ഒക്ടോബർ 5 – വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്ക

സ്വർഗ്ഗീയ കാരുണ്യത്തിൻറെ  അപ്പസ്തോല എന്നറിയപ്പെടുന്ന വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്ക 1905 ഓഗസ്റ്റ് 25 പോളണ്ടിലെ ലോഡ്സ് എന്ന സ്ഥലത്താണ് ജനിച്ചത്. ഹെൽന എന്നായിരുന്നു വിശുദ്ധയുടെ ജ്ഞാനസ്നാന നാമം. ബാല്യകാലത്തിൽ തന്നെ ദാരിദ്ര്യവും ക്ലേശങ്ങളും വിശുദ്ധ അനുഭവിച്ചിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ ദൈവത്തിൻറെ പാതയിൽ സഞ്ചരിക്കുന്നതിനു വേണ്ടി തീരുമാനിക്കുകയുണ്ടായി.കാരുണ്യപ്രവർത്തനങ്ങൾ വിശുദ്ധ ജീവിതചര്യ ആക്കിയിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം ദൈവത്തിൻറെ മാലാഖയായി പ്രവർത്തിക്കുന്നതിന് തന്റെ മാതാപിതാക്കളോട് വിശുദ്ധ അനുവാദം ചോദിക്കുകയുണ്ടായി. മാതാപിതാക്കൾ വിശുദ്ധിയുടെ തീരുമാനത്തെ നിരസിച്ചു.സന്യാസിനി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാൽ മഠത്തിലെ ഇണ സഹോദരി ആയിട്ടാണ് വിശുദ്ധയെ  സ്വീകരിച്ചത്.

1926 ഏപ്രിൽ 30ന് തിരുവസ്ത്രം സ്വീകരിച്ച് സിസ്റ്റർ മരിയ ഫൗസ്റ്റീന എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി. ദൈവത്തിൻറെ ദർശനങ്ങൾ വിശുദ്ധക്ക് ലഭിച്ചതായി പറയപ്പെടുന്നു.ദൈവ ദർശനങ്ങൾ വിശുദ്ധ ഡയറിയിൽ കുറിച്ചുവെച്ചിരുന്നു. ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാർത്ഥിക്കുവാനും കാരുണ്യത്തിൽ വിശ്വസിക്കുവാനും മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിനുമായി വിശുദ്ധ ശ്രമിച്ചു. ഈ ദർശനങ്ങൾ എല്ലാവരും ജീവിതത്തിൽ പകർത്തുന്നതിനും നിർദ്ദേശിക്കുകയുണ്ടായി. 1931ൽ വിശുദ്ധക്ക്  ഒരു ദൈവ ദർശനമുണ്ടായി വിശുദ്ധയുടെ മനസ്സിൽ കാണുന്ന രൂപം അനുസരിച്ച് ഒരു ചിത്രം വരയ്ക്കുന്നതിനായുള്ള ദർശനമായിരുന്നു അത്. ചിത്രത്തിൽ ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു എന്ന് രേഖപ്പെടുത്തുകയുണ്ടായി. ലോകത്തിൽ ഏറ്റവും കൂടുതൽ വണങ്ങപ്പെടുന്ന കരുണയുടെ ചിത്രമായി പിന്നീടത് അറിയപ്പെടാൻ തുടങ്ങി.

ജീവിതയാത്രയിൽ ശ്വസനസംബന്ധമായ പല ക്ലേശങ്ങളും വിശുദ്ധയെ അലട്ടിയിരുന്നു. ദൈവത്തിന്റെ ദൗത്യ വാഹകയായി വിശുദ്ധ തന്റെ ജീവിതം സമർപ്പിച്ചു.1938 ഒക്ടോബർ അഞ്ചിന് വിശുദ്ധ  ദൈവസന്നിധിയിലേക്ക് യാത്രയായി. 2000 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. കാരുണ്യത്തിന്റെ  മാതൃകയായ ആ വിശുദ്ധയെ ഇന്നും വിശ്വാസികൾ ഒക്ടോബർ അഞ്ചിന് ഓർമ്മത്തിരുന്നാളിൽ അനുസ്മരിക്കുന്നു