കീടനാശിനികളിൽ നിന്ന് കർഷകർകരെ രക്ഷിക്കാൻ പ്രത്യേക തുണി വികസിപ്പിച്ച് ശാസ്ത്രസംഘം

മലപ്പുറം: കീടനാശിനികളിലെ വിഷബാധയേറ്റ് ആരോഗ്യം നഷ്ടമാകുന്ന കർഷകരുടെ രക്ഷയ്ക്കായി രാസപരിചരണം നടത്തിയ പ്രത്യേക തുണി വികസിപ്പിച്ച്‌ മലയാളികള്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘം.

ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെംസെല്‍ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിൻ (ഐബ്രിക് ഇൻസ്റ്റെം) ബയോടെക്നോളജി വിഭാഗത്തിലെ ഗവേഷകരാണ് ‘കിസാൻ കവച്’ എന്നു പേരിട്ട കണ്ടുപിടിത്തത്തിനു പിന്നില്‍. ഈ തുണി ധരിച്ചാല്‍ കീടനാശിനികളെ ശരീരത്തില്‍ പ്രവേശിക്കുന്നതിനുമുൻപ് നിർവീര്യമാക്കാം.

ഐബ്രിക് ഇൻസ്റ്റെമിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പ്രവീണ്‍കുമാർ വെമുലയാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ച ഗവേഷണസംഘത്തിന്റെ തലവൻ. മലയാളികളായ മഹേന്ദ്ര കെ. മോഹൻ (തൃശ്ശൂർ), തേജ പി.പി. (കണ്ണൂർ), ഹാദി മുഹമ്മദ് (കോഴിക്കോട്) എന്നിവരും സംഘത്തിലുണ്ട്.

കീടനാശിനികള്‍ കാരണം കർഷകർ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഛർദ്ദി, ശ്വാസതടസ്സം, വിറയല്‍, കാഴ്ചക്കുറവ്, പേശീവേദന, ബലഹീനത എന്നിവ ഇവർക്കിടയില്‍ വ്യാപകമാണ്. വായും മൂക്കും മറച്ചാലും ചർമത്തിലൂടെയും മറ്റും രാസവസ്തുക്കള്‍ ശരീരത്തില്‍ കടക്കും. ഈ പ്രതിസന്ധിയില്‍നിന്ന് കർഷകരെ രക്ഷിക്കാനാണ് തുണി വികസിപ്പിച്ചത്.

കഴുകി വീണ്ടും ഉപയോഗിക്കാവുന്ന തുണിയാണ് ‘കിസാൻ കവച്’. കുറഞ്ഞത് ഒരുവർഷമെങ്കിലും ഉപയോഗിക്കാനാകും. നിലവില്‍ സമാനമായ മറ്റൊരു സാങ്കേതികവിദ്യയുമില്ലെന്ന് ഇവർ പറയുന്നു. ‘നേച്ചർ കമ്യൂണിക്കേഷൻസ് ജേണലി’ല്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ വസ്ത്രംപോലെ ഉപയോഗിക്കാവുന്ന കിസാൻ കവച് അതേ ചെലവില്‍ കർഷകർക്കു ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗവേഷണത്തില്‍ സഹകരിച്ച സെപിയോ ഹെല്‍ത്ത് ഡയറക്ടർ ഡോ. ഓംപ്രകാശ് സുന്നപ്പു പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group