കേരളത്തിന് ചരിത്ര നേട്ടം, ഭക്ഷ്യ സുരക്ഷാ സൂചികയിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ച്‌ കേരളം. ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷമാണ് കേരളം ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു. വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നത്.

ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഏറ്റുവാങ്ങി.

കേരളം ഭക്ഷ്യ സുരക്ഷാ രംഗത്ത് നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്ബയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി, ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങിവ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കി. ഈ വര്‍ഷം മുതല്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാക്കി ഏകോപിപ്പിച്ചു.

ഷവര്‍മ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ്, ഹൈജീന്‍ റേറ്റിംഗ്, ഈറ്റ് റൈറ്റ് ക്യാമ്ബസ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ എന്നിവയും നടപ്പിലാക്കി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവന്‍സ് പോര്‍ട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈല്‍ ആപ്പും യാഥാര്‍ത്ഥ്യമാക്കി. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെ ശക്തമായ നടപടികളാണ് സ്വീകരിച്ച്‌ വരുന്നത്. ഒപ്പം നിന്ന് പ്രവര്‍ത്തിച്ച്‌ ഈ നേട്ടം കൈവരിക്കാന്‍ പ്രയത്‌നിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group