ക്രൈസ്തവർ ആരുടെയും സ്ഥിരം കുത്തക വോട്ട്ബാങ്കല്ല

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

Kerala Christians are not anyone’s permanent monopoly vote bank

Editorial

വീണ്ടുമൊരു തദ്ദേശ സ്വയം ഭരണ തിരെഞ്ഞെടുപ്പ് കാലത്തിന് വിരാമം കുറിക്കപ്പെട്ടു. പലഘട്ടങ്ങളിലായി നടന്ന തദ്ദേശ സ്വയം ഭരണ തിരെഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനു ശേഷം ഡിസംബർ പതിനാറിന് നടന്ന വോട്ടെണ്ണലിലൂടെ ജനങ്ങളുടെ വോട്ടവകാശം കൊണ്ട് വിജശ്രീലാളിതരായ സ്ഥാനാർത്ഥികൾ തങ്ങളുടെ പുതിയ ദൗത്യങ്ങളിലേയ്ക്ക് നടന്നടുക്കുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആദർശങ്ങളെക്കാൾ അവർ നിർത്തുന്ന സ്ഥാനാർത്ഥികളെ കണ്ടും അവരുടെ വ്യക്തിബന്ധങ്ങളിലുമാണ് വിജയസാധ്യത പ്രവചിക്കപ്പെടുന്നതും തിരെഞ്ഞെടുപ്പ് വിജയം ചൂടാൻ സഹായകരമായി തീരുമെന്നാണ് പരമ്പരാഗതമായി തിരെഞ്ഞടുപ്പ് നിരീക്ഷകരും വിശകലനം ചെയ്യുന്നവരും പറഞ്ഞുവയ്ക്കുന്നത്. ഈ തിരെഞ്ഞടുപ്പ് വെറുമൊരു തിരെഞ്ഞടുപ്പ് ആയിരുന്നില്ല. കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചടുത്തോളം അതിലുപരി കത്തോലിക്കർക്ക് ഒരു സുപ്രധാന തിരെഞ്ഞടുപ്പ് തന്നെയായിരുന്നു. കഴിഞ്ഞ കുറച്ചു കാലങ്ങളായി സഭ വ്യക്തമായി ഉന്നയിക്കുന്ന ചില പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതിരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കൃത്യമായ മറുപടി നൽകിയ തിരെഞ്ഞടുപ്പ് തന്നെയാണ് കടന്നുപോയിരിക്കുന്നത്.

കേരളത്തിന്റെ നവോത്ഥാനരംഗത്ത് സുപ്രധാനമായ സംഭാവനകൾ സമ്മാനിച്ച കത്തോലിക്കാ സഭ ജനസംഖ്യയിൽ കേരള സമൂഹത്തിനുള്ളിൽ ചുരുങ്ങി കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി കോൺഗ്രസും കേരള കോൺഗ്രസും സഭയെ ഒരു വോട്ട് ബാങ്കായി കാണാറുണ്ട് എന്നത് ഒരു വസ്തുതയാണ്. ആദ്യത്തെ കമ്മ്യൂണിസ്റ്റു സർക്കാർ സഭയുടെ കീഴിയിലെ പള്ളിക്കൂടങ്ങളുടെ നേർക്ക് തിരിഞ്ഞപ്പോൾ ശക്തമായ സമര പരിപാടികളുമായി സഭ ആ കാലഘട്ടത്തിലൂടെ കടന്നുപോയി. വിമോചന സമരമെന്ന ശക്തമായ സമരത്തിലൂടെ ഒരു സർക്കാരിനെ താഴെയിറക്കാൻ സാധിച്ചു. അന്നുമുതലേ കോൺഗ്രസിനോടും അതിനു ശേഷം പിറവി കൊണ്ട കേരള കോൺഗ്രസുമായി ഒരു ബന്ധം ഉടലെടുത്തിട്ടുണ്ട്. അങ്ങനെ മേൽ പറഞ്ഞ പാർട്ടികളുടെ തലപ്പത്തിരിക്കുന്നവർ ക്രൈസ്തവർ തങ്ങളുടെ കുത്തക വോട്ട് ബാങ്കായി കരുതി കാലാകാലങ്ങളായി ഓരോ തിരെഞ്ഞെടുപ്പിലും തനിയാവർത്തനമായി തുടർന്നുകൊണ്ടിരുന്നു. എന്നാൽ കാലം കഴിയും തോറും ചില സമുദായങ്ങളുടെ അതിവേഗ വളർച്ചയ്ക്കു മുൻപിൽ തളർച്ച നേരിട്ട ക്രൈസ്തവ സഭകൾ തങ്ങൾ നേരിടുന്ന വിവേചനങ്ങളെപ്പറ്റി അതീവ ഗൗരവമായി ചിന്തിക്കാൻ ആരംഭിച്ചു. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി കേരള സംസ്ഥാനത്ത് രൂപം കൊണ്ട ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ ക്ഷേമ ഫണ്ടുകളുടെയും അതിന്റെ ഭാഗമായിട്ടുള്ള സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളും 80: 20 എന്ന ആനുപാതത്തിൽ ന്യൂനപക്ഷ സമുദായത്തിലെ ഒരു പ്രത്യേകമത വിഭാഗത്തിനു സിംഹഭാഗം നൽകുകയും ക്രൈസ്തവ സഭകൾ ഉൾപ്പെടുന്ന ബാക്കി ന്യൂനപക്ഷങ്ങൾക്ക് ബാക്കി വരുന്ന വളരെ കുറച്ച് ഭാഗം നൽകുകയും ചെയ്തിരുന്ന അശാസ്ത്രീയമായ നടപടികളെ ക്രൈസ്തവ സഭാ നേതൃത്വങ്ങൾ ചോദ്യം ചെയ്യാൻ ഇടയായി. എന്നാൽ ഇതുവരെ സഭകളുടെ അത്തരം ആശങ്കകൾക്ക് പരിഹാരമായില്ല എന്നത് വേറൊരു നഗ്നമായ സത്യം. തുടർന്ന് തിരെഞ്ഞെടുപ്പ് എന്നതിന്റെ പേരിൽ മതേതര പ്രസ്ഥാനമായി കരുതപ്പെടുന്ന കോൺഗ്രസ് മതമൗലിക ആദർശങ്ങൾ പേറുന്ന ചില തൽപര കക്ഷികളുമായി നീക്കു പോകുകൾ നടത്തി സഖ്യത്തിലേർപ്പെടുന്നതിനെ വിമർശിച്ച സഭാ നേതൃത്വത്തിന്റെ നിലപാടുകൾക്ക് ചെവി കൊടുക്കാൻ തയ്യാറായില്ല. ഹാഗിയാ സോഫിയ വിഷയത്തിൽ തുർക്കിയ്ക്ക് അനുകൂലമായി ലേഖനങ്ങൾ ഇറക്കി സ്തുതി പാടിയ സംഭവങ്ങളും ക്രൈസ്തവർ മറന്നിട്ടില്ല.

തുടർന്ന് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തൃശൂർ കോർപ്പറേഷനിലും തൊടുപുഴയിലും മറ്റ് സ്ഥലങ്ങളും വെട്ടിയും നിഷേധിച്ചും തഴഞ്ഞും ക്രൈസ്തവരെ മാറ്റി നിർത്താൻ ശ്രമിച്ചു എന്നത് നഗ്നമായ സത്യമാണ്. അതിനെല്ലാം ഒരു മികച്ച മറുപടി തന്നെയാണ് ഈ തിരെഞ്ഞെടുപ്പിൽ ക്രൈസ്തവർ കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നൽകിയിരിക്കുന്നത്. ഇനി തുടർന്നു വരുന്ന നിയമസഭ തിരെഞ്ഞെടുപ്പിനു മുൻപേ രാഷ്ട്രീയ കക്ഷികൾ ക്രൈസ്തവരെ പറ്റി കരുതി വച്ചതും സ്ഥിരം വോട്ടു ബാങ്കാണെന്ന ചിന്തയ്ക്കും മേൽ നൽകിയ പ്രഹരം തന്നെയാണ് ഈ തദ്ദേശ സ്വയം ഭരണ തിരെഞ്ഞെടുപ്പ് . ഇനി അവർ സഭകളെപ്പറ്റി ഗൗരവമായി ചിന്തിക്കുകയും സഭകൾ ഉയർത്തുന്ന വിഷയങ്ങളിൽ ഇടപെടുമെന്നും കരുതാം. അതേ, ക്രൈസ്തവർ ആരുടെയും സ്ഥിരം കുത്തക വോട്ടബാങ്കല്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group