d176

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അലംഭാവവും.: കെസിബിസി ജാഗ്രത കമ്മീഷൻ.

ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടും സർക്കാരിന്റെ അലംഭാവവും.: കെസിബിസി ജാഗ്രത കമ്മീഷൻ.

ജനസംഖ്യ, സാമ്പത്തിക ശേഷി, സർക്കാർ ജോലിയിലുള്ള പങ്കാളിത്തം തുടങ്ങി വിവിധ തലങ്ങളിൽ ക്രൈസ്തവ വിഭാഗങ്ങൾ ശോഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈസ്തവ പിന്നാക്കാവസ്ഥ കേരളത്തിൽ ചർച്ചാവിഷയമായി മാറിയത്. സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു. കാർഷിക മേഖലയിൽ പൊതുവായും മലയോര – കുടിയേറ്റ മേഖലകളിൽ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളിലും രൂപപ്പെട്ടിരിക്കുന്ന വിവിധ പ്രതിസന്ധികളും ക്രൈസ്തവ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ വിഷയം സമഗ്രമായി പഠനവിഷയമാക്കാനും പ്രതിവിധികൾ കണ്ടെത്താനും ഒരു കമ്മീഷനെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നുവന്നത്.

സർക്കാർ കഴിഞ്ഞാൽ സാമൂഹിക സേവന – വിദ്യാഭ്യാസ – ആരോഗ്യ മേഖലകളിൽ ഏറ്റവുമധികം സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന വിഭാഗമെങ്കിലും സാമുദായികമായി ക്രൈസ്തവർ ദുർബ്ബലരായിക്കൊണ്ടിരിക്കുന്നു.

പാലൊളി കമ്മിറ്റിയും ജെ. ബി. കോശി കമ്മീഷനും
2005-ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ദോപദേശങ്ങൾക്കായി കേരള സർക്കാർ പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റിയെ നിയോഗിക്കുകയും തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റിയുടെ റിപ്പോർട്ടിന് അനുസൃതമായി മുസ്‌ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ചെയ്തതുമാണ് ഇത്തരമൊരു ആവശ്യത്തിന് മാതൃകയായുണ്ടായിരുന്നത്. 2020 നവംബറിലാണ് ക്രൈസ്തവരുടെ ദീർഘകാല ആവശ്യം പരിഗണിച്ച് സംസ്ഥാന മന്ത്രിസഭ ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനും ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് തുടങ്ങിയവർ അംഗങ്ങളുമായി ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്.

വലിയ പ്രതീക്ഷയോടെയാണ് ക്രൈസ്തവ സമൂഹം സർക്കാരിന്റെ ഇടപെടലിനെയും കമ്മീഷനെയും കണ്ടത്. രണ്ടര വർഷം നീണ്ട വിശദമായ പഠനമാണ് ജെ. ബി. കോശി കമ്മീഷൻ നടത്തിയത്. 4.87 ലക്ഷം പരാതികൾ കമ്മീഷൻ സ്വീകരിച്ചതിന് പുറമെ, വിവിധ രൂപതകളും സംഘടനകളും ക്രൈസ്തവസഭകളും സമർപ്പിച്ച വിശദമായ റിപ്പോർട്ടുകളും പരിഗണിക്കുകയുണ്ടായി. തൃശൂർ പാറോക്ക് (PAROC) ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ സിറോമലബാർ സഭ തയ്യാറാക്കിയ റിപ്പോർട്ട് ഉദാഹരണമാണ്. കേരളത്തിലെ ഏഴായിരത്തോളം സിറോമലബാർ കുടുംബങ്ങളുടെ സാമൂഹിക – സാമ്പത്തിക – തൊഴിൽ – വിദ്യാഭ്യാസ സ്ഥിതിവിവര കണക്കുകൾ ശാസ്ത്രീയമായി അപഗ്രഥിച്ച് തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു പാറോക്ക് സമർപ്പിച്ചത്. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ജെ. ബി. കോശി കമ്മീഷൻ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടും മുന്നൂറോളം നിർദ്ദേശങ്ങളും 2023 മെയ്മാസത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കപ്പെട്ടു.

നടപടികളിൽ അലംഭാവം
2008 ഫെബ്രുവരി മാസത്തിൽ പാലൊളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് അന്നത്തെ ഇടതുപക്ഷ മന്ത്രിസഭ വിഷയം ഉടനടി പരിഗണിക്കുകയും, കേവലം രണ്ട് മാസങ്ങൾക്ക് ശേഷം 2008 ഏപ്രിൽ 30 ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ, പാലൊളി കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തീരുമാനമെടുക്കുകയും പ്രായോഗിക നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമർപ്പിക്കപ്പെട്ട് ഒന്നര വർഷം പിന്നിടുമ്പോഴും കാര്യമായ നടപടിക്രമങ്ങളൊന്നും ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല എന്നുള്ളത് കടുത്ത അനീതിയും വിവേചനവുമായേ വിലയിരുത്താൻ കഴിയൂ. ക്രൈസ്തവരുടെ കാര്യത്തിൽ സംഭവിക്കുന്ന ഈ കടുത്ത വിവേചനം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

കടപ്പാട് : ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                            Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)