സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നു : മാര്‍ ജോസഫ് പാംപ്ലാനി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ റബര്‍ കര്‍ഷകരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയാണെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. വിവിധ ആവശ്യങ്ങളുന്നയിച്ച് റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചോദിക്കുന്നത് ക്രിസ്മസിന്റെ കേക്കും വീഞ്ഞുമല്ലെന്നും, കര്‍ഷകന്റെ അവകാശമാണെന്നും പിതാവ് പറഞ്ഞു.

റബര്‍ കര്‍ഷകര്‍ക്ക് 250 രൂപ തരുമെന്നാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ എഴുതിവച്ചത്. അതു വിശ്വസിച്ചാണ് കേരളത്തിലെ കര്‍ഷകര്‍ ഇടതുമുന്നണിക്കു വോട്ട് ചെയ്തത്. എന്നാല്‍, അധികാരത്തിലെത്തിയ സര്‍ക്കാര്‍ കര്‍ഷകരോട് ഈ ചതി ചെയ്യുമെന്നു പ്രതീക്ഷിച്ചില്ല. ജപ്തിയുടെ പേരില്‍ കേരള ബാങ്ക് കര്‍ഷകരെ പീഡിപ്പിക്കുകയാണെന്നും മാര്‍ പാംപ്ലാനി പറഞ്ഞു. കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റിത്തരുന്നില്ലെങ്കില്‍ നിലവിലെ ഭരണകൂടത്തെ അടുത്ത തിരഞ്ഞെടുപ്പില്‍ താഴെയിറക്കാനും റബര്‍ കര്‍ഷകര്‍ മുന്നിലുണ്ടാകുമെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.
റബറിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനമാണ്. ഇതില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 85 ശതമാനം റബറും ആസിയന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഇവര്‍ക്ക് ഈ നികുതി വര്‍ധന ബാധകമല്ല. ആരുടെ കണ്ണില്‍ പൊടിയിടാനാണ് കര്‍ഷകരെ കബളിപ്പിക്കുന്ന ഇത്തരം പ്രഖ്യാപനങ്ങള്‍ നിരത്തുന്നതെന്ന് മാര്‍ പാംപ്ലാനി ചോദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group