മാർ ജോസഫ് സെബസ്ത്യാനി: നസ്രാണി കത്തോലിക്കരുടെ വിസ്മരിക്കപ്പെട്ട നായകൻ

കൂനൻ കുരിശ് സത്യത്തിന് ശേഷം വിഘടിച്ച് നിന്ന ഭാരത നസ്രാണി ക്രൈസ്തവർക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹമായിരുന്നു മാർ ജോസഫ് സെബസ്ത്യാനി അഥവാ മാർ ജോസഫ് സെന്റ് മേരി സെബസ്ത്യാനി. മാർ ജോസഫ് സെബസ്ത്യാനി പിതാവിന്റെ 335ാം ചരമവാർഷികമാണ് ഇന്ന് (15/10/2024). വിഭജിക്കപ്പെട്ട ഭാരത നസ്രാണി സമൂഹത്തെ വീണ്ടും ഒന്നിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമങ്ങളും, ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കത്തോലിക്കാ മെത്രാനെ വാഴിക്കുന്നതിൽ വഹിച്ച പങ്കും അദ്ദേഹത്തെ സഭയുടെ സുപ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാക്കി മാറ്റി.

നസ്രാണി ക്രിസ്ത്യാനികൾ

എ. ഡി. ഒന്നാം നൂറ്റാണ്ടിൽ തോമാശ്ലീഹയാൽ ക്രിസ്തുമതം സ്വീകരിച്ച സമൂഹമാണ് ഭാരത നസ്രാണി ക്രൈസ്തവർ അഥവാ മർത്തോമ നസ്രാണികൾ എന്ന് അറിയപ്പെടുന്നത്. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നസ്രാണി ക്രൈസ്തവർ പേർഷ്യയിലെ സഭയുമായി ബന്ധം സ്ഥാപിക്കുകയും, ആധ്യാത്മിക കാര്യങ്ങൾക്കായി കത്തോലിക്ക പാത്രിയാർക്കീസ് നിയോഗിക്കുന്ന മെത്രാന്മാരെ ആശ്രയിക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലും പതിനേഴാം നൂറ്റാണ്ടിലും പോർച്ചുഗീസുകാർ അവരുടെ ആചാരങ്ങൾ നസ്രാണി ക്രിസ്ത്യാനികളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ഉണ്ടായി. ഇത് വലിയ രീതിയിലുള്ള അസ്വസ്ഥതകൾക്കും, അഭിപ്രായ ഭിന്നതകൾക്കും കാരണമായി.

കൂനൻ കുരിശ് സത്യം

1653 ജനുവരി 3 ന് കേരളത്തിലെ മട്ടാഞ്ചേരിയിൽ നടന്ന കൂനൻ കുരിശ് പ്രതിജ്ഞയോടെ അഭിപ്രായഭിന്നത അതിന്റെ പൂർണ്ണതയിൽ എത്തി. ആർച്ച്ഡീക്കൻ തോമായുടെ നേതൃത്വത്തിൽ, നസ്രാണി ക്രിസ്ത്യാനികളുടെ ഒരു വലിയ സംഘം പോർച്ചുഗീസ് ആധിപത്യത്തിനെതിരെ തിരിഞ്ഞു. ഫ്രാൻസിസ് ഗാർസ്യാ മെത്രാപ്പോലീത്തയുടെ അധികാരം അംഗീകരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും, ജെസ്യൂട്ട് നിയന്ത്രണത്തെ ചെറുക്കണമെന്ന് തീരുമാനിക്കുകയും ചെയ്തു. ഇത് സമുദായത്തിനുള്ളിൽ ഒരു വലിയ പിളർപ്പിന് തുടക്കം കുറിച്ചു.

1653 മെയ് 22-ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയത്തിൽ വച്ച് 12 വൈദികർ ചേർന്ന് ആധികാരികത ഇല്ലാതിരുന്ന കത്തിന്റെ പിൻബലത്തിൽ ആർച്ച്ഡീക്കൻ തോമായെ മെത്രാനായി വാഴിച്ചു. എന്നാൽ ഒരു മെത്രാന് മാത്രമേ ഒരു വൈദികനെ മെത്രാനായി അഭിഷേകം നടത്താനുള്ള അധികാരം ഉള്ളൂ എന്ന കാനോനിക നിയമം ഉള്ളതിനാൽ, കത്തോലിക്കാ സഭ ഈ മെത്രാഭിഷേകത്തെ അംഗീകരിച്ചില്ല.

ആദ്യ ഇന്ത്യാ സന്ദർശനം

ഈ പ്രതിസന്ധിക്ക് മറുപടിയായി അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ 1656-ൽ കർമ്മലീത്ത പുരോഹിതനായ ജോസഫ് സെബസ്ത്യാനിയെ അപ്പസ്തോലിക് കമ്മീഷന്റെ അധികാരത്തിൽ ഇന്ത്യയിലേക്ക് അയച്ചു. നസ്രാണി ക്രിസ്ത്യാനികളെ അവരുടെ പൗരസ്ത്യ പാരമ്പര്യത്തെ ബഹുമാനിച്ചുകൊണ്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ദൗത്യം.

ആദ്യ സന്ദർശനത്തിൽ ജോസഫ് വൈദികൻ കേരളത്തിലുടനീളം സഞ്ചരിച്ച് പുരോഹിതന്മാരുമായും നേതാക്കളുമായും ക്രൈസ്തവ വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തി. കത്തോലിക്ക വിശ്വാസത്തിലേക്ക് തിരിച്ചുവരുമ്പോൾ നസ്രാണി ക്രിസ്ത്യാനികൾക്ക് അവരുടെ ആരാധനാ പാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്താൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരവധി പുരോഹിതന്മാരെയും വിശ്വാസികളെയും കത്തോലിക്കാ സഭയിലേക്ക് തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും, പോർച്ചുഗീസ് നിയന്ത്രണത്തെ എതിർത്ത ആർച്ച്ഡീക്കൻ തോമസിനോട് സമൂഹത്തിലെ വലിയ ഭാഗം അപ്പോഴും വിശ്വസ്തത പുലർത്തി.

രണ്ടാം ഇന്ത്യൻ സന്ദർശനവും പള്ളിവീട്ടിൽ ചാണ്ടി മെത്രാന്റെ സ്ഥാനാരോഹണവും

തന്റെ ആദ്യ ദൗത്യത്തിനുശേഷം ജോസഫ് വൈദികൻ റോമിലേക്ക് മടങ്ങുകയും കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് മാർപ്പാപ്പയെ ധരിപ്പിക്കുകയും ചെയ്തു. 1661-ൽ അലക്സാണ്ടർ ഏഴാമൻ മാർപ്പാപ്പ അദ്ദേഹത്തെ മെത്രാനായി വാഴിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

ആ കാലഘട്ടത്തിൽ കേരളത്തില് 116 ക്രൈസ്തവ ദേവാലയങ്ങളാണ് ഉണ്ടായിരുന്നത്. കൂനൻ കുരിശ് സത്യത്തിന് ശേഷം ബഹുഭൂരിപക്ഷം ദേവാലയങ്ങളും ആർച്ച്ഡീക്കൻ തോമായുടെ പക്ഷത്തായിരുന്നു.
ജോസഫ് മെത്രാന്റെ പരിശ്രമങ്ങളുടെ ഫലമായി 1663 ൽ 84 ദേവാലയങ്ങൾ കത്തോലിക്ക വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു.

1663 ൽ ഭാരതത്തിലെ ആദ്യ തദ്ദേശീയനായ മെത്രാനായി പറമ്പിൽ ചാണ്ടിയെ കുറവിലങ്ങാട് വെച്ച് മാർ ജോസഫ് സെബസ്ത്യാനി അഭിഷേകം ചെയ്തു. നസ്രാണി ക്രിസ്ത്യാനികളുടെ കത്തോലിക്കാ വിശ്വാസത്തെ സുസ്ഥിരമാക്കുന്നതിലും അനേകരെ സഭയിലേക്ക് തിരികെ കൊണ്ടുവരുന്നതിലും ചാണ്ടി മെത്രാന്റെ നിയമനം വലിയ വിജയം കണ്ടു.

ദൗത്യം അവസാനിപ്പിച്ച് തിരികെ യൂറോപ്പിലേക്ക്

ഡച്ചുകാർ കൊച്ചി പിടിച്ചടക്കിയതിന്റെ അനന്തരഫലമായി ഡച്ചുകാർ അല്ലാത്ത എല്ലാ മിഷനറിമാരും തിരികെ യൂറോപ്പിലേക്ക് പോകണം എന്ന ഉത്തരവിൻമേൽ മാർ ജോസഫ് മെത്രാന് കേരളത്തിൽ നിന്ന് തിരിച്ചു പോകാൻ നിർബന്ധിതനായി.

മാർ ജോസഫ് സെബസ്ത്യാനി ഇന്ന് കേരളത്തിലോ സീറോ മലബാർ സഭയിലോ വ്യാപകമായി ഓർമ്മിക്കപ്പെടുന്നില്ലായിരിക്കാം, പക്ഷേ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വളരെ വലുതാണ്.

ഒരുപക്ഷേ ജോസഫ് മെത്രാന് കേരളത്തിൽ കൂടുതൽ കാലം തുടരാൻ കഴിഞ്ഞിരുന്നുവെങ്കിൽ കത്തോലിക്ക വിശ്വാസം ഉപേക്ഷിച്ച് പോയ മുഴുവൻ നസ്രാണി വിഭാഗത്തെയും തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിയുമായിരുന്നിരിക്കണം.

മാർ ജോസഫ് സെബസ്ത്യാനി മെത്രാന്റെ പ്രയത്നങ്ങളുടെ കാലിക പ്രസക്തി

സീറോ മലബാർ സഭ പല തരത്തിൽ ഉള്ള ആഭ്യന്തര ഭിന്നതകൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ മാർ ജോസഫിന്റെ പ്രവർത്തന രീതികൾ ഇവിടെ പ്രസക്തമാണ്. അടുത്ത കാലത്തായി വിശുദ്ധ കുർബാന അർപ്പണ രീതിയെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ സഭയ്ക്കുള്ളിൽ സംഘർഷത്തിന് കാരണമായിട്ടുണ്ട്.

കൂനൻ കുരിശു പ്രതിജ്ഞ മൂലമുണ്ടായ ഭിന്നതയെ സുഖപ്പെടുത്താൻ ജോസഫ് മെത്രാൻ പ്രവർത്തിച്ചത് പോലെ, ഇന്ന് സഭയിൽ രൂപം കൊണ്ടിരിക്കുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ സ്ഥാപിത താല്പര്യങ്ങൾ മാറ്റി വെച്ചു, ബാഹ്യ ഇടപെടലുകളിൽ വീഴാതെ, ക്രിസ്തു വിശ്വാസം മുറുകെ പിടിച്ചും , ഫ്രാൻസിസ് മാർപാപ്പയെ അനുസരിച്ചും സഭയുടെ ഐക്യവും അഖണ്ഡതയും തിരിച്ചു കൊണ്ടുവരേണ്ടത് സഭ നേതൃത്വത്തിന്റെയും, ഓരോ സഭമക്കളുടെയും കടമയും കർത്തവ്യവും ആണ്. അതിനായി ഈശോമിശിഹായുടെ അനുഗ്രഹം ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ലിയോൺ ജോസ് വിതയത്തിൽ
ഗ്ലോബൽ യൂത്ത് കോഡിനേറ്റർ
കത്തോലിക്ക കോൺഗ്രസ്
Email: [email protected]
UK: +447769421392
India: +91 6238311828


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m