ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ വർദ്ധിക്കുന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്..

വാഷിംഗ്ടൺ ഡിസി : ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ അമേരിക്കയിൽ വർദ്ധിക്കുന്നതായി .യൂ.എസ് മെത്രാൻ സമിതിയുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ റിപ്പോർട്ട്.2020 മേയ് മുതൽ ഇതുവരെയുള്ള 18 മാസങ്ങൾക്കിടയിൽ 100 കത്തോലിക്കാ ദൈവാലയങ്ങൾ വിവിധ തരത്തിലുള്ള ആക്രമണത്തിന് ഇരയായി എന്നാണ് പുതിയ റിപ്പോർട്ട്.

തീവെയ്പ്പ്, വിശുദ്ധരുടെ രൂപങ്ങൾ തകർക്കൽ, ദൈവാലയ ഭിത്തികളും സെമിത്തേരികളും വികൃതമാക്കൽ ഉൾപ്പെടെയുള്ള ആക്രമണങ്ങളാണ് ദൈവാലയങ്ങൾക്കുനേരെ ഉണ്ടായത്. ഏതാണ്ട് 29 സംസ്ഥാനങ്ങളിൽ ദൈവാലയങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ന്യൂയോർക്കിൽ 14 ആക്രമണങ്ങളും കാലിഫോർണിയയിൽ 12 ആക്രമണങ്ങളും ഉണ്ടായി. കാലിഫോർണിയയിൽ വിശുദ്ധ ജൂണിപ്പെറോ സെറയുടെ തിരുരൂപം മറിച്ചിട്ടതും സാൻ ഗബ്രിയേൽ മിഷനിലെ 249 വർഷങ്ങളുടെ ചരിത്രമുള്ള മിഷൻ ദൈവാലയം അഗ്നിക്കിരയായതും ഉൾപ്പെടെയാണിത്.

ന്യൂയോർക്കിലെ വിഖ്യാതമായ സെന്റ് പാട്രിക് കത്തീഡ്രലിന്റെ പുറം ഭിത്തികൾ അക്രമികൾ വികൃതമാക്കിയതും ഇതേ കാലയളവിലാണ്. ‘ബ്ലാക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദൈവാലയങ്ങൾക്കുനേരെ ആക്രമണങ്ങൾ വർദ്ധിച്ചതിനെ തുടർന്ന് ദൈവാലയങ്ങൾക്ക് കർശന സുരക്ഷ ഉറപ്പാക്കണമെന്ന നിർദേശങ്ങൾ ഉണ്ടായെങ്കിലും അക്കാര്യത്തിൽ കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ടിലെ വിവരങ്ങൾ.

നമ്മുടെ സമൂഹത്തിന് ദൈവകൃപയ്ക്ക് വലിയ ആവശ്യമുണ്ടെന്ന വസ്തുതയാണ് പ്രസ്തുത ആക്രമണങ്ങളിലൂടെ വ്യക്തമാകുന്നതെന്ന് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യു.എസ് മെത്രാൻ സമിതിയുടെ ചെയർമാനും ന്യൂയോർക്ക് ആർച്ച്ബിഷപ്പുമായ കർദിനാൾ തിമോത്തി ഡോളൻ, ദേശീയ നീതിക്കും മാനവ വികസനത്തിനും വേണ്ടിയുള്ള യു.എസ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് പോൾ കോക്ക്ലി എന്നിവർ ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group