‘കൈകോര്‍ക്കാം വയനാടിനായി’; ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാൻ കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ കളക്ടർ. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്തുക്കള്‍ എത്തിക്കാനാണ് നിർദേശം.

സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്‌ട്രേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്ബറിലാണ് ബന്ധപ്പെടേണ്ടത്. പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണമെന്നാണ് നിർദേശം.

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടന്നുവരുന്നതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. 12 ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ക്യാമ്ബുകള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ എത്തിക്കാൻ സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായം കൂടി തേടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈത്തിരി താലൂക്കിലെ മുണ്ടക്കൈ എന്ന പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ 70 പേരുടെ മരണം സ്ഥിരീകരിച്ചു. 120 പേരെ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എത്ര പേരെ കാണാതായെന്ന കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണില്‍ കുടുങ്ങിയ ആളെ മണിക്കൂറുകള്‍ക്കുശേഷം അതിസാഹസികമായി രക്ഷപ്പെടുത്തി. ഉരുള്‍പൊട്ടി കല്ലും മണ്ണുമെല്ലാം വീടുകളും മറ്റും തകര്‍ത്തുകൊണ്ട് ഒഴുകിയ സ്ഥലത്തിന് സമീപത്തെ ചെളിയില്‍ കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. മലവെള്ളപ്പാച്ചിലിന്‍റെ ഒഴുക്ക് ഈ ഭാഗത്ത് കുറഞ്ഞിരുന്നെങ്കിലും ചെളിയില്‍ ആഴ്ന്നുപോവുകയായിരുന്നു. മുട്ടോളം ചെളിയില്‍ കുടുങ്ങി നിന്നയാളുടെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. രക്ഷപ്പെടുത്താൻ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് ആദ്യം അടുത്തേക്ക് എത്താനായിരുന്നില്ല. കുടുങ്ങിയ ആള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപം ഒഴുക്കുണ്ടായിരുന്നെങ്കിലും ഇതിനെ അതിജീവിച്ച്‌ രക്ഷാപ്രവര്‍ത്തകര്‍ ആളുടെ അടുത്തെത്തി ചെളിയില്‍ നിന്ന് പുറത്തെടുക്കുകയായിരുന്നു. മുണ്ടക്കൈ യുപി സ്കൂളിന് സമീപത്ത് നിന്നാണ് ഇയാളെ മണ്ണില്‍ നിന്നും രക്ഷപ്പെടുത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m