ഗണിത-കംപ്യൂട്ടർ സാങ്കേതികശാസ്ത്ര വിദഗ്‌ധൻ ഡോ. എം.എസ്.ടി. നമ്പൂതിരി അന്തരിച്ചു

മരങ്ങാട്ടുപിള്ളി: ഗണിത-കംപ്യൂട്ടര്‍ ശാസ്ത്രജ്ഞനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ. ശങ്കരന്‍ ത്രിവിക്രമന്‍ നമ്ബൂതിരി അമേരിക്കയില്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. ആറ് പതിറ്റാണ്ടുമുമ്ബ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയില്‍ കുടുംബസമേതമായിരുന്നു താമസം. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.

ശങ്കരന്‍ നമ്ബൂതിരിയുടെയും ഗംഗാദേവി അന്തര്‍ജനത്തിന്റെയും മകനാണ്. അച്ഛനില്‍നിന്ന് സംസ്‌കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടി. പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. കാലടി ശ്രീ ശങ്കരാചാര്യ കോളേജിലും കോഴിക്കോട് ഫാറൂഖ് കോളേജിലും അധ്യാപകനായിരുന്നു. 1963-ല്‍ അമേരിക്കയില്‍ എത്തി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്, വിസ്‌കോന്‍സെന്‍ യൂണിവേഴ്സിറ്റി, ഇല്ലിനോയ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്ന് പിഎച്ച്‌.ഡി.യും കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദവും നേടി. പിന്നീട് അവിടെയല്ലാം അധ്യാപകനായി. 1974-ല്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസിന്റെ ട്രെയിലര്‍ ക്യാംപസില്‍ എത്തി. അവിടെ മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് മേധാവിവരെയായി.

യൂണിവേഴ്സിറ്റി ഓഫ് ടെക്‌സസില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന സരസ്വതി അന്തര്‍ജനം ആണ് ഭാര്യ (മാവേലിക്കര ചീരവള്ളി ഇല്ലം അംഗമാണ്). മക്കള്‍: ഡോ. മായ, ഇന്ദു (കെമിക്കല്‍ എന്‍ജിനീയര്‍). മരുമകന്‍: വിജയ് ശരദേഷ് പാണ്ഡേ. സഹോദരങ്ങള്‍: എം.എസ്. നാരായണന്‍ നമ്ബൂതിരി, എം.എസ്. ശങ്കരന്‍ നമ്ബൂതിരി, എം.എസ്. ദാമോദരന്‍ നമ്ബൂതിരി, ആര്യാദേവി അന്തര്‍ജനം, അമ്മിണി അന്തര്‍ജനം, ശാരദ അന്തര്‍ജനം, പരേതരായ ശ്രീദേവി അന്തര്‍ജനം, എം.എസ്. ശ്രീധരന്‍ നമ്ബൂതിരി, എം.എസ്. കൃഷ്ണന്‍ നമ്ബൂതിരി. സംസ്‌കാരം അമേരിക്കയില്‍ പിന്നീട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m