113 കോളജ് അധ്യാപക ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ സർക്കാർ

സംസ്ഥാനത്തെ സർക്കാർ കോളജുകളില്‍ അധ്യാപകർ വിരമിച്ച 113 തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ സർക്കാർ.

കോളജ് അധ്യാപക തസ്തികകള്‍ വൻ തോതില്‍ കുറയാൻ വഴിവെക്കുന്ന 2020 എപ്രില്‍ ഒന്നിലെയും മേയ് 25ലെയും ഉത്തരവിനെ തുടർന്നാണ് വിരമിച്ച അധ്യാപക തസ്തികപോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. അധ്യാപകരുടെ ജോലിഭാരമുയർത്തിയതിനെ തുടർന്ന് സർക്കാർ കോളജുകളില്‍ മാത്രം 350ല്‍പരം അധിക തസ്തികകള്‍ നിലനില്‍ക്കുന്നതായാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത്. ഇത് ക്രമീകരിക്കാനാണ് 113 തസ്തികകള്‍ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുന്നതെന്നാണ് കോളജ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം. അധിക തസ്തിക നിലനില്‍ക്കുന്നതിനാലാണ് വിരമിച്ച തസ്തികകളില്‍ നിയമനം നടത്താത്തത്. അധ്യാപകരില്‍ നിന്നും വിദ്യാർഥികളില്‍ നിന്നും ഒരുപോലെ എതിർപ്പുയർന്ന ജോലിഭാരത്തില്‍ മാറ്റം വരുത്തിയുള്ള 2020ലെ ഉത്തരവ് ഇതുവരെ പിൻവലിച്ചിട്ടില്ല.

പി.ജി അധ്യാപനത്തിനുള്ള വെയ്റ്റേജ് എടുത്തുകളയുകയും അധിക തസ്തികക്ക് ഒമ്ബത് മണിക്കൂർ ജോലി മതിയെന്നത് 16 മണിക്കൂർ ആക്കിയതും ഒരു അധ്യാപകൻ മാത്രമുള്ള വിഷയങ്ങളിലെ നിയമനത്തിനും 16 മണിക്കൂർ ജോലി ഭാരം വേണമെന്നതുമാണ് കോളജ് അധ്യാപക തസ്തിക വൻതോതില്‍ കുറയാൻ വഴിവെച്ച 2020ലെ ഉത്തരവ്.

പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കണമെന്നും ഏകാധ്യാപക വിഷയങ്ങളില്‍ സ്ഥിരം നിയമനത്തിന് 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കരുതെന്നതുമുള്‍പ്പെടെയുള്ള ശിപാർശകളോടെ, സർക്കാർ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അംഗീകരിച്ചിട്ടില്ല. ജോലിഭാരമുയർത്തിയതോടെ സർക്കാർ, എയ്ഡഡ് മേഖലയില്‍ 2500ഓളം അധ്യാപക തസ്തികകളാണ് ഇല്ലാതാകുക. ഇതിന്‍റെ പ്രതിഫലനമാണ് വിരമിച്ച 113 അധ്യാപക തസ്തികകളില്‍ നിയമനം നടത്താത്തത്.

ജോലിഭാരമുയർത്തിയ ഉത്തരവിനുശേഷം സർക്കാർ കോളജുകളില്‍ പി.എസ്.സി വഴിയുള്ള അധ്യാപക നിയമനം ഗണ്യമായി കുറഞ്ഞു. 2020ല്‍ 159 അധ്യാപക നിയമനം നടന്നപ്പോള്‍ 2021ല്‍ 58 ആയി. 2022ല്‍ കേവലം എട്ട് അധ്യാപക നിയമനങ്ങളാണ് നടന്നത്. നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി നല്‍കിയ മറുപടി പ്രകാരം 2023ല്‍ ജൂലൈ വരെ 56 നിയമനങ്ങള്‍ നടന്നു. പ്രതിവർഷം 400ല്‍ പരം അധ്യാപക നിയമനങ്ങള്‍ നടന്ന സ്ഥാനത്താണ് ഇത്. കോളജ് അധ്യാപക തസ്തികയില്‍ നിയമനം ലക്ഷ്യമിട്ട് ഉന്നത പഠനം നടത്തുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികള്‍ക്കാണ് ജോലിഭാരത്തില്‍ മാറ്റം വരുത്തിയുള്ള ഉത്തരവ് തിരിച്ചടിയായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group