പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ

ന്യൂ ഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്റ്റിലും മറ്റു ചില അനുബന്ധ നിയമങ്ങളിലും മാറ്റം വരുത്തും.

പൊതുമേഖലാ ബാങ്കുകളിലെ സർക്കാറിന്‍റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിന്നും താഴെയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുമേഖലാ ബാങ്കുകളിലെ ഓഹരി വില്‍പനയിലൂടെ അധിക തുക സ്വരൂപിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

ബാങ്കിങ് റെഗുലേഷൻ ആക്റ്റിനു പുറമേ 1970, 1980 വർഷങ്ങളിലെ ബാങ്കിങ് കമ്ബനീസ് ആക്റ്റിലും സർക്കാർ ഭേദഗതി വരുത്തും. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന് ഇത് അനിവാര്യമാണ്. 2021ല്‍ ധനമന്ത്രി നിർമല സീതാരാമൻ ഈ നിയമങ്ങളില്‍ ഭേദഗതി നിർദേശിച്ചിരുന്നു. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു ശുപാർശ. 2021ലെ കേന്ദ്ര ബജറ്റിലും ബാങ്കുകളുടെ സ്വകാര്യവത്കരണം നയമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് നിയമങ്ങളുടെ ഭേദഗതി നടന്നിരുന്നില്ല.

2020 ഏപ്രിലില്‍ 10 പൊതുമേഖല ബാങ്കുകള്‍ കേന്ദ്ര സർക്കാർ നാലാക്കി ചുരുക്കിയിരുന്നു. 2017ല്‍ 27 ബാങ്കുകള്‍ 12 ആക്കി മാറ്റുകയും ചെയ്തു. ലയനത്തിലൂടെയും മറ്റുമാണ് ബാങ്കുകളുടെ എണ്ണം കുറച്ചത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിച്ച്‌ പുതിയ സ്ഥാപനം നിലവില്‍ വരികയും അത് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാവുകയും ചെയ്തിരുന്നു.

സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില്‍ ലയിച്ചപ്പോള്‍ അലഹബാദ് ബാങ്ക് ഇൻഡ്യൻ ബാങ്കിലാണ് ലയിച്ചത്. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കില്‍ ലയിക്കുകയും ചെയ്തു.

2019ല്‍ ബാങ്ക് ഓഫ് ബറോഡയും ദേന ബാങ്കും വിജയ ബാങ്കില്‍ ലയിച്ചു. 2017 ഏപ്രിലില്‍ എസ്ബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അതിന്‍റെ 5 അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചിരുന്നു.

ഈ മാസം 23നാണ് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്. അതില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നേക്കുമെന്നാണു സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group