നാസികൾ കൂട്ടക്കൊല ചെയ്ത ഉല്‍മ കുടുംബാംഗങ്ങളുടെ സ്മരണാര്‍ത്ഥം വത്തിക്കാൻ ഗാർഡനിൽ ആപ്പിൾ മരം നട്ടുപിടിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും റോമിലെ പോളിഷ് കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളും യുക്രൈന്‍, ക്യൂബ, അമേരിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും ചടങ്ങിൽ പങ്കെടുത്തു. ഉൽമ കുടുംബത്തിലെ അംഗങ്ങൾ അവസാനം വരെ, സുവിശേഷ സ്നേഹത്തിൻ്റെ ഉദാഹരണങ്ങളായിരുന്നുവെന്നും ഗർഭധാരണം മുതൽ മരണം വരെ മനുഷ്യജീവനെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തിൻ്റെ അടയാളമാണ് ഈ കുടുംബമെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു.
പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് കൊല്ലപ്പെട്ട യോസേഫും, വിക്ടോറിയ ഉൽമയും അവരുടെ ഏഴ് മക്കളും അടക്കം ഒന്‍പതു പേരെ സെപ്റ്റംബർ പത്താം തീയതിയാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടുവെന്നത് ആഗോള ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു. ബൈബിളിലെ നല്ല സമരിയാക്കാരന്റെ ഉപമയെ ഓര്‍മ്മപ്പെടുത്തുന്നതായിരിന്നു ഉല്‍മ ദമ്പതികള്‍ നടത്തിയ ഇടപെടല്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m