വിശുദ്ധ ലൂയിസ് ബെട്രാൻഡിന്റെ ഓർമ്മത്തിരുന്നാൾ ആയാണ് ക്രിസ്തുമതവിശ്വാസികൾ ഒക്ടോബർ 9 അനുസ്മരിക്കുന്നത്. 1526 ജനുവരി ഒന്നിന് സ്പെയിനിലെ വാലൻസിയായിലായിരുന്നു വിശുദ്ധൻ ജനിച്ചത്. മാതാവിന്റെ അതീവ ഭക്തനായിരുന്നു അദ്ദേഹം. ജപമാലയുടെ ശക്തിയിൽ വിശ്വസിച്ചിരുന്ന വിശുദ്ധൻ ഒരു ബാലികയെ ഉയർപ്പിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഡൊമിനിക്കൻ സഭയിൽ ചേർന്നു. അതിനുശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ പുരോഹിത സ്ഥാനം അലങ്കരിക്കുകയും ഉണ്ടായി. പതിമൂന്ന് വർഷങ്ങൾ പല സ്ഥാനങ്ങളും പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
1557ൽ വാലൻസിയായിൽ ‘പ്ലേഗ്’ പടർന്നു പിടിക്കുകയും അദ്ദേഹം തന്റെ ജീവിതം രോഗികളായ ജനങ്ങളെ ശുശ്രൂഷിക്കുന്നതിനായും മറ്റും സമർപ്പിക്കുകയും ചെയ്തു. തുടർന്ന് 1562ൽ മിഷനറി പ്രവർത്തനങ്ങളുമായി തെക്കേ അമേരിക്കയിൽ പോയി. ഇക്കാലയളവിൽ അദ്ദേഹം ദൈവത്തിൻറെ ദർശനങ്ങൾ അവിടുള്ള ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പരിശ്രമിച്ചു. പരമകാരുണികനായ ദൈവത്തിന്റെ ദൗത്യ വാഹകൻ ആയിരുന്നു വിശുദ്ധൻ. തെക്കേ അമേരിക്കയിലെ കാർട്ടജീന എന്ന സ്ഥലത്തെ ആയിരം പേരെ അദ്ദേഹം ജ്ഞാനസ്നാനം ചെയ്യിച്ചു. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പനാമയിലെ ആദിവാസി ജനങ്ങൾക്കിടയിലും അദ്ദേഹം പ്രവർത്തിച്ചു. വിശുദ്ധന്റെ പ്രവർത്തനങ്ങൾ എല്ലാവർക്കും ഒരു മാതൃകയായിരുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ശേഷം 1569ൽ അദ്ദേഹം സ്പെയിനിലേക്ക് തിരിച്ചുവന്നു. തന്റെ സേവനങ്ങൾ വാലൻസിയായിയിലെ ജനങ്ങൾക്കു വേണ്ടിയും കാഴ്ചവെച്ചു.
1580ൽ അദ്ദേഹം രോഗപീഡയാൽ കിടപ്പിലായി .അദ്ദേഹത്തിന്റെ ജീവിതം പല അത്ഭുതങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. രോഗശയ്യയിൽ നിന്നും വിശുദ്ധനെ പ്രസംഗിക്കുന്നതിന് ആയി പ്രസംഗ വേദിയിലേക്ക് കൊണ്ടുപോയതായി പറയപ്പെടുന്നുണ്ട്. മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തിൽനിന്നും സ്വർഗീയ സുഗന്ധം ഉണ്ടായതായും വിശുദ്ധ അധരങ്ങളിൽ നിന്ന് ദിവ്യപ്രകാശം ചൊരിഞ്ഞതായും, ആ ദിവ്യപ്രകാശം അദ്ദേഹത്തിന്റെ മുറിയിലാകെ വ്യാപിച്ച് നിൽക്കുകയും പള്ളിയിൽ നിന്ന് ദിവ്യസംഗീതം ഉയർന്നു വന്നതായും പറയപ്പെടുന്നു.1581ൽ അദ്ദേഹം ദൈവത്തിൽ നിദ്ര പ്രാപിച്ചു. മരണത്തിനുശേഷവും 350 വർഷങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിന് യാതൊരു കേടുപാടുകളും സംഭവിക്കാതെ നിലനിന്നിരുന്നു.1936ൽ സ്പാനിഷ് വിപ്ലവത്തെത്തുടർന്ന് അദ്ദേഹത്തിൻറെ ശരീരം നശിപ്പിക്കപ്പെട്ടതായും പറയപ്പെടുന്നു. തെക്കേ അമേരിക്കക്കാരുടെ അപ്പസ്തോലൻ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത് ജപമാല ഭക്തിയുടെ അനുഗ്രഹത്താൽ വിശുദ്ധൻ അന്ന് ദൈവീക പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. 1671ൽ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു