സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത 3.1 കോടിയാളുകളുടെ ഇൻഷൂറൻസ് വിവരങ്ങൾ ടെലഗ്രാമിൽ; കനത്ത ആശങ്ക

ചെന്നൈ: രാജ്യത്ത് ആരോഗ്യരംഗത്തെ പ്രധാന ഇന്‍ഷൂറന്‍സ് കമ്ബനികളിലൊന്നായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സില്‍ ഞെട്ടിക്കുന്ന വിവര ചോര്‍ച്ച.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് എടുത്ത 3.1 കോടിയാളുകളുടെ ഫോണ്‍ നമ്ബറും ആരോഗ്യവിവരങ്ങളും ടെലഗ്രാമില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നതായാണ് ഹാക്കറുടെ അവകാശവാദം. വിവര ചോര്‍ച്ച സംഭവിച്ച കാര്യം സ്റ്റാര്‍ ഹെല്‍ത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ആരോഗ്യരംഗത്തെ ഞെട്ടിച്ച ഡാറ്റ ലീക്കിന്‍റെ നടുക്കടലിലാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സ്. ഇന്‍ഷൂറന്‍സ് ഉപഭോക്താക്കളുടെ മൊബൈല്‍ നമ്ബര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍, വിലാസം, ആരോഗ്യ വിവരങ്ങള്‍ എന്നിവ ഹാക്കര്‍ ടെലഗ്രാം ബോട്ടുകള്‍ വഴി പുറത്തുവിടുകയായിരുന്നു. രണ്ട് ടെലഗ്രാം ബോട്ടുകളില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാണ് എന്നാണ് റിപ്പോര്‍ട്ട്. xenZen എന്ന് സ്വയം പേരിട്ടിരിക്കുന്ന ഹാക്കര്‍ ഈ വിവരങ്ങളെല്ലാം ഒരു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുവെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ ഹെല്‍ത്ത് കമ്ബനിയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ നേരിട്ടാണ് 3.1 കോടി ആളുകളുടെ ഇൻഷൂറന്‍സ് വിവരങ്ങള്‍ കൈമാറിയതെന്നും പിന്നീട് ഡീലിനെ കുറിച്ചുള്ള ധാരണ തെറ്റിച്ചെന്നും ഹാക്കറായ xenZen അവകാശപ്പെടുന്നു. ‘28,000 അമേരിക്കന്‍ ഡോളറിനാണ് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയത്. എന്നാല്‍ അദേഹം പിന്നീട് 150,000 ഡോളര്‍ ആവശ്യപ്പെട്ടു. ഇതാണ് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പ്രേരിപ്പിച്ചത്’ എന്ന് ഹാക്കര്‍ അവകാശപ്പെട്ടു. സ്റ്റാര്‍ ഹെല്‍ത്തിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായി നടത്തിയ ഇമെയില്‍ സംഭാഷണങ്ങളുടെ വിവരങ്ങള്‍ എന്ന അവകാശവാദത്തോടെ കുറെ സ്ക്രീന്‍ഷോട്ടുകളും ഹാക്കര്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഞാന്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്ത്യ ഉപഭോക്താക്കളുടെ ഇന്‍ഷൂറന്‍സ് ക്ലെയിം വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ്. ഡാറ്റ എനിക്ക് നേരിട്ട് കൈമാറിയ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്ബനിയാണ് ഈ വിവര ചോര്‍ച്ചയിലെ യഥാര്‍ഥ കുറ്റക്കാര്‍’- എന്നും xenZen വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യുകെയിലുള്ള സൈബര്‍ ഗവേഷകനായ ജേസണ്‍ പാര്‍ക്കറാണ് സ്റ്റാര്‍ ഹെല്‍ത്തിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നതായി ആദ്യം കണ്ടെത്തിയത്.

പ്രതികരിച്ച്‌ സ്റ്റാര്‍ ഹെല്‍ത്ത് :

ആരോഗ്യ ഇന്‍ഷൂറന്‍സ് വിവരങ്ങളുടെ ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ സൈബര്‍ സുരക്ഷാ വിദഗ്ധരുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുന്നതായും സര്‍ക്കാരും അന്വേഷ ഏജന്‍സികളുമായും അന്വേഷണത്തില്‍ സഹകരിക്കുന്നതായും സ്റ്റാര്‍ ഹെല്‍ത്ത് അറിയിച്ചു. സംഭവത്തില്‍ വിശദമായ പരാതി സ്റ്റാര്‍ ഹെല്‍ത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കമ്ബനിയിലെ ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും അദേഹം കുറ്റക്കാരനാണെന്ന് യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സ്റ്റാര്‍ ഹെല്‍ത്ത് വിശദീകരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group