ മറ്റൊരാളുടെ റഫറന്‍സിലൂടെയാണ് അബു ലൂക്ക് എത്തുന്നത്.
മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്ബതിലധികം ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന അബു ലൂക്കിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ മികച്ച അഭിപ്രായം ആയിരുന്നു അവിടെ നിന്നെല്ലാം ആശുപത്രി അധികൃതർക്ക് ലഭിച്ചത്. ജോലിയില്‍ പ്രവേശിക്കും മുമ്ബ് അബു ലൂക്കിനോട് രജിസ്റ്റര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കി. എന്നാല്‍ അബു പി സേവ്യര്‍ എന്നയാളുടെ പേരിലായിരുന്നു രജിസ്റ്റര്‍ നമ്ബര്‍. ഇക്കാര്യം ചോദിച്ചപ്പോള്‍, തനിക്ക് ‘രണ്ട് പേര് ഉണ്ട്’ എന്നാണ് ‘ഡോകടർ’ മറുപടി നല്‍കിയതെന്നും അധികൃതർ പറയുന്നു.
രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയിരുന്ന ഡോക്ടറിയിരുന്നു അബു ലൂക്ക്. ആഴ്ചയില്‍ രണ്ട് ദിവസം ഈ ആശുപത്രിയില്‍ എത്തുന്ന അബു ലൂക്കിനെ സ്ഥിരമായി കാണിക്കാന്‍ എത്തുന്ന നിരവധി രോഗികള്‍ ഉണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എംബിബിഎസ് കഴിഞ്ഞ് നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് എന്നാണ് ഇയാള്‍ ആശുപത്രി അധികൃതരെ വിശ്വസിപ്പിച്ചിരുന്നത്. പരീക്ഷയ്ക്കായി ഇയാള്‍ അവധി എടുത്ത് പോകാറുണ്ടായിരുന്നു എന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ അബു അബ്രഹാം ലൂക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി. തിരുവല്ല സ്വദേശിയായ അബു എബ്രഹാം ലൂക്ക് 2011ലാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എംബിബിഎസ് പഠനം തുടങ്ങുന്നത്. സെമസ്റ്റര്‍ പരീക്ഷയില്‍ തോറ്റതോടെ പഠനം പൂര്‍ത്തിയാക്കാനായില്ല. തുടർന്ന് സമാന പേരുള്ള മറ്റൊരാളുടെ രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച് അബു ലൂക്ക് ചികിത്സ തുടങ്ങി. കോഴിക്കോട് സ്വദേശിയായ ഡോക്ടറെ വിവാഹം കഴിച്ച് ജില്ലയില്‍ തന്നെ തുടർന്നു.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ യഥാർത്ഥ രജിസ്റ്റര്‍ നമ്ബര്‍ ലഭിക്കുന്നതും എംബിബിഎസ് പാസായില്ല എന്ന് അധികൃതർ മനസിലാക്കുന്നതും. സംഭവത്തില്‍ ആശുപത്രി പുറത്താക്കിയ അബു എബ്രഹാം ലൂക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂ ലൂക്ക് ഉപയോഗിച്ചിരുന്ന രജിസ്റ്റര്‍ നമ്ബറിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ എംബിബിഎസ് പാസായിട്ടില്ലെന്ന് വ്യക്തമായതായി അന്വേഷണ സംഘവും അറിയിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group