ശുഭാൻഷു ശുക്ലയും മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായരും ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ

ന്യൂഡല്‍ഹി: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച്‌ ഇസ്രോ.

അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ദൗത്യമായ Axiom-4ന് വേണ്ടിയാണ് ശുഭാൻഷു ശുക്ലയെ ഇസ്രോ നിശ്ചയിച്ചത്. യുഎസ്‌എയുടെ Axiom Space Inc-മായി ഒപ്പുവച്ച കരാറിന്റെ ഭാഗമായിട്ടാണിത്.

ബഹിരാകാശ യാത്രയ്‌ക്കായി ഐഎസ്‌ആർഒയുടെ ഹ്യുമണ്‍ സ്പേസ് ഫ്ലൈറ്റ് സെന്ററുമായാണ് അമേരിക്കൻ കമ്ബനി ഒപ്പുവച്ചിരിക്കുന്നത്. ദൗത്യത്തിനായി തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ല പ്രൈം പൈലറ്റാണ്. ബാക്കപ്പ് മിഷൻ പൈലറ്റായി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ഇസ്രോ തിരഞ്ഞെടുത്തിരിക്കുന്നത്. ദൗത്യത്തില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനം ഓഗസ്റ്റ് ആദ്യവാരത്തില്‍ തന്നെ ആരംഭിക്കുമെന്ന് ഇസ്രോ അറിയിച്ചു. മള്‍ട്ടിലാറ്ററല്‍ ക്രൂ ഓപ്പറേഷൻ പാനലിന്റെ (MCOP) അംഗീകാരം ലഭിച്ചതോടെയാണ് ഇരു ക്യാപ്റ്റൻമാർക്കും ബഹിരാകാശ യാത്രയ്‌ക്കുള്ള അനുമതി ലഭിച്ചത്.

നാസയും സ്പേസ്-എക്സുമായി കൈകോർത്ത് Axiom Space നടത്തുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രാ ദൗത്യമാണ് Ax-4 എന്നറിയപ്പെടുന്ന Axiom-4. ദൗത്യത്തില്‍ പങ്കെടുക്കുമ്ബോള്‍ ഇന്ത്യൻ പൈലറ്റുമാർക്ക് ലഭിക്കുന്ന അനുഭവസമ്ബത്ത്, മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുകയെന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന് മുതല്‍ക്കൂട്ടാകും. ഗഗൻയാൻ ദൗത്യത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ഹ്യുമൻ സ്പേസ് പ്രോഗ്രാമിന് ഇസ്രോയും നാസയും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും Axiom-4 ദൗത്യം സഹായിക്കുമെന്നും ഐഎസ്‌ആർഒ അറിയിച്ചു.

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്ത നാല് വ്യോമസേന പൈലറ്റുമാരില്‍ രണ്ട് പേരാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകാനുള്ള ഇന്തോ-യുഎസ് ദൗത്യത്തിനായി ഇസ്രോ തിരഞ്ഞെടുത്ത ശുഭാൻഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്ണൻ നായരും. യുപി സ്വദേശിയായ ശുക്ല 2006ലായിരുന്നു വ്യോമസേനയുടെ ഫൈറ്റർ സ്ട്രീമില്‍ കമ്മീഷൻ ചെയ്യപ്പെട്ടത്. 2,000 മണിക്കൂർ ഫ്ലൈയിംഗ് എക്സ്പീരിയൻസാണ് ശുക്ലയ്‌ക്കുള്ളത്. Su-30 MKI, MiG-21, MiG-29, Jaguar, Hawk, Dornier, An-32 തുടങ്ങി നിരവധി യുദ്ധവിമാനങ്ങള്‍ പറത്തിയ അനുഭവസമ്ബത്ത് ശുക്ലയ്‌ക്കുണ്ട്. മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ 1998ലാണ് വ്യോമസേനയില്‍ സേവനമാരംഭിച്ചത്. 3,000 മണിക്കൂർ ഫ്ലൈയിംഗ് എക്സ്പീരിയൻസ് പ്രശാന്തിനുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m