ഫ്രാന്‍സിസ് പാപ്പയുടെ ലക്സംബർഗ്, ബൽജിയം സന്ദർശന അജണ്ട വത്തിക്കാന്‍ പരസ്യപ്പെടുത്തി. സെപ്റ്റംബർ 26-ന് വ്യാഴാഴ്ച രാവിലെ പാപ്പാ വത്തിക്കാനിൽ നിന്ന് റോമിലെ അന്താരാഷ്ട്ര വിമാനത്താവളമായ, ഫ്യുമിച്ചീനോയിൽ സ്ഥിതി ചെയ്യുന്ന ലെയണാർദോ ദവിഞ്ചിയിലേക്കു പോകുകും. അവിടെ നിന്ന് രാവിലെ പ്രാദേശിക സമയം 8.05-ന് ലക്സംബർഗിലേക്ക് വിമാന മാർഗ്ഗം പുറപ്പെടും. പ്രാദേശിക സമയം രാവിലെ 10 മണിക്ക് വിമാനത്താവളത്തിൽ എത്തുന്ന പാപ്പ അവിടെ നടക്കുന്ന സ്വീകരണച്ചടങ്ങിനു ശഷം ലക്സംബർഗിൻറെ ഗ്രാൻറ് ഡ്യുക്ക് ഹെൻട്രിയുമായി കൊട്ടാരത്തിൽവച്ച് സൗഹൃദ കൂടിക്കാഴ്ച നടത്തും.
ഇതിന് ശേഷം പാപ്പ പ്രധാനമന്ത്രി ലൂക് ഫ്രീഡനുമായി കൂടിക്കാഴ്ച നടത്തും. പാപ്പ ഭരണാധികാരികളെയും പൗരാധികാരികളെയും നയതന്ത്രപ്രതിനിധികളെയും ഒരുമിച്ച് സംബോധന ചെയ്യും. അന്നു വൈകുന്നേരം പ്രാദേശിക സമയം 4.30-ന് പാപ്പാ നോട്രഡാം കത്തീഡ്രലിൽ വച്ച് അന്നാട്ടിലെ കത്തോലിക്ക സമൂഹവുമായി കൂടിക്കാഴ്ച നടത്തും. ഇതോടെ പാപ്പയുടെ ലക്സംബർഗ് സന്ദർശനത്തിന് തിരശ്ശീല വീഴും. തുടർന്ന് പാപ്പാ, 6.15-ന് തന്റെ ഈ അപ്പസ്തോലിക യാത്രയുടെ രണ്ടാം ഘട്ടമായ ബൽജിയത്തിലേക്ക് യാത്രയാകും. ബെല്‍ജിയത്തിൽ പാപ്പയുടെ പരിപാടികളുടെ വേദികൾ തലസ്ഥാന നഗരമായ ബ്രസ്സൽസും, ബ്രസൽസ്സിൽ നിന്ന് 30 കിലോമീറ്റർ തെക്കു കിഴക്കു മാറി സ്ഥിതി ചെയ്യുന്ന ലുവാൻ ല ന്വേവും ആയിരിക്കും.
സെപ്റ്റംബർ 26-ന് വ്യാഴാഴ്‌ച ബ്രസ്സൽസ്സിൽ എത്തുന്ന പാപ്പയ്ക്ക് വിമാനത്താവളത്തിലെ സ്വീകരണമൊഴികെ അന്നവിടെ മറ്റു പരിപാടികളൊന്നുമില്ല. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ച പാപ്പാ ലെയ്ക്കെൻ കൊട്ടാരത്തിൽ വച്ച് ബെൽജിയത്തിൻറെ രാജാവ് ഫിലിപ്പുമായും പ്രധാനന്ത്രി അലസ്കാണ്ഡർ ദെ ക്രൂവുമായി സംഭാഷണത്തിലേർപ്പെടും. ഭരണാധികാരികളെയും പൗരാധികാരികളെയും ഒരുമിച്ച് പാപ്പ സംബോധന ചെയ്യും. സർവ്വകലാശാലാ അധ്യാപകരുമായുള്ള കൂടിക്കാഴ്ചയും സന്ദർശന അജണ്ടയിലുണ്ട്.
ഇരുപത്തിയെട്ടാം തീയതി മെത്രാന്മാർ, വൈദികർ, ഡീക്കന്‍മാര്‍, സമർപ്പിതർ, സമർപ്പിതര്‍, വൈദികാർത്ഥികൾ, അജപാലന പ്രവർത്തകർ എന്നിവരുമായി കൂക്ക്ൾബർഗിലെ തിരുഹൃദയ ബസിലിക്കയിൽവച്ചുള്ള കൂടിക്കാഴ്ച, ലുവാനിലെ കത്തോലിക്ക സർവ്വകലാശാലയിൽ വച്ച് കലാലയവിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ച, ജെസ്യൂട്ട് സമൂഹാംഗങ്ങളുമായുള്ള സ്വകാര്യകൂടിക്കാഴ്ച എന്നിവ നടക്കും. ബെൽജിയം സന്ദർശനത്തിൻറെ സമാപന ദിനമായ സെപ്റ്റംബർ ഇരുപത്തിയൊമ്പതാം തീയതി ബ്രസ്സൽസിലെ “റെ ബോദുവാൻ” സ്റ്റേഡിയത്തിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണം നടക്കുന്നതോടെ പരിപാടികള്‍ക്ക് സമാപനമാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group