ഏഷ്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികവ് കാട്ടി ഭാരതത്തിലെ ഐഐടികൾ

ന്യൂ ഡല്‍ഹി: ഏഷ്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ മികവ് തെളിയിച്ച്‌ രാജ്യത്തെ ഐഐടികള്‍. ആദ്യ നൂറില്‍ ഭാരതത്തിലെ ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇടം പിടിച്ചത്.

ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്-ഏഷ്യയില്‍ ഐഐടി ദല്‍ഹി 44-ാം സ്ഥാനവും ഐഐടി ബോംബേ 48-ാം സ്ഥാനവും നേടി. ഐഐടി മദ്രാസ് (56), ഐഐടി ഖരഗ്പൂര്‍ (60), ഐഐടി കാണ്‍പൂര്‍ (67), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (62), ദല്‍ഹി സര്‍വകലാശാല (81) എന്നീ സ്ഥാപനങ്ങളും ആദ്യ നൂറില്‍ ഇടംപിടിച്ചു. ഐഐടി ഗുവാഹതി, ഐഐടി റൂര്‍ക്കി, ജെഎന്‍യു, ചണ്ഡിഗഡ് സര്‍വകലാശാല, യുപിഇഎസ്, വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി എന്നീ സ്ഥാപനങ്ങളും 150ല്‍ താഴെ പട്ടികയിലുണ്ട്. ബീജിങ്ങിലെ പെകിങ് സര്‍വകലാശാലയ്‌ക്കാണ് ഒന്നാം റാങ്ക്. ഹോങ്കോങ് സര്‍വകലാശാല രണ്ടാമതും സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി മൂന്നാമതും എത്തി.

മുന്‍ വര്‍ഷത്തില്‍ 94-ാം സ്ഥാനത്തായിരുന്ന ഡല്‍ഹി സര്‍വകലാശാല ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തി 81ലേക്ക് എത്തി. യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് എനര്‍ജി സ്റ്റഡീസ് 148-ാം സ്ഥാനത്തുനിന്ന് 70ലേക്ക് കുതിച്ചെത്തി. രാജ്യത്തെ 15 സര്‍വകലാശാലകളാണ് 99 ശതമാനം അദ്ധ്യാപകരും പിഎച്ച്‌ഡി ബിരുദധാരികളാണ് എന്ന നേട്ടം കൈവരിച്ചത്.
ഏഷ്യയില്‍ ഏറ്റവുമധികം മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ഭാരതത്തിലാണ്. 162 സ്ഥാപനങ്ങളെയാണ് ക്യുഎസ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിന് ഭാരതത്തില്‍ നിന്ന് പരിഗണിച്ചത്. ചൈനയില്‍ നിന്ന് 135 സ്ഥാപനങ്ങളും ജപ്പാനില്‍ നിന്ന് 115 സ്ഥാപനങ്ങളെയും പരിഗണിച്ചു. തെക്കന്‍ കൊറിയ (101), ഇന്തോനേഷ്യ (73), പാകിസ്ഥാന്‍ (70), ഇറാന്‍ (32), ശ്രീലങ്ക (12), സിംഗപ്പൂര്‍ (4), നേപ്പാള്‍ (2), ഉസ്ബെക്കിസ്ഥാന്‍(35) എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പട്ടികയില്‍ ഇടം പിടിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m