വഴികാട്ടുന്ന നക്ഷത്രം…

വീടുകള്‍ക്ക് മുമ്പില്‍ നക്ഷത്രങ്ങള്‍ കാണുമ്പോള്‍ ക്രിസ്മസ് അടുത്തു എന്ന് നാം ഓര്‍മ്മിക്കുന്നു. അല്ലെങ്കില്‍ വീടുകളില്‍ നക്ഷത്രം തൂക്കിക്കൊണ്ട് ക്രിസ്മസ് അടുത്തിരിക്കുന്നു എന്ന് നാം എല്ലാവരെയും അറിയിക്കുന്നു. ഏതാണെങ്കിലും നക്ഷത്രങ്ങള്‍ അടയാളമാണ്. പ്രകാശത്തിന്‍റെ അടയാളം…ആദ്യ ക്രിസ്മസ് രാത്രിയില്‍ ജ്ഞാനികള്‍ കണ്ട നക്ഷത്രം അവര്‍ക്ക് ഒരടയാളമായിരുന്നു … സത്യപ്രകാശം … ലോകരക്ഷകന്‍ ജാതനായി എന്നതിന്‍റെ അടയാളം. ആ അടയാളത്തിന്‍റെ അര്‍ത്ഥം ഗ്രഹിച്ച് അതിനെ പിന്തുടരുവാന്‍ തീരുമാനിച്ചപ്പോള്‍ അത് അവര്‍ക്ക് വഴികാട്ടിയുമായി. നീണ്ട യാത്ര ചെയ്ത് അവര്‍ രക്ഷകന്‍റെ സവിധത്തില്‍ എത്തി. ദൈവിക നക്ഷത്രം അവരെ നയിച്ചില്ലായിരുന്നുവെങ്കിൽ, “കിഴക്ക് നിന്ന് ജറുസലേമിലേക്ക്” ഉള്ള സുദീര്‍ഘമായ യാത്ര ഒരിക്കലും അവര്‍ പൂര്‍ത്തിയാക്കത്തില്ലായിരുന്നു. എന്നാൽ ആ നക്ഷത്രത്തിലേക്ക്, അത് ചൂണ്ടിയ ലക്ഷ്യത്തിലേക്ക് അപ്രതിരോധ്യമായ ആകര്‍ഷണം അവര്‍ക്ക് അനുഭവപ്പെട്ടു. ലക്ഷ്യം എത്ര വിദൂരമാണെങ്കിലും യാത്ര എത്ര ദുര്‍ഘടമാണെങ്കിലും നക്ഷത്രം വഴി നടത്തുമെന്ന് അവര്‍ വിശ്വസിച്ച നമ്മെ രക്ഷയിലേക്ക് നയിക്കാന്‍ ദൈവം നല്‍കുന്ന അടയാളങ്ങള്‍ മനസ്സിലാക്കാന്‍ നാം പരാജയപ്പെട്ടാല്‍ രക്ഷ നമുക്ക് അന്യമായി പോകും. അത് എന്നും വിദൂരത്തിലായിരിക്കും.ദൈവം ഇന്ന് നമുക്ക് ഒരു നക്ഷത്രം നൽകിയിരിക്കുന്നു, ക്രിസ്മസ് നക്ഷത്രം. നാം വീടിനു മുകളില്‍ തൂക്കുന്ന നക്ഷത്രം വെറും ഒരലങ്കാരമല്ല. അത് ഒരടയാളമാണ്. നാം ക്രിസ്തുവിനെ, രക്ഷകനെ, കണ്ടെത്തി എന്നതിന്‍റെ അടയാളം. ഇനി നാം നീങ്ങേണ്ടത് ക്രിസ്തുവിനോടൊപ്പമാണ്. ക്രിസ്മസ് ദിനം പുലരുമ്പോള്‍, ഉണ്ണിയീശോ ശയിക്കുന്ന പുൽത്തൊട്ടിയിലേക്ക് നാം ചിന്തയിലും ആത്മാവിലും നയിക്കപ്പെടുന്നു. ദൂതന്മാർ പറയുന്നത് നാം കേൾക്കുന്നു: “ദാവീദിന്റെ നഗരത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ഇന്ന് ജനിച്ചിരിക്കുന്നു, അത് കർത്താവായ ക്രിസ്തുവാണ്”.
വഴികാട്ടിയായ നക്ഷത്രത്തെ പിന്തുടരുക; അതായത്, ക്രിസ്മസ് നിങ്ങളെ രക്ഷകനിലേക്ക് നയിക്കുന്നതുവരെ അതിന്റെ അർത്ഥം പിന്തുടരുക? കാതങ്ങൾ അനേകം സഞ്ചരിക്കേണ്ടി വന്നാലും… വന്‍ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നാലും, ദൈവപുത്രനായ യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്നതുവരെ വിശ്രമിക്കരുത്.

വഴികാട്ടിയായി ദൈവം കൂടെയുണ്ട്. അതിന്‍റെ അടയാളങ്ങള്‍ ദൈവം പലപ്പോഴായി നല്‍കിക്കൊണ്ടേയിരിക്കും. ദൈവം അടയാളപ്പെടുത്തുന്നവ നമ്മുടെ ഭാവിയുടെ ദിശാസൂചികളാകട്ടെ.

24-12-2021


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group