m36

ചൂരല്‍ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കും; അധ്യാപകര്‍ കൈയില്‍ ചെറുചൂര

ചൂരല്‍ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കും; അധ്യാപകര്‍ കൈയില്‍ ചെറുചൂരല്‍ കരുതട്ടെയെന്ന് കേരള ഹൈക്കോടതി

കൊച്ചി: സ്കൂളില്‍ വിദ്യാർഥികളുടെ അച്ചടക്കമുറപ്പാക്കാൻ അധ്യാപകർ കൈയില്‍ ചെറുചൂരല്‍ കരുതട്ടെയെന്ന് കേരള ഹൈക്കോടതി.

ആരെങ്കിലും പരാതി നല്‍കിയാലുടൻ അധ്യാപകർക്കെതിരെ പൊലീസ് വെറുതേ കേസെടുക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദ്ദേശിച്ചു. കേസിനെ ഭയന്നാകരുത് അധ്യാപകർ തങ്ങളുടെ ചുമതലകള്‍ നിർവഹിക്കേണ്ടതെന്നും വിഴിഞ്ഞം പൊലീസ് രജിസ്റ്റർചെയ്ത കേസില്‍ അധ്യാപകന് മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കുന്നു.

ആറാംക്ലാസുകാരനെ ചൂരല്‍കൊണ്ട് അടിച്ചെന്ന പരാതിയിലാണ് അധ്യാപകനെതിരെ വിഴിഞ്ഞം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി അധ്യാപകൻ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ നല്ല ഭാവിക്കായി ചെറുശിക്ഷ നല്‍കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റർചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലിചെയ്യേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ചൂരല്‍ പ്രയോഗിക്കാതെ അധ്യാപകർ വെറുതേ കൈയില്‍ കരുതുന്നതുപോലും കുട്ടികളില്‍ വലിയ മാറ്റമുണ്ടാക്കും. അധ്യാപകരെ തടഞ്ഞുവെച്ചതിന്റെയും മർദിച്ചതിന്റെയും വാർത്തകളാണ് വരുന്നത്. ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. അധ്യാപകരാണ് കുട്ടികളെ സ്വപ്നങ്ങള്‍ കാണാൻ പ്രേരിപ്പിക്കുന്നത്. അധ്യാപകർ നുള്ളിയെന്നും അടിച്ചെന്നും തുറിച്ചുനോക്കിയെന്നുമൊക്കെയുള്ള പരാതിയുമായി രക്ഷിതാക്കളും കുട്ടികളുമൊക്കെ വരാം. അങ്ങനെയുള്ളപ്പോഴൊക്കെ പ്രാഥമികാന്വേഷണം നടത്തണം. ഇതിനർഥം യുക്തിരഹിതമായ ബുദ്ധിമുട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കാം എന്നല്ലെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

അധ്യാപകർക്കെതിരായ കേസ് രജിസ്റ്റർചെയ്യുന്നതിനുമുൻപ് പൊലീസ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. ആവശ്യമെങ്കില്‍ അധ്യാപകർക്ക് നോട്ടീസ് നല്‍കാം. പ്രാഥമികാന്വേഷണഘട്ടത്തില്‍ അറസ്റ്റുചെയ്യരുത്. ഇക്കാര്യം നിർദേശിച്ച്‌ പൊലീസ് മേധാവി ഒരുമാസത്തിനുള്ളില്‍ സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശം നല്‍കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)