പ്രേഷിതപ്രവർത്തനങ്ങൾക്കായി ആത്മാർപ്പണം ചെയ്യണം : മാർ റാഫേൽ തട്ടിൽ
പ്രേഷിതപ്രവർത്തനങ്ങൾക്കായി ആത്മാർപ്പണം ചെയ്യണം : മാർ റാഫേൽ തട്ടിൽ
കാക്കനാട്: സ്വഭാവത്താലേ പ്രേഷിതയായ സഭ വിശ്വാസത്തിൻ്റെ വളർച്ചയ്ക്കും നന്മയുള്ള സമൂഹനിർമ്മിതിയ്ക്കുമായി ആത്മാർപ്പണം ചെയ്യണമെന്ന് മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
സീറോമലബാർ സഭയുടെ മിഷൻ ഓഫീസ് നേതൃത്വം നല്‌കുന്ന പ്രേഷിത വാരാചരണം സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്. കഴിഞ്ഞ വർഷങ്ങളിൽ ഒറീസ്സ, തെലങ്കാന, ആന്ധ്രാ, നോർത്ത് ഈസ്റ്റ് എന്നീ മിഷൻ പ്രദേശങ്ങളിൽ ഉണ്ടായ പ്രേഷിതവളർച്ചയെ അഭിനന്ദിക്കുകയും, സീറോമലബാർസഭയ്ക്ക് പ്രേഷിത പ്രവർത്തനം ചെയ്യാനായി ലഭിച്ചിരിക്കുന്ന ഭാരതം മുഴുവനിലും ആഗോളതലത്തിലുമുള്ള മിഷൻ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും,ശക്തിപ്പടുത്തണമെന്നും മേജർ ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
പ്രേഷിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കണമെന്നും രൂപതകളിൽ അധികമുണ്ടാകുന്ന ദൈവവിളികളെ മിഷൻ പ്രദേശങ്ങളിൽ വിന്യസിപ്പിക്കാനുള്ള തുറവിയും വിശാലമനോഭാവ വും ഉദാരതയും എല്ലാവർക്കും ഉണ്ടാകണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
'മിഷനെ അറിയുക, മിഷനറിയാകുക' എന്നതാണ് പ്രേഷിതവാരത്തിൻ്റെ മുഖ്യ സന്ദേശം. 2025 ജനുവരി ആറ് മുതൽ പന്ത്രണ്ട് വരെയാണ് പ്രേഷിതവാരാചരണം. ഓരോ ദിവസവും ചെയ്യാനായുള്ള കർമ്മപരിപാടികൾ തയാറാക്കിയിട്ടുണ്ട്. മിഷനുവേണ്ടി പ്രാർത്ഥിക്കുക, യേശു അനുഭവം മറ്റുള്ളവരുമായി പങ്കുവെയ്ക്കുക, പ്രേഷിതാഹ്വാനമുള്ള തിരുവചനങ്ങൾ പഠിക്കുക, സ്വന്തം രൂപതയുടെയും ഇടവകയുടെയും മിഷനുവേണ്ടി പ്രാർത്ഥിക്കുകയും സാധ്യമാകും വിധം പ്രവർത്തിക്കുകയും ചെയ്യുക, മിഷനറിമാരെയും അവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് അറിയുക എന്നിവയാണ് ഈ വർഷത്തെ കർമ്മപരിപാടികളിൽ പ്രധാനമായവ. ജനുവരി പന്ത്രണ്ടാം തീയതിയാണ് പ്രേഷിത ഞായർ ആചരണം. പ്രേഷിതവാരാചരണത്തെക്കുറിച്ചുള്ള മേജർ ആർച്ചുബിഷപ്പിൻ്റെ സർകുലർ, വാരാചരണ ത്തിന്റെ പ്രാർത്ഥനകൾ, പ്രതിജ്ഞ, പോസ്റ്ററുകൾ തുടങ്ങിയവയെല്ലാം സഭാകേന്ദ്രത്തിൽ നിന്നും രൂപതകളിൽ ലഭ്യമാക്കിയിട്ടുണ്ട്.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിനോടൊപ്പം കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, രാമനാഥപുരം ബിഷപ്പ് മാർ പോൾ ആലപ്പാട്ട്, സഭാ ആസ്ഥാനത്ത് ശുശ്രൂഷ ചെയ്യുന്ന വൈദികർ സന്യസ്തർ എന്നിവർ പ്രേഷിതപ്രതിജ്ഞ ചെയ്‌ത് ഉദ്ഘാടന പരിപാടികളിൽ ഭാഗമായി. പ്രേഷിതവാരചരണ പരിപാടി കൾക്ക് ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, സി. മെർലിൻ ജോർജ് എന്നിവർ നേതൃത്വം നല്‌കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0