കാക്കനാട് ഡിഎൽഎഫിലെ രോഗബാധ; കോളിഫോം ബാക്ടീരിയ സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

കൊച്ചി : കാക്കനാട് ഡി.എല്‍.എഫ് ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും പരിശോധനയ്‌ക്ക് അയച്ച സാമ്ബിളുകളില്‍ കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ച്‌ ആരോഗ്യ വകുപ്പ്.

ഫലം ലഭിച്ച മൂന്ന് സാമ്ബിളുകളിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ഫ്‌ളാറ്റിലെ വിവിധ കുടിവെള്ള സ്രോതസുകളായ ഓവര്‍ഹെഡ് ടാങ്കുകള്‍, ബോര്‍വെല്ലുകള്‍, ഡൊമെസ്റ്റിക്ക് ടാപ്പുകള്‍, കിണറുകള്‍, ടാങ്കര്‍ ലോറികളില്‍ സപ്ലൈ ചെയ്യുന്ന വെള്ളം എന്നിവയില്‍ നിന്നായി ഇതുവരെ 46 സാമ്ബിളുകളാണ് പരിശോധനയ്‌ക്ക് അയച്ചിട്ടുള്ളത്. ഇവയില്‍ 19 സാമ്ബിളുകളിലെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതില്‍ പലതിലും ബാക്ടീരിയുടെ സാന്നിധ്യം കാണുന്നുണ്ട്.

വിശദമായ പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാകാനുണ്ട്.റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത് വെള്ളത്തിന്റെ ഗുണനിലവാരം മോശമെന്നാണ്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ആരോഗ്യ വകുപ്പ് വിവിധ ഫ്ലാറ്റുകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ നിശ്ചിത സാമ്ബിളുകള്‍ രണ്ട് നേരം പരിശോധിച്ച്‌ ക്ലോറിന്റെ അളവ് വിലയിരുത്തുന്നതായും മന്ത്രി വ്യക്തമാക്കി.

വയറിളക്ക രോഗബാധയെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഫ്ലാറ്റ് അസോസിയേഷന് നോട്ടീസ് നല്‍കി.4095 നിവാസികളാണ് 15 ടവറുകളിലായി ഫ്‌ളാറ്റില്‍ താമസിക്കുന്നത്. നിലവില്‍ പകര്‍ച്ചവ്യാധിയ്‌ക്കിടയാക്കിയ കുടിവെള്ള വിതരണം പൂര്‍ണമായും ഒഴിവാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്.

കൂടാതെ ഫ്ലാറ്റുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്ന എല്ലാ സ്രോതസുകളും ക്ലോറിനേഷന്‍ നടത്തി ശുദ്ധത ഉറപ്പുവരുത്തി വിതരണം ചെയ്യുന്നതിനും ഫ്ലാറ്റില്‍ നിന്നുമുള്ള മലിനജലം, ശുചിമുറി മാലിന്യങ്ങള്‍ എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാനും നോട്ടീസ് മുഖേന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 492 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌ പ്രത്യേക സര്‍വയും നടത്തി.

ചികിത്സയിലുള്ള രണ്ടു പേരില്‍ നിന്ന് 2 സാമ്ബിളുകള്‍ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേയ്‌ക്കും, എന്‍ഐവി ആലപ്പുഴ യൂണിറ്റിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. 3 കുടിവെള്ള സാമ്ബിളുകള്‍ കൂടി ബാക്ടീരിയോളജിക്കല്‍ അനാലിസിസിന് വേണ്ടി ഇന്ന് പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group