ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂൺ 7

ആഴമായ ദുഃഖം അനുഭവിക്കുന്ന ഈശോയുടെ ദിവ്യഹൃദയം

മനുഷ്യരില്‍ പലര്‍ക്കും പുണ്യജീവിതത്തില്‍ താത്പര്യവും തീക്ഷ്ണതയും ഇല്ലാത്തതുകൊണ്ട് ഈശോയുടെ ദിവ്യഹൃദയം ആഴമായ ദുഃഖം അനുഭവിക്കുന്നു. ഈ ദിവ്യഹൃദയം സ്നേഹത്താല്‍ എരിയുന്ന ഒരു തീച്ചൂളയായിരിക്കുന്നു. ഇതിലെ അഗ്നി ഭൂലോകത്തിന്‍റെ നാനാഭാഗങ്ങളിലും കത്തിച്ചു ലോകം മുഴുവനും വ്യാപിക്കുന്നതിനു ആഗ്രഹിക്കുകയും ചെയ്യുന്നു. “ഞാന്‍ ഭൂമിയില്‍ തീയിടാന്‍ വന്നു. അത് കത്തിജ്ജ്വലിക്കുന്നതിനല്ലാതെ എന്താണ് ഞാന്‍ ആഗ്രഹിക്കുന്നത്?” എന്ന്‍ ഈശോ തന്നെ അരുള്‍ച്ചെയ്തിരിക്കുന്നു. തീക്ഷ്ണത ഇല്ലാത്ത ആത്മാക്കളുടെ സ്ഥിതി എത്രയോ ഭയങ്കരമാകുന്നു എന്ന്‍ ആലോചിക്കുക.

നാശാവസ്ഥയില്‍ ഇരിക്കുന്ന ഈ ആത്മാക്കളില്‍ ദൈവസ്നേഹത്തിനുള്ള താല്പര്യം ഒട്ടും അവശേഷിക്കുന്നില്ല. മാത്രമല്ല ദൈവസ്നേഹം എന്താകുന്നുവെന്ന് ഗ്രഹിക്കാൻ ഇവര്‍ക്ക് സാധിക്കുന്നില്ല. ഇപ്രകാരമുള്ള ആത്മാക്കളുടെ സ്ഥിതി എത്രയോ ആപത്ക്കരവും ദയനീയവുമായിരിക്കുന്നു. തീക്ഷ്ണതയും സ്നേഹവുമില്ലാത്ത ആത്മാക്കള്‍ പ്രാര്‍ത്ഥനയിലും കൂദാശകളുടെ സ്വീകരണത്തിലും ഭക്തിയും ഒരുക്കവും കൂടാതെ അശ്രദ്ധയും മന്ദതയും പ്രദര്‍ശിപ്പിക്കുന്നു. അവര്‍ ഒരു പ്രവൃത്തിയിലും ദൈവസ്തുതിയാകട്ടെ ദൈവപ്രസാദമാകട്ടെ അന്വേഷിക്കുന്നില്ല. നേരെമറിച്ച്‌ സ്വന്തമഹിമയും പ്രസിദ്ധിയും ലഭിക്കുന്നതിനു സദാ ശ്രദ്ധാലുക്കളായി കാണപ്പെടുന്നു.

അന്ധകാരം നിറഞ്ഞതും മഞ്ഞുപോലെ തണുത്തിരിക്കുന്നതുമായ എന്‍റെ ആത്മാവേ! നിന്‍റെ ഹൃദയം ഈശോയുടെ തിരുഹൃദയത്തോട് ഒത്തുനോക്കുമ്പോള്‍ എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കും? തീക്ഷ്ണതയില്ലാത്ത ഒരു ഹൃദയവും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയവും തമ്മില്‍ ചേരുന്നതിനേക്കാള്‍ എളുപ്പത്തില്‍ തീയും മഞ്ഞുകട്ടയും തമ്മില്‍ ചേരുമെന്നതിനു സംശയമില്ല. പാപം നിറഞ്ഞ എന്‍റെ ആത്മാവേ! നിത്യനാശത്തിന്‍റെ വഴിയില്‍ നീ ആയിരിക്കുന്നുവെന്ന് മനസ്സിലാക്കി ജീവിതശിഷ്ടമെങ്കിലും ദൈവശുശ്രൂഷയില്‍ വിനിയോഗിക്കുവാന്‍ ശ്രമിക്കുക.

ജപം

പിതാവായ ദൈവത്തിന്‍റെ നേരെയുള്ള സ്നേഹത്താല്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ഈശോയുടെ സ്നേഹം നിറഞ്ഞ ദിവ്യഹൃദയമേ! മഞ്ഞുപോലെ തണുത്തുറച്ചിരിക്കുന്ന എന്‍റെ ആത്മാവിന്‍റെ ഭയങ്കരസ്ഥിതി കാണണമേ. ഇതിന്മേല്‍ അങ്ങ് ദയയായിരിക്കണമേ. എന്നിലുള്ള അന്ധകാരവും ഭക്തിശൂന്യതയും നീക്കി എന്നെ പ്രകാശിപ്പിക്കണമേ. എന്‍റെ ഹൃദയത്തില്‍ ദിവ്യസ്നേഹാഗ്നി കത്തിച്ചു വിശുദ്ധ സ്നേഹത്താല്‍ എന്നെ ജ്വലിപ്പിക്കണമേ.

പ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം

ഈശോയുടെ തിരുഹൃദയമേ! അങ്ങേ ദിവ്യസ്നേഹാഗ്നി എന്‍റെ ഹൃദയത്തിലും കത്തിക്കേണമ.

സല്‍ക്രിയ

ഭക്തിശൂന്യരായ ആത്മാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥിക്കുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m