വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനം വാങ്ങുമ്പോള്‍ കിഴിവ്

ന്യൂ ഡല്‍ഹി: പഴയ വാഹനം പൊളിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോള്‍ കിഴിവ് നല്‍കുമെന്നു മോട്ടോർ വാഹന നിർമാതാക്കള്‍.

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മോട്ടോർവാഹന നിർമാതാക്കളുടെ സംഘടനയായ സിയാമുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു കിഴിവ് നല്‍കാൻ തീരുമാനമെടുത്ത്. പുതിയ യാത്രാവാഹനത്തിന്‍റെ എക്സ് ഷോറൂം വിലയുടെ 1.5 ശതമാനം അല്ലെങ്കില്‍ 20,000 രൂപ, ഇതില്‍ ഏതാണോ കുറവ് അതായിരിക്കും ഉപയോക്താവിനു ലഭിക്കുക.

യാത്രാ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, കിയ മോട്ടോഴ്സ്, ടൊയോട്ട കിർലോസ്കർ മോട്ടോർ, ഹോണ്ട കാർസ്, ജെഎസ്ഡബ്ല്യു എംജി മോട്ടോർ, റെനോ ഇന്ത്യ, നിസാൻ ഇന്ത്യ, സ്കോഡ ഫോക്സ്‌വാഗണ്‍ ഇന്ത്യ എന്നീ കമ്പനികളാണ് കിഴിവിന്‍റെ കാര്യം പ്രസ്താവനയില്‍ അറിയിച്ചത്.

വാണിജ്യ വാഹനത്തിന് എക്സ് ഷോറൂം വിലയുടെ മൂന്നു ശതമാനത്തിനു തുല്യമായ കിഴിവാണ് വാണിജ്യ വാഹന നിർമാതാക്കള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ബസുകള്‍ക്കും വാനുകള്‍ക്കും ഈ പദ്ധതി പരിഗണിക്കുമെന്നു ടാറ്റ മോട്ടോഴ്സ്, വോള്‍വോ ഐഷർ കൊമേഴ്സ്യല്‍ വെഹിക്കിള്‍സ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഴ്സ് മോട്ടോഴ്സ്, ഇസുസു മോട്ടോഴ്സ്, എസ്‌എംഎല്‍ ഇസുസു എന്നിവർ അറിയിച്ചു.

സിയാം പ്രസിഡന്‍റ് വിനോദ് അഗർവാള്‍, മാരുതി സുസുക്കി ഇന്ത്യ എംഡി ആൻഡ് സിഇഒ ഹിസാഷി ടകൂച്ചി, ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ഗിരീഷ് വാഗ്, അശോക് ലെയ്‌ലാൻഡ് മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഷെനു അഗർവാള്‍, ടിവിഎസ് മോട്ടോർ കോ സിഇഒ കെ.എൻ. രാധാകൃഷ്ണൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m