കത്തോലിക്കാ സഭയുടെ ചേർന്ന് നിൽക്കുന്ന സ്ഥാനാർഥിക്ക് വോട്ട്: തലശ്ശേരി അതിരൂപത പാസ്‌റ്ററൽ കൗൺസിൽ

തലശ്ശേരി: കക്ഷിഭേദമന്യേ കത്തോലിക്കാ സഭയോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥികൾക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള  തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തലശ്ശേരി അതിരൂപത പാസ്‌റ്ററൽ കൗൺസിൽ തീരുമാനിച്ചു. രാഷ്ട്രീയമായി യാതൊരു പക്ഷത്തെയും സഭ അനുകൂലിക്കുന്നില്ലെന്നും മറിച്ച് സഭയ്ക്ക് നന്മ ചെയ്യുമെന്ന് ഉറപ്പുള്ളവരെ പിന്തുണയ്ക്കുമെന്നും ഓൺലൈനായി നടന്ന പാസ്റ്ററൽ കൗൺസിൽ യോഗം ഉദ്ക്കാടനം ചെയ്തു പ്രസംഗിക്കവെ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞെരളക്കാട്ട് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികൾ സഭയ്ക്കനുകൂലമല്ലെന്നും പിന്നോക്ക സംവരണത്തിൽ സഭ നേരിട്ടിരുന്ന അവഗണയ്ക്ക് മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്നും നേരെത്തെ സംസ്ഥാനതലത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങാനും വിതരണം ചെയ്യാനുമായി ‘ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി’ തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഈ മാസം പ്രവർത്തനമാരംഭിക്കും. ഒപ്പം ദീപിക ദിനപത്രത്തിന്റെ കണ്ണൂർ യൂണിറ്റ് തലശ്ശേരി അതിരൂപത ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. നവ-കർഷക സംരംഭങ്ങൾ, കർഷക വർഷം, വിലയിരുത്തൽ, മുന്നോക്കക്കാരിലെ സംവരണം, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നിലപാടുകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് യഥാക്രമം ഫാ.മാത്യു ആശാരിപ്പറമ്പിൽ, റവ.ഡോ. ജോൺസൻ അന്ത്യാകുളം, ഡോ.സജിമോൻ പാലയ്ക്കൽ, ഡോ. എം.ജെ. മാത്യു മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു. കോവിഡ് കാല അജപാലന പ്രവർത്തനങ്ങൾക്ക് പുതിയ സാഹചര്യങ്ങൾ ഇടവകകളിൽ ക്രമീകരിച്ചിട്ടുണ്ടെന്നും അറുപത് വയസ്സിൽ താഴെയുള്ള കത്തോലിക്കർ ഞായറാഴ്ച കടം തീരാൻ ആഴ്ചയിൽ ഏതെങ്കിലും ദിവസം ദേവാലയത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കേണ്ടതാണെന്നും അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പാംപ്ലാനി നിർദ്ദേശിച്ചു. ചടങ്ങിലെ പ്രാർഥന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത് മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആയിരുന്നു . അതിരൂപത ചാൻസിലർ ഫാ. തോമസ് തെങ്ങുംപള്ളിയിൽ യോഗത്തിന് നേതൃത്വം നൽകി. അതിരൂപത വികാരി ജനറൽ മോൺ. അലക്സ് താരാമംഗളം സ്വാഗതവും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ ചടങ്ങിൽ നന്ദിയും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group