നിര്‍മ്മാണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനത്തെ ഗവണ്മെന്റ് കരാറുകാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍, ഉദ്യോഗസ്ഥ തലങ്ങളില്‍ യാതൊരു ഇടപെടലുമില്ലാത്തത് പ്രശ്നങ്ങള്‍ സങ്കീർണമാക്കുകയാണെന്ന് ഗവണ്മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
പൊതുമരാമത്ത് മാന്വല്‍ പരിഷ്‌കരിക്കുക, ഗവ. കരാറുകാരുടെ ലൈസന്‍സ് പുതുക്കുമ്പോള്‍ കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കുക, പൂര്‍ത്തിയാക്കിയ ബില്ലുകള്‍ക്ക് പണം യഥാസമയം നല്‍കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ അസോസിയേഷന്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.
ഇക്കാര്യങ്ങളില്‍ ധന, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍ക്കു പലതവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ചര്‍ച്ചകളില്‍ അഭിപ്രായസമന്വയം ഉണ്ടായെങ്കിലും തുടർനടപടികള്‍ ഉണ്ടായിട്ടില്ല.
പൊതുമരാമത്ത് വകുപ്പില്‍ ധാരണയാകുന്ന കാര്യങ്ങളില്‍ ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുകയാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഏതു കാര്യവും ധനവകുപ്പ് അറിഞ്ഞേ പറ്റൂ എന്നത് അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ ആവശ്യമില്ലല്ലോ-ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച ത്രിതല പഞ്ചായത്തിലെ കരാറുകാര്‍ക്ക് യഥാസമയം പണം നല്‍കുന്നില്ല. ബില്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം വഴി പണം ലഭിക്കാത്ത അവസ്ഥയുണ്ട്. പല ബാങ്കുകളിലും ബിഡിഎസ് നല്‍കാന്‍ തയാറാകുന്നില്ല. ഇക്കാര്യത്തില്‍ ധനവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും യാതൊരു ഇടപെടലും നടത്തുന്നില്ല. ചെറുകിട കരാറുകാര്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പറയുന്നു.
മാര്‍ച്ച് നാലിന് പണികള്‍ നിര്‍ത്തിവച്ചു സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്നു സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും പണിമുടക്കി പ്രതിഷേധ സമരവും സംഘടിപ്പിക്കും.
സൂചനാ പണിമുടക്കിനു ശേഷവും സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുശേഷം ടെൻഡറുകള്‍ ബഹിഷ്‌കരിക്കാനും പണികള്‍ നിര്‍ത്താനും തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി ചെന്നിക്കര, വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ. ഷാജഹാന്‍, എക്‌സിക്യൂട്ടീവ് സെക്രട്ടറി ജോജി ജോസഫ്, എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.വി. സ്റ്റീഫന്‍, സെക്രട്ടറി സി.പി. നാസര്‍ എന്നിവര്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m