അസ്തിത്വത്തിന്‍റെ പുസ്തകത്തിലെ ശൂന്യമായ താളുകള്‍

പിതാവായ ദാവീദും പുത്രനായ ശലോമോനും തങ്ങളുടെ കാവ്യങ്ങളിൽ ലബനോനിലെ ദേവദാരുക്കളെ പ്രകീർത്തിച്ചിട്ടുണ്ട്. തഴച്ചുവളരുന്ന നീതിയുടെ പ്രതീകമായി സങ്കീർത്തനങ്ങളിലും ഉത്കൃഷ്ടമായ പുരുഷസൗന്ദര്യത്തിന്‍റെ പ്രതീകമായി ഉത്തമഗീതത്തിലും ലബനോനിലെ ദേവദാരുക്കളുണ്ട്. അതിനാൽ ലബനോനെക്കുറിച്ചു കേള്‍ക്കുമ്പോഴെല്ലാം അവിടുത്തെ ദേവദാരുക്കളും നമ്മുടെ ഓര്‍മ്മയിലെത്തും.

ഉത്തമഗീതത്തിലെ കാമുകന്‍, ജെറുസലേമിലെ മൂറിന്‍ മലയിലും കുന്തിരിക്ക കുന്നിലും വെയിലാറി നിഴല്‍ കാണാതെയാകുവോളം തന്‍റെ കാമുകിയെ കാത്തിരിക്കുന്നു. ലബനോന്‍റെ വശ്യസൗന്ദര്യത്തില്‍ മതിമറന്നുനില്‍ക്കുന്ന കാമുകിയെ അവന്‍ വിളിക്കുന്നു.
“കാന്തേ, ലബനോനെ വിട്ടു പോരുക” ലബനോനിലെ ജടാമഞ്ചിയും കുങ്കുമവും വയമ്പും ഇലംഗവും കുന്തിരുക്കവും മീറയും കറ്റാര്‍വാഴയും ചേര്‍ന്നുള്ള സഗുന്ധക്കാറ്റിൽ അവളുടെ വസ്ത്രത്തിന്‍റെ വാസന അവന് അനുഭവപ്പെടുന്നു. ലബനോൻ സുഗന്ധങ്ങളുടെയും നാടാണെന്ന് അവനറിയാം!

മലനിരകളില്‍ പെയ്തിറങ്ങുന്ന തുഷാരമാണ് “വെളുപ്പ്” എന്ന അര്‍ത്ഥത്തില്‍ ഈ ദേശത്തിന് ലബനോന്‍ എന്ന പേരുനല്‍കിയത്. പ്രണയത്തിന് പശ്ചാത്തലമൊരുക്കുന്നതില്‍ ലബനോന്‍ മലനിരകൾ പ്രസിദ്ധങ്ങളായിരുന്നു. ബെയ്റൂട്ടിനെ പ്രണയപുഷ്പങ്ങളുടെ താഴ്വരയായി വരച്ചുകാട്ടിയത് ഖലീല്‍ ജിബ്രാനാണ്. തന്‍റെ യൗവ്വനത്തിലെ പ്രണയ പുഷ്പത്തെ “ഒടിഞ്ഞ ചിറുകുകള്‍” എന്ന നോവലിലെ സല്‍മാ കറാമിയായി ജിബ്രാന്‍ ചിത്രീകരിക്കുന്നു. “ഓരോ യുവാവിന്‍റെ ജീവിതത്തിലും ഓരോ സല്‍മയുണ്ട്” ഈ നോവലില്‍ ജിബ്രാന്‍ തന്‍റെ തൂലികയിൽ സൽമയ്ക്കൊപ്പം ബെയ്റൂട്ടിനെയും അണിയിച്ചൊരുക്കുന്നു. ജിബ്രാന് വാസ്തവത്തിൽ രണ്ടു കാമുകിമാരുണ്ടായിരുന്നു – സൽമയും ബെയ്റൂട്ടും!

“ആ അത്ഭുതകരമായ വര്‍ഷത്തിലെ വസന്തത്തില്‍ ഞാന്‍ ബെയ്റൂട്ടിലായിരുന്നു. ഉദ്യാനങ്ങള്‍ നിറയെ നീസാന്‍ പുഷ്പങ്ങളായിരുന്നു. പച്ചപ്പുല്ലുകൊണ്ട് ഭൂമി പരവതാനി വിരിച്ചിരുന്നു. എല്ലാം സ്വര്‍ഗ്ഗത്തിന്‍റെ മുന്നില്‍ തുറന്നുകാട്ടിയ ഭൂമിയുടെ രഹസ്യംപോലെയായിരുന്നു. കവികളെ പ്രചോദിപ്പിക്കാനും ഭാവനയെ ഉത്തേജിപ്പിക്കാനും വേണ്ടി പ്രകൃതിയാല്‍ നിയോഗിക്കപ്പെട്ട ഹൂറികളെയും മണവാട്ടികളെയും പോലെയുള്ള ഓറഞ്ചുമരങ്ങളും ആപ്പിള്‍മരങ്ങളും സുഗന്ധപുഷ്പങ്ങളുടെ ശുഭ്രവസ്ത്രങ്ങളണിഞ്ഞിരുന്നു”

“വസന്തം എല്ലായിടത്തും ചോതോഹരമാണ്. ലബനോനിലാകട്ടെ അത് ഏറ്റവും മനോഹരവും. അത് ഭൂമിയെച്ചുറ്റിത്തിരിയുന്ന ഒരാത്മാവാണ്. എന്നാല്‍ അത് ലബനോനിന്‍റെ മുകളില്‍ പറന്നുനില്‍ക്കുന്നു. രാജാക്കന്മാരോടും പ്രവാചകന്മാരോടും സംസാരിക്കുന്നു. നദികളോടൊപ്പം സോളമന്‍റെ ഗീതങ്ങളാലപിക്കുന്നു. ലബനോനിലെ വിശുദ്ധ ദേവദാരുക്കളോടൊപ്പം പുരാതനമഹത്വത്തിന്‍റെ ഓര്‍മ്മയെ ആവര്‍ത്തിക്കുകയും ചെയ്യുന്നു. മഞ്ഞുകാലത്തെ ചെളിയില്‍നിന്നും വേനല്‍ക്കാലത്തെ പൊടിയില്‍നിന്നും വിമുക്തമായ ബെയ്റൂട്ട്, വസന്തത്തില്‍ ഒരു വധുവിനെപ്പോലെ അല്ലെങ്കില്‍ ഒരു അരുവിയുടെ തീരത്തിരുന്നു സൂര്യകിരണങ്ങളില്‍ തന്‍റെ മിനുത്ത മേനിയുണക്കുന്ന ജലകന്യകയപ്പോലെ…” ബെയ്റൂട്ടിൻ്റെ സൗന്ദര്യം ജിബ്രാൻ്റെ സിരകളെ എന്നും ത്രസിപ്പിച്ചിരുന്നു.

ജിബ്രാന്‍റെ അന്തരാത്മാവില്‍ നിറഞ്ഞുനിന്നതു മുഴുവന്‍ ക്രിസ്തു ആയിരുന്നു. ജിബ്രാന്‍റെ ഹൃദയത്തോട് ഏറ്റവുമടുത്ത് നില്‍ക്കുന്ന കൃതിയെന്നു വിശേഷിപ്പിക്കപ്പെടുന്നത് “മനുഷ്യപുത്രനായ യേശു ” എന്ന ഗ്രന്ഥമാണ്. വിശുദ്ധ സുവിശേഷങ്ങളിലെ എഴുപത്തിയെട്ടോളം വിവിധ കഥാപാത്രങ്ങളുടെ കണ്ണുകളിലൂടെ ജിബ്രാന്‍ യേശുവിന്‍റെ ചിത്രം വരയ്ക്കുന്ന മഹത്തായ കൃതിയാണിത്. ജിബ്രാന്‍റെ കൃതികളിലെ മാസ്റ്റര്‍പീസായി അറിയപ്പെടുന്ന “പ്രവാചകനെ” അതിശയിപ്പിക്കുന്ന ആവിഷ്കാരമാണ് “മനുഷ്യപുത്രനായ ക്രിസ്തു” എന്നാണ് ഈ ഗ്രന്ഥത്തെ വിശേഷിപ്പിക്കുന്നത്. സെബദി പുത്രനായ ജയിംസും മറിയത്തിന്‍റെ അമ്മയായ അന്നയും മഗ്ദലനക്കാരി മേരിയും കാനായിലെ കല്യാണപ്പന്തലില്‍ വിവാഹിതയായ പെണ്‍കുട്ടിയുമെല്ലാം യേശുവിന്‍റെ സാമിപ്യത്തില്‍ തങ്ങള്‍ക്കുണ്ടായ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ഈ കൃതിയുടെ ഉള്ളടക്കം.

ലബനോനെക്കുറിച്ചു കേള്‍ക്കുമ്പോഴെല്ലാം ശലോമോനും ഖലീല്‍ ജിബ്രാനും അവിടുത്തെ ദേവദാരുക്കളും ഓര്‍മ്മയിലെത്തുന്നു. മനസ്സിനെ കുളിരണിയിക്കുന്ന എത്രയോ കാവ്യാനുഭവങ്ങളാണ് ഈ ദേശവും ഈ പശ്ചാത്തലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ദേവദാരുക്കളും നമുക്കു പകര്‍ന്നുതരുന്നത്.

ഖലീല്‍ ജിബ്രാന്‍ ക്രൈസ്തവനായിരുന്നു. ആദിമസഭയുടെ കാലം മുതലേ ലബനോനില്‍ ക്രൈസ്തവസഭ പ്രബലമായിരുന്നു. കത്തോലിക്കാ സഭയുടെ ഭാഗമായ മാരോണൈറ്റ് ക്രൈസ്തവരായിരുന്നു അവിടെയുണ്ടായിരുന്നത്. ജിബ്രാന്‍റെ മാതാവ് കമീല മാരോണൈറ്റ് സഭയിലെ ഒരു വൈദികന്‍റെ മകളായിരുന്നു. കേരളത്തിൽ മാർത്തോമാ ക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നതു പോലെ ലബനോനെ സുവിശേഷത്താൽ നിറച്ചത് വിശുദ്ധ മരോൺ എന്ന ക്രിസ്ത്യൻ താപസനായിരുന്നു. അദ്ദേഹത്തിൻ്റെ പേരിൽ അവർ മാരോണൈറ്റ് ക്രിസ്ത്യൻസ് എന്നറിയപ്പെടുന്നു. ലബനോൻ മലമ്പ്രദേശങ്ങളിൽ അവരാണ് അധികവും. ദേവദാരുക്കളുടെയും പൈൻമരങ്ങളുടെയും പശ്ചാത്തലത്തിൽ ക്രിസ്ത്യൻ താപസന്മാരുടെ ദയറാകളുണ്ട്. വിശുദ്ധ മരോണിൻെറ ജീവിത രീതിയിൽ അവർ ക്രിസ്തുവിനെ പിൻതുടരുന്നു. ബൈബിളിലെ ടയറും സീദോനും (Tyre and Sidon) ലബനോനിലെ പട്ടണങ്ങളായിരുന്നു. യേശുക്രിസ്തു ഈ പ്രദേശത്ത് വന്നിട്ടുണ്ട് എന്ന് സുവിശേഷങ്ങളില്‍ കാണാം.

മധ്യപൗരസ്ത്യ ദേശത്തെ “പാരിസ്” എന്ന് അറിയപ്പെട്ടിരുന്ന പട്ടണമായിരുന്നു ബെയ്റൂട്ട്. മധ്യേഷ്യന്‍ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവരുള്ള രാജ്യവുമായിരുന്നു ലബനോന്‍. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യകാലം വരെ വളരെ സമ്പന്നവുമായിരുന്നു. ജനസംഖ്യയില്‍ അറുപത് ശതമാനം വരെ അന്ന് ക്രൈസ്തവരായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ജനസംഖ്യയില്‍ ക്രൈസ്തവര്‍ മൂന്നിലൊന്നായി കുറഞ്ഞു. അനിയന്ത്രിതമായി സിറിയയില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികളായും അല്ലാതെയും സംഭവിക്കുന്ന കുടിയേറ്റം ക്രൈസ്തവരെ ഇവിടെ ന്യൂനപക്ഷമാക്കി മാറ്റി. കൂടാതെ ഇറാന്‍റെ നേതൃത്വത്തിലുള്ള ഹിസ്ബുള്ള ഇസ്രായേലിനെതിരേ രംഗപ്രവേശനം ചെയ്തതോടെ രാജ്യം ഭീകരവാദികളുടെ നിയന്ത്രണത്തിലുമായി. ആഭ്യന്തരകലാപങ്ങളും തൊഴിലില്ലായ്മയും രൂക്ഷമാവുകയും ദിവസേന മതപീഡനത്തിന് വിധേയാരകുകയും ചെയ്യുന്നതിനാല്‍ ക്രൈസ്തവര്‍ മറ്റ് രാജ്യങ്ങളിലേക്ക് ജീവരക്ഷാര്‍ത്ഥം പലായനം ചെയ്യുന്നു. ഈ നൂറ്റാണ്ടിന്‍റെ പകുതി കടക്കുമ്പോള്‍ ലബനോനില്‍ ക്രൈസ്തവര്‍ അവശേഷിക്കില്ല എന്നാണ് ചില പഠനങ്ങളില്‍ കാണുന്നത്.

ലബനോന്‍ എന്നും സമാധാനപൂര്‍ണ്ണവും ശാന്തവുമായി കാണപ്പെടണമെന്നു ജിബ്രാന്‍ കൊതിച്ചിരുന്നു. ഒടിഞ്ഞ ചിറകുകളില്‍ അദ്ദേഹം എഴുതി “ബെയ്റൂത്ത് നഗരത്തില്‍ അങ്ങിങ്ങായുള്ള എന്‍റെ യൗവ്വനത്തിന്‍റെ കൂട്ടുകാരേ, പൈന്‍മരക്കൂട്ടങ്ങള്‍ക്ക് അരികെയുള്ള ആ ശ്മശാനത്തിനടുത്തുകൂടെ നിങ്ങള്‍ കടന്നുപോകുമ്പോള്‍ നിശ്ശബ്ദരായി അതിലൂടെ പോകണം. മെല്ലെ മെല്ലെ നടക്കണം. മരിച്ചവരുടെ ഉറക്കം നിങ്ങളുടെ കാലൊച്ച ഭഞ്ജിച്ചുകൂട”

മിഡില്‍ ഈസ്റ്റിലെ തീവ്രവാദത്തിന്‍റെ കേന്ദ്രമാണ് ഇന്ന് ലബനോന്‍. സംഘര്‍ഷങ്ങളൊഴിഞ്ഞ ദിനങ്ങളില്ല. ജിബ്രാന്‍റെ എഴുത്തുകളില്‍ തന്നെ തീവ്രവാദത്തിന്‍റെ അന്ത്യംകുറിക്കുന്നതിനുള്ള മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നതു കാണാം. “ഒരു മനുഷ്യന്‍ വീണ്ടും ജനിച്ചില്ലെങ്കില്‍ അവന്‍റെ ജീവിതം അസ്തിത്വത്തിന്‍റെ പുസ്തകത്തില്‍ ശൂന്യമായൊരു താളുപോലെ കിടക്കും” തീവ്രവാദികളും അവരെ അതിനു പ്രേരിപ്പിക്കുന്ന മതബോധവും ക്രിസ്തുവിൽ വീണ്ടും ജനനം സംഭവിച്ചില്ലെങ്കിൽ ജീവിതം നിരർത്ഥകമാണെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളുന്നതുവരെ ലബനോനില്‍ വെടിയൊച്ചകളുയരും, നഗരത്തിലെ അരുവികളിലൂടെ നിരപരാധികളുടെ ചോരയൊഴുകും. നഗരത്തിനു നടുകയും കുറുകെയും പോർവിമാനങ്ങൾ താഴുന്നു പറന്ന് മൃതന്മാരുടെ നിത്യനിദ്രയ്ക്കും ഭംഗം വരുത്തും.

കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group