ക്രൈസ്തവരെ വർഗ്ഗീയവാദികളാക്കാൻ വെമ്പുന്നവർ

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ ഉപയോഗം നിരോധിക്കപ്പെട്ടിട്ടുള്ളത് യൂണിവേഴ്‌സിറ്റിയുടെ നിർദ്ദേശപ്രകാരമാണ്. ഈ കാലഘട്ടത്തിൽ മൊബൈൽ ഉപയോഗം വിദ്യാലയങ്ങളിൽ നിയന്ത്രിക്കാത്ത പക്ഷം എന്താണ് സംഭവിക്കുക എന്നുള്ളതിന് കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ല. മൊബൈൽ ഉപയോഗം, ലഹരി തുടങ്ങിയ വിഷയങ്ങളിൽ കോളേജ് മാനേജ്‌മെന്റുകൾ കർശന നിലപാടുകൾ സ്വീകരിക്കണം എന്നു തന്നെയാണ് കേരളത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ആവശ്യപ്പെടാറുള്ളത്. അത്തരത്തിൽ സ്വാഭാവികമായി സ്വീകരിച്ച ഒരു നടപടി ദൗർഭാഗ്യവശാൽ കുട്ടിയുടെ ആത്മഹത്യയിലേക്ക് നീളുകയാണ് ഉണ്ടായത്.

ആത്മഹത്യയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആരംഭഘട്ടത്തിൽ തന്നെ കോളേജ് അധികൃതർ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകുകയുണ്ടായിരുന്നു. ഒന്നോ രണ്ടോ ദിവസത്തേയ്ക്ക് മൊബൈൽഫോൺ പിടിച്ചുവച്ചു എന്നുള്ളതുകൊണ്ട് മാത്രം ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യില്ല എന്നുള്ളത് വ്യക്തമാണല്ലോ. അതിനാൽ തന്നെ മരണകാരണം എന്താണെന്ന് കണ്ടെത്തേണ്ടത് ആവശ്യമാണെന്നാണ് കോളേജ് അധികൃതരും കരുതിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വളരെ രൂക്ഷമായ വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചത്. പൊലീസിന് പറയാനുള്ളതെന്താണെന്ന് കേൾക്കാൻ പോലും തയ്യാറാകാതിരുന്ന ചില വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ അസാധാരണമായ രീതിയിലാണ് സമരത്തെ മുന്നോട്ടു കൊണ്ടുപോയത്. പുറത്തുനിന്നെത്തിയവരാണ് സമരത്തിന് നേതൃത്വം നൽകിയത് എന്നാണ് റിപ്പോർട്ടുകൾ.

വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണമായതെന്ന് കരുതാവുന്ന സംഭവങ്ങളെക്കുറിച്ച് എന്നതിനേക്കാൾ അധികമായി കോളേജിന് എതിരെയുള്ള മറ്റുള്ള ആരോപണങ്ങൾ പല കോണിൽനിന്നും പ്രവഹിച്ചതാണ് സമരത്തിനും സംഘർഷത്തിനും പിന്നിൽ ആരുടെയോ ആസൂത്രണം ഉണ്ടായിരിക്കാമെന്ന് പലരും കരുതാൻ കാരണമായത്. തുടർന്നുള്ള ദിവസങ്ങളിൽ സംഘർഷം ശക്തിപ്രാപിച്ചതോടെ ആ സംശയം ബലപ്പെടുകയും പലരും അത് പ്രകടിപ്പിക്കുകയും ചെയ്തു. പെൺകുട്ടി ജീവനൊടുക്കിയതിന് പിന്നിൽ ആരെങ്കിലും കാരണക്കാരുണ്ടെങ്കിൽ അത് കണ്ടെത്തപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യണം എന്നുള്ളതിൽ സംശയമില്ല. എന്നാൽ, പരോക്ഷമായെങ്കിലും ഏതോ ഒരു വ്യക്തി ഒരു പക്ഷെ കാരണക്കാരനായി ഉണ്ടായേക്കാമെന്ന സംശയം മാത്രം നിലനിൽക്കെ കോളേജിന് എതിരെ അതിരൂക്ഷമായ പ്രചരണങ്ങൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഉപയോഗിച്ച് ചിലർ അഴിച്ചുവിട്ടത് പല സംശയങ്ങൾക്കും വഴിയൊരുക്കി.

കോളേജ് വിദ്യാർത്ഥിനികൾക്ക് ഏത് വൈകിയ വേളയിലും സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിച്ചേരാനായി ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വാക്ക് വേയുടെ പേരിൽ പോലും കോളേജ് മാനേജ്‌മെന്റിനെ അന്ധമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കോളേജിന് എതിരെ സംസാരിക്കാനായി സിനിമ താരങ്ങളെ പോലും ആരോ രംഗത്തിറക്കി. കേരളത്തിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന അത്തരമൊരു കോളേജിനെതിരെ വ്യാപകമായ ദുഷ്പ്രചാരണങ്ങൾ നടന്നുതുടങ്ങിയതോടെയാണ് അതിനെതിരായി ചിലർ രംഗത്തിറങ്ങിയത്. എകെസിസി, കെസിവൈഎം തുടങ്ങിയ സംഘടനകൾ കോളേജിന് ഐകദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നു. അത്രയുമായപ്പോൾ കോളേജിനെതിരെ ഉന്നയിച്ചിരുന്ന ആരോപണങ്ങളെ ക്രൈസ്തവ സമുദായത്തിന് മുഴുവൻ എതിരെയുള്ള ആരോപണങ്ങളാക്കി ചിലർ മാറ്റിയെടുത്തതാണ് കേരളം കണ്ടത്. “കുറ്റക്കാരായ” മാനേജ്‌മെന്റിനെ സംരക്ഷിക്കാൻ ക്രൈസ്തവർ വർഗ്ഗീയത പറയുന്നു എന്നുള്ളതായിരുന്നു ആരോപണം. ഇത്തരത്തിൽ പ്രതികരണവുമായി രംഗത്തുവന്നവർക്കെതിരെയും അവരുടെ കുടുംബാംഗങ്ങൾക്കെതിരെയും വ്യാപകമായ സൈബർ ആക്രമണം നടന്നതും ഇക്കാലയളവിൽ ചർച്ചചെയ്തിരുന്നു.

മാനസികവും, കുടുംബപരവും, വ്യക്തിപരവും തുടങ്ങി പല കാരണങ്ങളാലും സ്‌കൂൾ കുട്ടികൾക്കിടയിൽ വരെ ആത്മഹത്യകൾ വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അത്തരം മരണങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ കരുതലുള്ളവരാകാനുള്ള ഉത്തരവാദിത്തം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുംബത്തിനും പുറമെ സമൂഹത്തിനും, ഭരണകൂടങ്ങൾക്കും ഉണ്ട്. ആത്മഹത്യകളുടെ ശരിയായ കാരണം കണ്ടെത്തി മുൻകരുതലുകൾ സ്വീകരിക്കുകയാണ് ആവശ്യം. ആത്മഹത്യകൾ സംഭവിച്ചാൽ ചില സാഹചര്യങ്ങളിൽ മുൻവിധികളോടെ സ്ഥാപനങ്ങളിൽ പഴിചാരി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും, മറ്റു ചില സംഭവങ്ങളിൽ പൂർണ്ണ നിശബ്ദത പാലിക്കുകയും വേറെ ചിലപ്പോൾ അന്വേഷണങ്ങളെ തന്നെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സംഘടനകളുടെ രീതി അപലപനീയമാണ്. സ്ഥാപനങ്ങളുടെ പേരും മാനേജ്‌മെന്റും മാറുമ്പോൾ അവയോടുള്ള സമീപനവും മാറുന്ന ശൈലി അപകടകരവും തിരുത്തപ്പെടേണ്ടതുമാണ്.

ചിലരുടെ ഗൂഢനീക്കങ്ങളും പല വിവാദങ്ങൾക്കും പിന്നിലുള്ള ആസൂത്രണങ്ങളും വ്യക്തമായി മനസിലായിത്തുടങ്ങിയതോടെയാണ് പ്രതികരിച്ചേ മതിയാവൂ എന്ന ചിന്തയിലേക്ക് പലരും എത്തിത്തുടങ്ങിയത്. സന്യസ്തർക്കെതിരെയുള്ള പ്രചാരണങ്ങളും അധിക്ഷേപങ്ങളും അസഹനീയമായ അവസ്ഥയിലേയ്ക്ക് എത്തിയപ്പോൾ ചില സന്യാസിനിമാർ തന്നെ മാധ്യമങ്ങളിലൂടെയും സോഷ്യൽമീഡിയയിലൂടെയും പ്രതികരിച്ചു തുടങ്ങിയത് ഒരു വിപ്ലവമായിരുന്നു. വിരലിലെണ്ണാവുന്ന ചിലർ സന്യാസം വിട്ട് പുറത്തിറങ്ങി നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ കെട്ടുകഥകളാണെന്ന് ഒട്ടേറെപ്പേർക്ക് വ്യക്തമാകാൻ അത്തരം പ്രതികരണങ്ങൾ വഴിയൊരുക്കി.

ചില മാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും വ്യക്തമായ ചില ഗൂഢലക്ഷ്യങ്ങളോടെ നടത്തിവന്ന നീക്കങ്ങളാണ് സമീപകാലങ്ങളിൽ കത്തോലിക്കാ സഭയുടെയും സഭാനേതൃത്വത്തിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങൽ ഏൽപ്പിച്ചത് എന്നുള്ളത് വ്യക്തമാണ്. സാമൂഹിക ഇടപെടലുകളും വിദ്യാഭ്യാസ -ആതുരശുശ്രൂഷാ മേഖലയിലെ പ്രവർത്തനങ്ങളും കൊണ്ടും പാരമ്പര്യംകൊണ്ടും ഈ സമൂഹത്തിൽ സഭയ്ക്കുള്ള സ്വാധീനത്തെ തകർക്കാൻ തന്നെയാണ് ചിലർ ശ്രമിച്ചുപോന്നിട്ടുള്ളത്. ഒരേകള്ളത്തെ ആയിരം തവണ ആവർത്തിച്ച് സത്യമാക്കി മാറ്റുന്ന പഴയ തന്ത്രമാണ് ഇവിടെ വീണ്ടുവീണ്ടും ചിലർ വിജയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഭാനേതൃത്വം മുന്നോട്ടുവയ്ക്കുന്ന ഗുരുതരമായ ആശങ്കകളെ പോലും തമസ്കരിച്ചുകൊണ്ടും വാക്കുകൾക്കും ആശയങ്ങൾക്കും വിപരീതമായ ആഖ്യാനങ്ങൾ നൽകിക്കൊണ്ടും ക്രൈസ്തവ സമൂഹത്തിന് എതിരെ നീങ്ങുന്ന മാഫിയകൾ നമുക്കിടയിലുണ്ട്. അവർ ഒരു വലിയ വിഭാഗം മാധ്യമങ്ങളെയും സോഷ്യൽമീഡിയയെയും ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളെയും വരുതിയിലാക്കിയിരിക്കുന്നു.

യുവജനങ്ങളെ സ്വാധീന വലയത്തിൽ അകപ്പെടുത്തി മയക്കുമരുന്നിനും ചില പ്രത്യയ ശാസ്ത്രങ്ങൾക്കും അടിമകളാക്കുകയും, വഴിതെറ്റിക്കുകയും കെണികളിൽ അകപ്പെടുത്തുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ചാണ് കഴിഞ്ഞ കുറേക്കാലമായി പിതാക്കന്മാരും സമുദായ നേതാക്കളും സഭാമക്കളെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങൾ വഴിയായും അത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നുള്ളതിൽ ചിന്താശേഷിയുള്ള ആർക്കും സംശയമുണ്ടായിരിക്കാനിടയില്ല. എങ്കിലും അത്തരം അപകടങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയും മുന്നറിയിപ്പ് നൽകുകയും മുൻകരുതൽ സ്വീകരിക്കുകയും ചെയ്യുന്നവർ കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്ന അവസരങ്ങൾ നിരന്തരം ആവർത്തിക്കുകയാണ്.

സത്യം ഉറക്കെ പറയുന്നവർ കല്ലേറ് കൊള്ളും എന്നുള്ളത് തീർച്ചയാണ്. അത് മനസിലാക്കിക്കൊണ്ടുതന്നെയാണ് ക്രൈസ്തവ സമൂഹത്തിനും കേരളത്തിലെ മതേതര സമൂഹത്തിനും എതിരെ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സന്യസ്തരും വൈദികരും യുവജനങ്ങളും ഉൾപ്പെടെ ചിലർ മുന്നോട്ടുവന്നിരിക്കുന്നത്. കൂക്കുവിളികളും പരിഹാസവും അക്രമണങ്ങളുംകൊണ്ട് അത്തരക്കാരെ നിശ്ശബ്ദരാക്കാൻ കഴിയുമെന്ന് ഇപ്പോഴും ചിലർ കരുതുന്നു. എന്നാൽ, അത് ഉണ്ടാവില്ല എന്ന് തീർച്ച. മാത്രമല്ല, കൂടുതൽ ഉച്ചത്തിൽ സത്യങ്ങൾ നിർഭയം വിളിച്ചുപറയാൻ ഇനിയുമേറെപ്പേർ മുന്നോട്ടുവരിക തന്നെ ചെയ്യും. ഈ നാടിന്റെയും വളർന്നുവരുന്ന യുവജനങ്ങളുടെയും നന്മയ്ക്കും ഭാവിക്കും അതാവശ്യമാണ്.

കടപ്പാട് :ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group