ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം

കൊല്ലം: ട്രെയിനുകളില്‍ ടിക്കറ്റ് പരിശോധന കർശനമാക്കാൻ റെയില്‍വേ ബോർഡ് ഉത്തരവ് ഇറക്കി. ഇതു സംബന്ധിച്ച റെയില്‍വേ പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ ശിവേന്ദ്ര ശുക്ലയുടെ അടിയന്തര നിർദേശം എല്ലാ സോണുകളിലെയും ചീഫ് കൊമേഴ്സ്യല്‍ മാനേജർമാർക്ക് നല്‍കിക്കഴിഞ്ഞു.

പതിവ് പരിശോധനകള്‍ക്ക് പുറമേ സർപ്രൈസ് ചെക്കിംഗുകള്‍ നടത്തണമെന്നാണ് നിർദേശത്തിലെ പ്രധാന ഉള്ളടക്കം.

ഇതിനായി രണ്ടു ഘട്ട സ്പെഷല്‍ ഡ്രൈവുകള്‍ നടത്തണം. ആദ്യഘട്ട പരിശോധനകള്‍ ഒക്ടോബർ ഒന്നു മുതല്‍ 15 വരെയാണ്. രണ്ടാം ഘട്ട പരിശോധന ഒക്ടോബർ 25 മുതല്‍ നവംബർ പത്തു വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

മുതിർന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കണം പരിശോധനകള്‍ നടത്തേണ്ടതെന്നും നിർദേശത്തിലുണ്ട്. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരെ സോണല്‍ റെയില്‍വേ അധികൃതർ നോമിനേറ്റ് ചെയ്യണം.

സോണല്‍ ലെവലിലും ഡിവിഷൻ തലത്തിലും നടത്തുന്ന പരിശോധനയുടെ വിശദമായ റിപ്പോർട്ട് നവംബർ 18-നകം പാസഞ്ചർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് നല്‍കുകയും വേണം.

റിസർവ്ഡ് കോച്ചുകളിലെ അനധികൃത യാത്രക്കാരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായിരിക്കണം പരിശോധകർ മുൻഗണന നല്‍കേണ്ടത്. എമർജൻസി ക്വാട്ടയിലെ ടിക്കറ്റുകളില്‍ വ്യാപകമായി ആള്‍മാറാട്ടം നടത്തുന്നുണ്ട്. ഇതിലും കർശന പരിശോധന നടത്തണം.

മുതിർന്ന പൗരന്മാർ, കാൻസർ രോഗികള്‍ തുടങ്ങിയ പ്രത്യേക ക്വാട്ടകളില്‍ റിസർവ് ചെയ്ത് വരുന്ന യാത്രക്കാരെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ഊന്നല്‍ നല്‍കണമെന്നും നിർദേശത്തിലുണ്ട്.

കണ്‍സഷൻ ടിക്കറ്റുകളുടെ ദുരൂപയോഗം അനിയന്ത്രിതമായി വർധിച്ചിട്ടുണ്ട്. ഇത്തരം യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ നിർബന്ധമായും പരിശോധിച്ച്‌ ആധികാരികത ഉറപ്പുവരുത്തണം.

നിയമലംഘകരില്‍നിന്ന് റെയില്‍വേ ആക്‌ട് പ്രകാരമുള്ള പരമാവധി പിഴത്തുക ഈടാക്കണമെന്നും നിർദേശമുണ്ട്.സ്പെഷല്‍ ഡ്രൈവിന്‍റെ കാലയളവില്‍ ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും നിർദേശമുണ്ട്.

അംഗീകൃത ഏജന്‍റുമാർ വഴിയും യുടിഎസ് മൊബൈല്‍ ആപ്പ്, ഐആർസിടിസി എന്നിവ വഴിയും സാധുവായ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന് പബ്ലിക് അഡ്രസ് സിസ്റ്റം അടക്കമുള്ളവ ഉപയോഗിക്കണം എന്നതാണ് മറ്റൊരു നിർദേശം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m