സി.ബി.ഐയുടെ പേരിലും ഓൺലൈൻ തട്ടിപ്പുകൾ

ഇരിട്ടി: സി.ബി.ഐ പൊലീസ് ഓഫിസർ ചമഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും വ്യാപകമാവുന്നു.

കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനും ഇരിട്ടിയിലെ നൃത്ത സംഗീത വിദ്യാലയമായ ചിദംബരം കലാസമിതിയുടമയുമായ കെ.എം കൃഷ്ണനെ തേടിയാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോണ്‍കോള്‍ വന്നത്.

ചെന്നൈയില്‍ നിന്ന് സി.ബി.ഐ ഓഫിസറാണെന്ന് ഹിന്ദിയില്‍ സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ പിന്നീട് ഇംഗ്ലീഷിലായി സംസാരം. ചെന്നൈയിലെ കോളജില്‍ പഠിക്കുന്ന കൃഷ്ണന്‍റെ മകളെ സി.ബി.ഐ അറസ്റ്റ് ചെയ്തതായും ഉടൻ ചെന്നൈയിലെത്താനുമാണ് ഉദ്യോഗസ്ഥർ ആദ്യം ആവശ്യപ്പെട്ടത്. തുടരെ തുടരെയുള്ള ഫോണ്‍ കോളുകളില്‍ ഒരു കോളില്‍ തന്‍റെ മകളുടെ പേരും കൂട്ടുകാരുടെ പേരും മേല്‍വിലാസവും കൃഷ്ണന്‍റെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പറഞ്ഞതോടെ അധ്യാപകൻ കൂടിയായ കൃഷ്ണൻ വിശ്വസിക്കുകയായിരുന്നു. കൃഷ്ണന്‍റെ മകളുടെ കൂട്ടുകാരി മയക്കുമരുന്നിന് അടിമയാണെന്നും ആത്മഹത്യ ശ്രമിച്ചതായും ഈ സംഭവത്തില്‍ താങ്കളുടെ മകളും ഉള്‍പ്പെടുന്നതായും ഫോണ്‍ചെയ്തയാള്‍ പറഞ്ഞു. കാള്‍ റെക്കോർഡ് ചെയ്യാതിരിക്കാൻ വാട്സ് ആപ് കോള്‍ആയിട്ടായിരുന്നു വിളിച്ചത്. കേസില്‍ ഒത്തുത്തീർപ്പുണ്ടാക്കി ഒതുക്കിത്തീർക്കാനും ശ്രമിച്ചു. മറുതലക്കല്‍ ഒരു പെണ്‍കുട്ടിയുടെ അലറികരച്ചിലും കേട്ടിരുന്നു.

കേസ് ഒതുക്കി തീർക്കാൻ 2500 വെച്ച്‌ 10 ഉദ്യോഗസ്ഥർക്ക് 25000 രൂപയാണ് സി.ബി.ഐ സംഘം ആവശ്യപ്പെട്ടത്. ഫോണ്‍ കട്ട് ചെയ്ത് മകളെ വിളിച്ചതോടെയാണ് തട്ടിപ്പിന്‍റെ വിവരം തിരിച്ചറിഞ്ഞത്. ഉടൻ ഇരിട്ടി പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണന് പരാതി നല്‍കി. കാക്കയങ്ങാടുള്ള ദമ്ബതികളെ പൊലീസ് വേഷത്തില്‍ വിഡിയോ കോള്‍ വിളിച്ച്‌ മകളെ അറസ്റ്റ് ചെയ്തതായും അടിയന്തിരമായി പണം നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കി തരാമെന്നും വാഗ്ദാനം ചെയ്തിരുന്നു എന്നാല്‍, ഇവർക്ക് പെണ്‍മക്കള്‍ ഇല്ലാത്തതിനാല്‍ തട്ടിപ്പ് പരാജയപ്പെടുകയായിരുന്നു. സമാന രീതിയില്‍ അനുഭവങ്ങള്‍ മലയോരത്ത് പലർക്കും ഉണ്ടായതായാണ് സൂചന.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m