ജനന തീയതി തെളിയിക്കുന്നതിനു ആധാർ കാർഡ് പരിഗണിക്കാനാവില്ല: സുപ്രീംകോടതി

ജനന തീയതി തെളിയിക്കുന്നതിനു ആധാര്‍ കാര്‍ഡ് പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. സ്‌കൂളില്‍നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ് കൂടുതല്‍ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു.

ഒരാളുടെ ഐഡന്റിറ്റി സ്ഥാപിക്കാന്‍ ആധാര്‍ കാര്‍ഡ് മതിയെന്നും എന്നാല്‍ ജനന തീയതി തെളിയിക്കുന്നതിന് പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി പറഞ്ഞു. 2018ലും 2023ലും യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ രണ്ട് സര്‍ക്കുലറുകളിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോളണ്ട്, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു.

മോട്ടോര്‍ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ അനുവദിച്ച നഷ്ടപരിഹാര തുകയായ 19, 35,400 രൂപ 9,22,336 രൂപയായി വെട്ടിക്കുറച്ച പഞ്ചാബ്- ഹരിയാന ഹൈകോടതി ഉത്തരവിനെതിരെ യുവതിയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളും നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്.

2015 ആഗസ്റ്റ് 4 ന് റോഹ്തക്കിലുണ്ടായ വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ട്രിബ്യൂണല്‍ ഇവര്‍ക്ക് 19,35,400രൂപ നഷ്ടപരിഹാരം അനുവദിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവിനെ ഇന്‍ഷുറന്‍സ് കമ്ബനി ഹൈകോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനന തീയതിയുടെ അടിസ്ഥാനത്തില്‍ മരിച്ചയാളുടെ പ്രായം കണക്കാക്കിയാണ് ഹൈകോടതി തുക വെട്ടിക്കുറച്ചത്. ഇതു പ്രകാരം പ്രായം 47 ആയിരുന്നു. എന്നാല്‍ സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റിലുള്ള ജനന തീയതിയില്‍ മരിച്ചയാളുടെ പ്രായം 45 ആണ്. നഷ്ടപരിഹാരത്തുക നിശ്ചയിക്കുമ്ബോള്‍ സ്‌കൂള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയിരിക്കുന്ന ജനന തീയതിയാണ് ട്രിബ്യൂണല്‍ കണക്കിലെടുത്തിരുന്നത്.

ഹൈകോടതിയുടെ വിധയെ തുടര്‍ന്ന് കുടുംബം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തുക കുറക്കുന്നിടത്ത് ഹൈകോടതിക്ക് തെറ്റുപറ്റിയെന്നും മരണപ്പെട്ടയാളുടെ ആധാര്‍ കാര്‍ഡിലെ ജനന തീയതിയാണ് ഹൈകോടതി ആശ്രയിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m