വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം ഇരുപത്തിയാറാം ദിവസം

തോമാശ്ലീഹായും തിരുവാംകോട് അരപ്പള്ളിയും

കൊറമാണ്ടൽ തീരത്ത് തോമാശ്ലീഹായാൽ ക്രൈസ്ത വരാക്കപ്പെട്ട വെള്ളാളർ വംശത്തിൽപ്പെട്ട 64 കുടുംബങ്ങൾ അവിടെ മതമർദ്ദനം നേരിടുകയാൽ ശ്ലീഹായുടെ നേതൃത്വത്തിൽ ഏ.ഡി. 63-ൽ തിരുവാംകോട് എത്തിച്ചേർന്നു. ഇവിടെവച്ച് തിരുവള്ളുവർ തോമാശ്ലീഹായെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ അദ്ഭുതശക്തിയിൽ ആകർഷിതനാവുകയും ചെയ്തു. അദ്ദേഹം തന്നെയാണ് ശ്ലീഹായെക്കുറിച്ചുള്ള വിവരങ്ങൾ രാജാവിനെ ധരിപ്പിച്ചത്. തോമാശ്ലീഹായിലും അദ്ദേഹത്തിന്റെ കൂടെയുള്ള ക്രൈസ്തവരിലും ആകൃഷ്ടനായ രാജാവ് അവർക്കു സ്ഥിരതാ മസത്തിനായി 300 ഏക്കർ സ്ഥലം കരമൊഴിവായി നല്കി. പള്ളി പണിയുവാനുള്ള അനുവാദം നല്കുക മാത്രമല്ല അതിനുവേണ്ട എല്ലാ സാമഗ്രികളും നല്കുകയും ചെയ്തു. അങ്ങനെ തോമാശ്ലീഹാ തന്നെ വിശ്വസിച്ച് തന്നോടൊപ്പം ചേർന്നവരെ കൈവെടിയാതെ അവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുകയും അവരുടെ ഉന്നതിക്കായി എല്ലാ കാര്യങ്ങളും ചെയ്യുകയും ചെയ്തു.

വിചിന്തനം

തോമാശ്ലീഹാ സ്ഥാപിച്ച് ഏഴരപ്പള്ളികളിൽ ഒന്ന് എന്നറിയപ്പെടുന്ന തിരുവാംകോട് പള്ളി സ്ഥിതിചെയ്യുന്നത് തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ അഴകിയ മണ്ഡപം എന്ന സ്ഥലത്തുനിന്നും രണ്ടുകിലോമീറ്റർ വലത്തോട്ടു മാറിയാണ്. ഓർത്തഡോക്സ് സഭയാണ് ഈ പള്ളി അവകാശപ്പെടുത്തിയിരിക്കുന്നത്. തോമാശ്ലീഹാ യുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങൾ പുനർജ്ജീവിപ്പിക്കു വാൻ ധാരാളം പരിശ്രമങ്ങൾ ഇവിടെ നടത്തിയിട്ടുണ്ട്. അരപ്പള്ളി എന്നാണു തിരുവാംകോട് പള്ളി അറിയപ്പെടുന്നത്. അരപ്പള്ളിയെന്നാൽ പൂർത്തിയാകാത്ത പള്ളിയെന്നല്ല, അരചന്റെ (രാജാവിന്റെ) പള്ളിയെന്നാണ അർത്ഥം. രാജാവ് മുൻകൈ എടുത്ത് അദ്ദേഹത്തിന്റെ തന്നെ സഹായത്താൽ നിർമ്മിച്ച പള്ളി എന്ന അർത്ഥത്തിലാണ് ഇതു അരപ്പള്ളി എന്നറിയപ്പെടുന്നത്.

തന്നെ വിശ്വസിച്ച് തന്നോടൊപ്പം ചേർന്നവരെ തോമാശീഹാ ഒരിക്കലും കൈവിടുന്നില്ല. ജീവിതത്തിന്റെ എല്ലാ സാചര്യങ്ങളിലും അദ്ദേഹം അവരോടൊപ്പം നിന്നു. അതുകൊണ്ടാണല്ലോ പീഡകളും മർദ്ദനങ്ങളൂം ഏല്ക്കേണ്ടി വന്നപ്പോൾ അദ്ദേഹം അവരെയും കൊണ്ട് വൻദൂരം താണ്ടി തിരുവാംകോട് എത്തിയത്. തന്നെ വിശ്വസിക്കുന്നവർ ഒരിക്കലും നശിച്ചു പോകാതെ അവർക്കു നിത്യജീവൻ ഉണ്ടാ കുവാൻ വേണ്ടി നിരന്തരം പ്രാർത്ഥിച്ച മിശിഹായുടെ ശിഷ്യനായ തോമാശ്ലീഹാക്ക് സ്വന്തം ശിഷ്യരെ അവരുടെ വേദനകളിൽ ഉപേക്ഷിക്കുവാൻ സാധിക്കുമായിരുന്നില്ല. തോമാശ്ലീഹായുടെ ഈ ജാഗ്രത നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ. ഒപ്പം എല്ലാ പ്രതിസന്ധികളിലും തളരാതെ വിശ്വാസം പരിരക്ഷിച്ച് നമ്മുടെ പൂർവ്വികരെ നമുക്ക് നന്ദിയോടെ ഓർക്കാം.

പ്രാർത്ഥന

ഈശോയേ, “ഒരു പട്ടണത്തിൽ അവർ നിങ്ങളെ പീഡിപ്പിക്കുമ്പോൾ മറ്റൊന്നിലേയ്ക്കു ഓടിപ്പോകുവിൻ (മത്താ 10:23) എന്ന തിരുവചനം ജീവിത ത്തിൽ പ്രാവർത്തികമാക്കിയപ്പോൾ തോമാശ്ലീഹായെ സഹായിക്കാനായി ഉദാരമതിയായ ഒരു രാജാവിനെ തന്നെ നീ നല്കിയല്ലോ. മിഷൻ രാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന നിന്റെ മക്കൾക്ക് നല്ല ആരോഗ്യവും ആരാധനയ്ക്കായ് യോഗ്യമായ സ്ഥലങ്ങളും മനുഷ്യസ്നേഹികളായ അധികാരികളെയും നല്കണമേ. തോമാശ്ലീഹായെപ്പോലെ നിന്റെ വചനത്തിൽ അടിയുറച്ചു വിശ്വസിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ.

സുകൃതജപം

“കർത്താവ് എന്റെ ഇടയനാകുന്നു എനിക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീ 23:1).

സൽക്രിയ

വിശ്വാസസംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച നമ്മുടെ പൂർവ്വീകരെ ഓർത്ത് ഒരു വിശ്വാസപ്രമാണം ചൊല്ലുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ

മക്കൾക്കായ് പ്രാർത്ഥിക്കണേ
മാർത്തോമാ തിരുവാംകോട്ടിൽ
സുവിശേഷം പ്രഘോഷിച്ചു

രാജാവോ സംപ്രീതനായ
പള്ളിയെ നിർമ്മിച്ചവിടെ

ഓർത്തീടാം നന്ദിയോടെ വിശ്വാസം രക്ഷിക്കാനായി പൂർവ്വികർ ചെള്ളാരോ സഹനങ്ങൾ ഓരോന്നായ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group