മന്ത്രിസഭായോഗം ഇന്ന്; മുണ്ടക്കൈ ദുരന്ത പുനരധിവാസം അജണ്ട, ക്യാമ്പുകളില്‍ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട.

താല്‍ക്കാലിക ക്യാമ്ബുകളില്‍ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം. ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗണ്‍ഷിപ്പ് തന്നെ നിർമിച്ച്‌ ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചില്‍ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളില്‍ വീണ്ടും വിശദമായ പരിശോധന നടത്തും. സണ്‍റൈസ് വാലിയില്‍ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററില്‍ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന
നടത്താനാണ് ആലോചന.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്‌, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്ബുകളില്‍ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. ക്യാമ്ബുകളില്‍ കഴിയുന്നവരുടെ രക്ത സാമ്ബിളുകള്‍ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m