വെര്‍ച്വല്‍ അറസ്റ്റ്: കൊച്ചി സ്വദേശിയുടെ 30 ലക്ഷം തട്ടിയ പ്രതി പിടിയില്‍; പ്രിൻസ് പലരില്‍ നിന്നായി തട്ടിയത് നാലര കോടി

കൊച്ചി: വെർച്വല്‍ അറസ്റ്റെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. ദില്ലി സ്വദേശി പ്രിൻസിനെയാണ് കൊച്ചി സെൻട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സ്വദേശിയുടെ പരാതിയിലെടുത്ത കേസിലാണ് നടപടി.

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് വീഡിയോ കോളില്‍ വന്നത്. അക്കൌണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്. കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെർച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിൻസ് തട്ടിയെടുത്തത്. പിന്നാലെ കൊച്ചി സ്വദേശി പരാതി നല്‍കുകയായിരുന്നു. പ്രിൻസ് സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി പൊലീസ് പറഞ്ഞു. നാലര കോടിയോളം രൂപ പ്രതിയുടെ അക്കൌണ്ടിലുണ്ടായിരുന്നു. മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

സംഗീത സംവിധായകൻ ജെറി അമല്‍ ദേവ് രക്ഷപ്പെട്ടത് സമാന തട്ടിപ്പില്‍ നിന്നാണ്. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം സമീപിച്ചതെന്ന് ജെറി അമല്‍ ദേവ് പറഞ്ഞു. 1,70,000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് അയക്കാനും ആവശ്യപ്പെട്ടു.

മുംബൈയിലെ ധാരാവിയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. സിബിഐ സംഘമാണെന്ന തരത്തില്‍ തന്നെയാണ് അവര്‍ സംസാരിച്ചത്. ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു സംസാരം. പണം പിൻവലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും ഇതോടെ പണം നല്‍കിയില്ലെന്നും ജെറി പറഞ്ഞു. തലനാരിഴ്ക്കാണ് ജെറിക്ക് പണം നഷ്ടമാകാതിരുന്നത്. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്ഥിരം സൈബര്‍ തട്ടിപ്പുകാരുടെ രീതി തന്നെയാണ് ഇവിടെയും തുടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ച്‌ ഭയപ്പെടുത്തി ആളുകളില്‍ നിന്നും പണം തട്ടുന്ന സംഘമാണിതെന്നും ഇത്തരം കോളുകള്‍ വന്നാല്‍ ഒരുതരത്തിലും തട്ടിപ്പിന് നിന്നുകൊടുക്കരുതെന്നുമാണ് പൊലീസ് അറിയിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച്‌ ഇത്തരം സംഘങ്ങള്‍ സജീവമാണെന്നും പൊലീസ് പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group