മെയ്തേയ്കളും കുക്കികളും തമ്മിലുള്ള അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് മണിപ്പൂരിലെ കുടിയിറക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ഇംഫാലിലെ കത്തോലിക്കാ അതിരൂപത ഭവന പുനരധിവാസ പദ്ധതി ആരംഭിച്ചു. ക്രിസ്ത്യാനികളായ 600 റോളം കുക്കി വംശജർക്ക് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതിയാണ് ആരംഭിച്ചിരിക്കുന്നത് എന്ന് അതിരൂപതയുടെ വികാരി ജനറൽ ഫാ. വർഗീസ് വേലിക്കകം വെളിപ്പെടുത്തി.
“ഇന്ത്യൻ സംസ്ഥാനമായ മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ മുൻബി, സിംഗങ്ങാട്ട് ഇടവകയിലെ ആന്തരികമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യക്തികൾ പുതുതായി നിർമ്മിച്ച വീടുകളിൽ താമസം ആരംഭിച്ചു. മണിപ്പൂരിലെ അക്രമത്തിന്റെ ഇരകളാണിവർ. ഇവരുടെ സ്വപ്നം യാഥാർഥ്യമാക്കിയ സന്നദ്ധ സംഘടനകൾ, വ്യക്തികൾ, വിവിധ രൂപതകൾ എന്നിവയുടെ സഹകരണത്തിന് നന്ദി” – ഫാ. വർഗീസ് വേലിക്കാകം പറഞ്ഞു.
2025 ഫെബ്രുവരിയോടെ ഭവന പദ്ധതി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംഭാവന സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്. സംഭാവനകൾ നൽകുന്നതിന് 2024 ഓഗസ്റ്റ് വരെ സമയമുണ്ട്. ഈ സംഭാവനകൾ നൽകാൻ ‘കുറഞ്ഞത് 500 രൂപ മണിപ്പൂരിലേയ്ക്ക്’ എന്ന പേരിൽ ഒരു പരിപാടിയും കോൺഫറൻസ് ഓഫ് ഡയോസിസൻ പ്രീസ്റ്റ്സ് ഓഫ് ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇതിൽ പങ്കാളികളാകാൻ ഓരോ വൈദികനെയും രൂപത ക്ഷണിക്കുന്നു.- പ്രസ്താവനയിൽ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m