സണ്‍ഡേസ്കൂള്‍ പാഠങ്ങൾ കൂടുതൽ മനുഷ്യകേന്ദ്രീകൃതവും മൂലാധിഷ്ഠിതവുമാകണം

………………………………………
തലശ്ശേരി രൂപതക്കാരിയായ ഒരു യുവതി ഇസ്ലാമതം സ്വീകരിച്ച എന്നൊരു വാര്‍ത്ത കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അതിന്‍റെ തെളിവായി പെണ്‍കുട്ടി മതംമാറിയതിന്‍റെ ഒരു സര്‍ട്ടഫിക്കറ്റും ഓണ്‍ലൈനില്‍ കണ്ടു. ഈ വിഷയത്തില്‍ ഇടപെട്ട ഒരു വൈദികന്‍ ഈ പെണ്‍കുട്ടിയോടു മണിക്കൂറുകളോളം സംസാരിച്ചുകൊണ്ട് ക്രൈസ്തവ വിശ്വാസവിഷയങ്ങളില്‍ ഈ യുവതിയുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ വിശദീകരണങ്ങളില്‍ തൃപ്തയാകാതെ യുവതി ഇസ്ലാമത വിശ്വാസം സ്വീകരിച്ചു എന്നാണ് അറിയുന്നത്.

ക്രൈസ്തവ പെൺകുട്ടികൾ ഇസ്ളാമത്തിലേക്ക് ആകൃഷ്ടരാകുന്ന ഈ കാലത്ത് ആഗോളതലത്തിലും കേരളത്തിലും ഇസ്ലാമിക സമൂഹത്തില്‍ സംഭവിക്കുന്നത് എന്തെന്നു നോക്കുക. ഇസ്ലാമതത്തില്‍ ജനിച്ചുവളര്‍ന്ന ആയിരക്കണക്കിന് യുവതി -യുവാക്കള്‍ മതം ഉപേക്ഷിച്ച് നിരീശ്വരദാവത്തിലേക്കും മറ്റ് മതങ്ങളിലേക്കും ചേക്കേറുന്ന വാര്‍ത്തകളാണ് ആഗോളതലത്തില്‍ ഇന്ന് ഉയർന്നു കേള്‍ക്കുന്നത്. കേരളത്തിലും ഇസ്ലാമിക സമൂഹത്തിനുള്ളില്‍ മതവിശ്വാസം ഉപേക്ഷിക്കുന്ന പ്രവണത അതിശക്തമാണ്. “എക്സ് മുസ്ലിംസ്” ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇസ്ലാമത പണ്‍ഡിതന്മാരും മതപ്രചാരകരും ഇന്ന് തീര്‍ത്തും നിശ്ശബ്ദരും നിസ്സഹായരുമായി നില്‍ക്കുന്നു.

ആധുനിക ലോകക്രമത്തിനു യോജിച്ച രീതിയിൽ ഇസ്ളാമതത്തെ പരിഷ്കരിക്കാൻ ശ്രമിക്കുന്ന ഒരു പറ്റം നവീകരണവാദികൾ നേതൃത്വം നൽകുന്ന “ന്യൂഎയ്ജ് ഇസ്ലാം” എന്നൊരു വെബ്സൈറ്റുണ്ട്. അതില്‍ പറയുന്നത് ഇറാനില്‍ 20 ശതമാനം പേര്‍ മതം ഉപേക്ഷിച്ചവരാണെന്നാണ്. സൗദിയില്‍ പത്തുലക്ഷത്തിലേറെ നിരീശ്വരവാദികളുണ്ടെന്നും പാക്കിസ്ഥാനില്‍ നാലുലക്ഷം പേര്‍ മതവിശ്വാസം ഉപേക്ഷിച്ചവരുണ്ട് എന്നുമാണ്. അമേരിക്കയിലെ 23 ശതമാനം യുവതി -യുവാക്കളും തങ്ങളെ “മുസ്ലിം” എന്നു വിളക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ്. ഇക്കൂട്ടത്തില്‍ പറയുന്ന മറ്റൊരു വസ്തുതയുണ്ട്, ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തില്‍ 4-5 ശതമാനം വ്യക്തികള്‍ ഇസ്ലാമതം ഉപേക്ഷിച്ചു എന്നും ഈ വെബ്സൈറ്റിൽ കാണുന്നു. (മാര്‍ച്ച് 20, 2024, ലിങ്ക് കമന്‍റ് ബോക്സില്‍)

മേല്‍പ്പറഞ്ഞ വെബ്സൈറ്റിലെ വസ്തുതകള്‍ ശരിയാണെങ്കില്‍ കേരളത്തിലെ 88 ലക്ഷം മുസ്ലിംകളില്‍ 4-5 ശതമാനം, ഏകദേശം നാലു ലക്ഷം പേര്‍ ഇസ്ലാമതം ബഹിഷ്കരിച്ച് നിരീശ്വരവാദത്തിന്‍റെ പിടിയിലമർന്നിട്ടുണ്ട്. മതത്തിന്‍റെ ക്ലിഷ്ഠതകളില്‍നിന്നും സ്വതന്ത്രചിന്തയുടെയും ആധുനികജീവിത സൗകര്യങ്ങളുടെയും ജനാധിപത്യ, മതേതര ദര്‍ശനങ്ങളുടെയും പിന്നാലെ ലക്ഷക്കണക്കിന് യുവതി യുവാക്കള്‍ ഇന്ന് ഒഴുകിനീങ്ങുന്നു. ഈ വേളയിലാണ് കേരളത്തില്‍ ക്രൈസ്തവ വിശ്വാസത്തിലും സംസ്കാരത്തിലും ജനിച്ചുവളര്‍ന്ന പെണ്‍കുട്ടികളിൽ ഇസ്ലാമതത്തോടും അതിന്‍റെ തീവ്രമതബോധനങ്ങളോടും കടുത്ത ആഭിമുഖ്യം കാണിക്കുന്ന വിചിത്രമായ ഒരു പ്രവണത രൂപപ്പെടുന്നതായി കാണുന്നത്. ഈ സാഹചര്യം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

ക്രൈസ്തവ വിശ്വാസ വിഷയങ്ങളിലുള്ള അജ്ഞതയാണോ വിശ്വാസ പരിശീലനങ്ങളിൽ വിഷയങ്ങൾ തെരഞ്ഞെടുത്തതിലുള്ള ന്യൂനതകളാണോ മറ്റു മതദര്‍ശനങ്ങളിലേക്ക് യുവതികൾ ആകൃഷ്ടരാകുന്നത് എന്നതു പ്രത്യേകം പരിശോധിക്കേണ്ട സംഗതിയാണ്. ഭൗതികത പ്രബലപ്പെടുന്ന ഇക്കാലത്ത് നിരീശ്വരവാദത്തിലേക്കു ജനങ്ങള്‍ ആകൃഷ്ടരാകുന്നത് മനസ്സിലാക്കാം. എന്നാല്‍ ക്രൈസ്തവവിശ്വാസത്തില്‍ നിന്നും പെണ്‍കുട്ടികള്‍ മാത്രം ആറാം നൂറ്റാണ്ടിലെ ജീവിതരീതി നിഷ്കർഷിക്കുന്ന ഇസ്ലാമതത്തിലേക്ക് ആകൃഷ്ടരാകുന്നു എന്നതിനാൽ ഈ വിഷയം കൂടുതൽ ഗൗരവമുള്ളതായി മാറുന്നു.

പ്രണയത്തിന്‍റെ പേരില്‍ കാമുകന്‍റെ മതവിശ്വാസത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചുകൊണ്ട് കടുത്ത യാഥാസ്ഥിതിക ജീവിതക്രമത്തിലേക്കു സ്വയം ചുരുങ്ങുവാന്‍ ഒരു ക്രിസ്ത്യൻ പെണ്‍കുട്ടി തയ്യാറാകുന്നതിനു പിന്നില്‍ പ്രണയം മാത്രമാണോ ഘടകം? ഇസ്ലാമതത്തിന്‍റെ ദൈവശാസ്ത്രം മനസ്സിലാക്കി അതിന്‍റെ മഹത്വമാണോ അവരെ സ്വാധീനിക്കുന്ന രണ്ടാമത്തെ പ്രധാന ഘടകം? ഇസ്ലാമതം മുന്നോട്ടു വയ്ക്കുന്ന സംസ്കാരിക പശ്ചാത്തലവും മൂല്യങ്ങളും വ്യക്തമായി മനസ്സിലാക്കുവാന്‍ ഇവര്‍ക്കു കഴിഞ്ഞട്ടുണ്ടോ? ക്രൈസ്തവ ദൈവശാസ്ത്രത്തിലും സംസ്കാരത്തിലും പരിശീലനം ലഭിച്ച വ്യക്തി അതിനേക്കാള്‍ മേന്മയേറിയത് എന്ന അര്‍ത്ഥത്തിലാണോ വിവാഹത്തിൻ്റെ പേരിൽ ഇസ്ലാമതത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നത്? പന്ത്രണ്ടുവര്‍ഷം നീളുന്ന സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയിലൂടെ അറിഞ്ഞ ക്രൈസ്തവികതയെ ഞൊടിയിടകൊണ്ടു കാമുകനുവേണ്ടി തള്ളിപ്പറയുന്നുവെങ്കില്‍ നമ്മുടെ വിശ്വാസ പരിശീലന പദ്ധതിയിൽ എവിടെയാണ് പിഴവു സംഭവിച്ചിരിക്കുന്നത് ? ഈയൊരു ചിന്തയും അന്വേഷണവുമാണ് ഈ ലേഖനത്തിന്‍റെ പശ്ചാത്തലമായി നിലകൊള്ളുന്നത്.

♦️ പാഠ്യപദ്ധതിയിലെ അപര്യാപ്തതകൾ പരിശോധിക്കേണ്ടതുണ്ട്

ലൗജിഹാദ് പോലുള്ള സംഭവങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ ക്രൈസ്തവ പ്രബോധനങ്ങളുടെ അപര്യാപ്തത പലരും ഉന്നയിക്കാറുണ്ട്. സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ കാലികമായ മാറ്റം വരുത്തിയാല്‍ ഈ തലമുറയിലെ യുവതികളെ സ്വാധീനിക്കുന്ന അന്യമത ചിന്തകള്‍ക്ക് തടയിടാമെന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്. വിവിധ മതങ്ങളെയും അവയുടെ ദര്‍ശനങ്ങളെയും സംബന്ധിച്ച കൂടുതൽ പാഠങ്ങൾ സണ്‍ഡേസ്കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും വാദിക്കുന്നവരുണ്ട് ( വളരെ ചുരുക്കമായി 12-ാം ക്ളാസിൽ ഈ വിഷയം പ്രതിപാദിക്കുന്നുണ്ട്).

എല്ലാ മുന്‍വിധികളും മാറ്റിവച്ച് സീറോ മലബാര്‍ സഭയുടെ സണ്‍ഡേസ്കൂള്‍ പാഠപുസ്തകങ്ങള്‍ എല്ലാം വിശദമായി വിലയിരുത്തുവാൻ എനിക്ക് അവസരമുണ്ടായി. സണ്‍ഡേസ്കൂള്‍ അധ്യാപകന്‍ എന്ന നിലയില്‍ എന്താണ് ഈ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതിനെക്കുറിച്ചു നല്ല അവബോധവുമുണ്ട്. ഈ അന്വേഷണത്തില്‍ സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയിൽ കണ്ടെത്തിയ പര്യാപ്തതകളും ചില അപര്യാപ്തതകളാണ് ഇവിടെ വിവരിക്കുന്നത്.

♦️സണ്‍ഡേസ്കൂള്‍ പാഠ്യാവലിയെ
സമ്പന്നമാക്കുന്ന ഘടകങ്ങള്‍

സീറോമലബാര്‍ സഭയുടെ ഇന്നുള്ള സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതി പരിശോധിച്ചപ്പോൾ മനസ്സിലായത് ക്രൈസ്തവ വിശ്വാസവിഷയങ്ങള്‍, ദൈവം, യേശുക്രിസ്തു, സഭ, ആരാധനക്രമം എന്നിവയെ സംബന്ധിച്ചു സമഗ്രമായ പ്രതിപാദനങ്ങളാല്‍ സമ്പന്നമാണ് എന്നാണ്. ഇതിലേറെ മനോഹരമായി കുട്ടികള്‍ക്കു വേണ്ടി ഈ വിഷയങ്ങള്‍ വിശദമാക്കാന്‍ കഴിയുമോ എന്ന് സംശയകരമാണ്.

“രക്ഷയുടെ പാതയില്‍” എന്ന അടിസ്ഥാന വിഷയത്തെ മുന്‍നിര്‍ത്തിയാണ് ഒന്നാം ക്ലാസു മുതലുള്ള സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം ക്ലാസു മുതല്‍ ദൈവത്തെ സംബന്ധിച്ചുള്ള അടിസ്ഥാന അവബോധമാണ് വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കുന്നത്. ഒന്നാം ക്ലാസില്‍ സൃഷ്ടാവായ ദൈവം, രണ്ടാം ക്ലാസില്‍ രക്ഷകനായ ദൈവം, മൂന്നാം ക്ലാസില്‍ ജീവദായകനായ ദൈവം, നാലാം ക്ലാസില്‍ ജീവന്‍റെ നീര്‍ച്ചാലുകള്‍.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ യേശുക്രിസ്തുവാണ് മുഖ്യവിഷയം. രക്ഷകനെ കാത്തിരുന്ന ജനം, യേശുവിനെ അനുഭവിച്ചറിഞ്ഞ ജനങ്ങള്‍, യേശുവിന്‍റെ പഠിപ്പിക്കലുകള്‍ എന്നിവയാണ് യഥാക്രമം ഉൾക്കൊള്ളിച്ചിരിക്കുന്നത്.

എട്ടാം ക്ലാസു മുതല്‍ സഭാജീവിതമാണ് പ്രതിപാദിക്കുന്നത്. എട്ടില്‍ ദൈവത്തിന്‍റെ ജനമായ സഭ, ഒമ്പതില്‍ ആരാധനാ സമൂഹമായ സഭ, പത്തില്‍ മിഷനറി സമൂഹമായ സഭ. പതിനൊന്നില്‍ സഭയിലും സമൂഹത്തിലുമുള്ള ക്രൈസ്തവ ജീവിതം -ഒന്നാം ഭാഗം, പന്ത്രണ്ടില്‍ സഭയിലും സമൂഹത്തിലുമുള്ള ക്രൈസ്തവ ജീവിതം -രണ്ടാം ഭാഗം. ഒരു കുട്ടിക്ക് അടിസ്ഥാനമായി ലഭിക്കേണ്ട ദൈവശാസ്ത്രത്തിന്‍റെ ബാലപാഠവും ചരിത്രവും ആരാധാനക്രമവും എല്ലാം ഉള്‍പ്പെട്ടതാണ് ഈ പാഠ്യപദ്ധതി.

ഇപ്രകാരമൊരു പാഠ്യപദ്ധതി മുന്‍നിര്‍ത്തി വിശ്വാസപരിശീലനം നടന്നിട്ടും എന്തുകൊണ്ടാണ് ക്രൈസ്തവബോധ്യങ്ങളെ തിരസ്കരിച്ചുകൊണ്ട് ക്രൈസ്തവ യുവതികള്‍ പ്രണയത്തിന്‍റെ പേരില്‍ ഒരു മടിയുമില്ലാതെ ക്രൈസ്തവവിശ്വാസം ഉപേക്ഷിക്കുന്നത് എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. പാരമ്പര്യ ക്രൈസ്തവ സഭകള്‍ മുതല്‍ “സോളാ സ്ക്രിപ്തൂറ”യ്ക്ക് പ്രാധാന്യം നല്‍കി ബൈബിള്‍ ദൈവശാസ്ത്രം മാത്രം പഠപ്പിക്കുന്ന പ്രൊട്ടസ്റ്റന്‍റ് സഭകളില്‍നിന്നും പെന്തക്കൊസ്ത്, ബ്രദറണ്‍ മൂവ്മെന്‍റുകളില്‍നിന്നു വരെ പ്രണയക്കെണിയില്‍ പെണ്‍കുട്ടികള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നതാണ് യഥാർത്ഥ്യം. അപ്പോള്‍ ബൈബിള്‍ ദൈവശാസ്ത്രത്തിന്‍റെ അപര്യാപ്തതയല്ല വിഷയമെന്ന് സുവ്യക്തമാകുന്നു.

♦️സണ്‍ഡേസ്കൂള്‍ പാഠങ്ങളുടെ
അപര്യാപ്തത എന്തൊക്കെ?

സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ എന്തൊക്കെയാണ് അപര്യാപ്തമായ ഘടകങ്ങള്‍ എന്നൊരു അന്വേഷണത്തില്‍ എന്‍റെ ചില നിരീക്ഷണങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നു.

ക്രൈസ്തവികത കുറെ ദൈവശാസ്ത്ര വിഷയങ്ങളുടെ സംയുക്തമായി ദൈവാലയത്തിനുള്ളില്‍ മാത്രം നിലകൊള്ളുന്ന ഒരു മതദര്‍ശനമല്ല. മനുഷ്യന്‍റെ അനുദിനജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടുനില്‍ക്കുന്ന മാനവികദര്‍ശനമാണ് ക്രൈസ്തവ വിശ്വാസത്തിന്‍റെ പ്രത്യേകത. “ഇതാ സകലവും ഞാന്‍ നവീകരിക്കുന്നു” എന്ന ഉത്ഥിതനായ ക്രിസ്തുവിന്‍റെ മൊഴികളെ അടിസ്ഥാനപ്പെടുത്തി ലോകത്തെയും ലോകക്രമങ്ങളെയും മുഴുവന്‍ നവീകരിക്കുക എന്ന വലിയ ദൗത്യമാണ് ക്രൈസ്തവ സഭ മുന്നോട്ടുവയ്ക്കുന്നത്. രക്ഷയുടെ പാതയില്‍ സഞ്ചരിക്കുന്ന ജനം ”സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്” (എഫേ 2:10). ഈ വചനത്തിൻ്റെ അടിസ്ഥാനത്തിൽ സഭയിലൂടെ വികസിതമായ സദ്പ്രവൃത്തികളും ക്രൈസ്തവമൂല്യങ്ങളും സമാനതകളില്ലാത്തതാണ്. ഈ മൂല്യങ്ങളില്‍ അധിഷ്ഠിതമായ പ്രായോഗിക ജീവിതവീക്ഷണങ്ങളുടെ അപര്യാപ്തത നമ്മുടെ സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ വ്യക്തമായി കാണുവാന്‍ കഴിയുന്നുണ്ട്.

ക്രൈസ്തവ -ഇസ്ലാം ദൈവശാസ്ത്രത്തിൽ ഏറെ സമാനമെന്നു തോന്നിക്കുന്ന നിരവധി വിഷയങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നു സകലരും ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. യഹോവയ്ക്കു പകരം ഇസ്ലാമില്‍ അള്ളായും യേശുവിനു പകരം ഈസായും ദൈവമാതാവായ മറിയത്തിനു പകരം ഈസയുടെ അമ്മയായ മറിയവും ഖുറാനിലുണ്ട്. സ്വര്‍ഗ്ഗം, നരകം, ന്യായവിധി തുടങ്ങി ക്രൈസ്തവസഭ മുന്നോട്ടു വയ്ക്കുന്ന എല്ലാ വിശ്വാസങ്ങളെയും ഇസ്ലാമതത്തിലും വിവരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ക്രൈസ്തവസഭയ്ക്ക് സമാന്തരമായി രൂപപ്പെട്ട മറ്റൊരു മതമാണ് ഇസ്ലാം. വിദൂരദര്‍ശനത്തില്‍ സമാനമെന്നു തോന്നുമെങ്കിലും സൂക്ഷ്മതലത്തില്‍ പഠന വിധേയമാക്കുമ്പോള്‍ മാത്രമേ ഇവയിലെ വൈരുദ്ധ്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ഈ യാഥാർത്ഥ്യം ഗ്രഹിക്കാതെ രണ്ടും “സഹോദര മത”ങ്ങളാണെന്ന് കരുതി ആശയക്കുഴപ്പത്തില്‍ അകപ്പെട്ടത് അനേകരാണ്. എന്നാല്‍ ഇക്കാലത്ത് സോഷ്യല്‍മീഡിയയിലൂടെ നിരവധിപേര്‍ രംഗത്തുവരികയും ഈ ആശയക്കുഴപ്പത്തില്‍നിന്ന് മലയാളി ക്രൈസ്തവരില്‍ മഹാഭൂരിപക്ഷവും വിമുക്തമാവുകയും ചെയ്തിട്ടുണ്ട്.

സമാനതകള്‍ നിറഞ്ഞുനില്‍ക്കുന്ന ക്രൈസ്തവ -ഇസ്ലാമത ദൈവശാസ്ത്ര വിഷയങ്ങള്‍ക്ക് അതീതമായി, ഇസ്ലാമിനു പകര്‍ത്തുവാനോ പകരം വയ്ക്കുവാനോ കഴിയാത്ത ഒരു പ്രധാന ഘടകം ക്രൈസ്തവ വിശ്വാസത്തിലും പ്രഘോഷണത്തിലും അന്തർലീനമായിട്ടുണ്ട്. ഈ അമൂല്യഘടകം സഭയുടെ ആരംഭം മുതല്‍ ലോകത്തില്‍ പ്രവര്‍ത്തനനിരതവുമാണ്. അത് സഭ മുന്നോട്ടുവച്ച ക്രൈസ്തവമൂല്യങ്ങളാണ്.

ക്രൈസ്തവദൈവശാസ്ത്രത്തെ ക്രൈസ്തവ മൂല്യങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ ക്രൈസ്തവികതയും ഇസ്ലാമും തമ്മിലുള്ള യഥാര്‍ത്ഥ അന്തരം യുവത്വം തിരിച്ചറിയുകയുള്ളൂ. ഈ മേഖലയില്‍ ഇസ്ലാമിക ദൈവശാസ്ത്രത്തിന് അധികമൊന്നും പറയാനുണ്ടാകില്ല എന്നോര്‍ക്കണം.

♦️വിശ്വാസ പരിശീലനം
ക്രൈസ്തവ മൂല്യങ്ങളാൽ സമ്പന്നമാകണം

ലോകത്തിന് ക്രൈസ്തവസഭ നല്‍കിയ മൂല്യങ്ങളെ ബാല്യം മുതല്‍ പഠിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കേണ്ടതുണ്ട്. വ്യക്തി, കുടുംബം, രാഷ്ട്രം, പ്രാദേശിക സമൂഹങ്ങള്‍, വിവാഹം, വിദ്യാഭ്യാസം, ആരോഗ്യം, പ്രോ ലൈഫ്, ശാസ്ത്ര സാങ്കേതികത എന്നിവയുടെ നിര്‍മ്മിതിയിലും വികാസത്തിലും ലോകത്തെ കൈപിടിച്ചു നടത്തിയത് ക്രൈസ്തവ വിശ്വാസത്തിൽ ആഴപ്പെട്ട വ്യക്തികളും സമൂഹങ്ങളുമാണ്. മതേതരത്വം, ജനാധിപത്യം, മനുഷ്യാവകാശം, സ്ത്രീസ്വാതന്ത്ര്യം, ചാരിറ്റികള്‍, ഭാഷ, സംസ്കാരം, കലകള്‍, സാഹിത്യം എന്നിവയിലെ സഭയുടെ സംഭാവനകളൊന്നും സഭയ്ക്കുള്ളിൽ ചർച്ച ചെയ്യപ്പെടുന്നില്ല. ഇതേക്കുറിച്ചൊക്കെ സഭയ്ക്കു വെളിയില്‍നിന്നു മാത്രമേ ഇന്നു കുറച്ചെങ്കിലും അറിയാന്‍ കഴിയുന്നുള്ളൂ. സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ ഇക്കാര്യങ്ങളെല്ലാം തീർത്തും അന്യമാണ്. ക്രൈസ്തവസഭ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ മഹത്വം തിരിച്ചറിയുവാനും അതില്‍ പുതിയതലമുറ പരിശീലിക്കപ്പെടുവാനും സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

♦️സ്ത്രീത്വത്തിന്‍റെ മഹത്വം
ക്രൈസ്തവസഭയില്‍

മറിയം എന്ന ഗ്രാമീണ കന്യകയുടെ തെരഞ്ഞെടുപ്പിലൂടെയാണ് മനുഷ്യരക്ഷാകര സംഭവങ്ങളുടെ ആരംഭം. സഭയുടെ പ്രാരംഭ ദിനത്തിലും സ്ത്രീത്വത്തിൻ്റെ മഹനീയത ഉയർന്നു നിൽക്കുന്നു. മംഗളവാർത്തയും കന്യകാജനനത്തിലൂടെ ദൈവം മനുഷ്യനായതും ദിവ്യരക്ഷകൻ്റെ ബാല്യവും മറിയത്തിന്‍റെ ഓര്‍മ്മകളിലൂടെയാണ് സുവിശേഷകന്മാര്‍ അറിഞ്ഞതും ലോകത്തെ അറിയിച്ചതും. സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീത്വത്തിന് നല്‍കുന്ന മഹത്വം, കുടുംബജീവിതത്തില്‍ സ്ത്രീയുടെ സ്ഥാനം, ബൈബിളിലെയും സഭയിലും മാന്യവനിതകള്‍ എന്നിങ്ങനെ സ്ത്രീകളെ സംബന്ധിക്കുന്ന പാഠങ്ങളുടെ പര്യാപ്തത നമ്മുടെ സണ്‍ഡേസ്കൂള്‍ പാഠ്യപദ്ധതിയില്‍ കാണാന്‍ കഴിയുന്നില്ല. ജീവൻ്റെ മഹത്വം, തൊഴിലിൻ്റെ മഹത്വം, സമ്പത്തും സാമൂഹിക നീതിയുമെല്ലാം പ്രതിപാദിക്കുമ്പോഴും സ്ത്രീത്വത്തിൻ്റെ മഹത്വവും പ്രസക്തിയും ചർച്ചചെയ്യപ്പെടുന്നില്ല എന്നത് വലിയൊരു അപര്യാപ്തത തന്നെയാണ്. ഇത്തരം മൂല്യങ്ങളെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ മാത്രമേ ക്രൈസ്തവികത മറ്റ് മതദര്‍ശനങ്ങളില്‍നിന്നും എത്രമേല്‍ വിഭിന്നമാണ് എന്ന വസ്തുത പുതിയതലമുറയ്ക്ക് ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ.

സ്ത്രീകള്‍ കൃഷിയിടമാണെന്ന ആറാം നൂറ്റാണ്ടിലെ പ്രാകൃതവീക്ഷണത്തില്‍നിന്നും സ്ത്രീകള്‍ രക്ഷാകരപദ്ധതിയുടെ നെടുംതൂണുകളായി എണ്ണപ്പെടുന്നവരാണ് എന്നതാണ് ക്രൈസ്തവ സഭ മുന്നോട്ടുവയ്ക്കുന്ന സ്ത്രീപക്ഷ ചിന്ത. “ജീവദായകമായ കൃപയ്ക്കു തുല്യ അവകാശിനി” എന്ന നിലയില്‍ അവളോടു ബഹുമാനം കാണിക്കുക എന്ന സഭയുടെ അടിസ്ഥാന ബോധ്യം ഈ തലമുറയുടെ ഉള്ളിലേക്ക് ഇറങ്ങേണ്ടതുണ്ട്. എങ്കിൽ മാത്രമേ സ്ത്രീകളെ കൃഷിയിടങ്ങളും പ്രസവയന്ത്രങ്ങളുമായി കണക്കാക്കുന്ന വ്യവസ്ഥിതിയെ നിരാകരിക്കാനുള്ള ആർജ്ജവം ക്രിസ്ത്യൻ പെൺകുട്ടികൾക്ക് ഉണ്ടാവുകയുള്ളൂ. “To make humans life evermore human” എന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ആശയത്തെ ഉൾക്കൊണ്ട് ദൈവശാസ്ത്രത്തെ മനുഷ്യ കേന്ദ്രീകൃതമായി വിശ്വാസ പരിശീലനത്തിൽ ഉൾപ്പെടുത്തണം. മനുഷ്യനെ കൂടുതൽ മാനുഷികതയിൽ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബന്ധങ്ങൾ സഭ മനസ്സിലാക്കുന്നു എന്നു ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പാ “The Redeemer of Man” എന്ന ഗ്രന്ഥത്തിൽ എഴുതുന്നു. മനുഷ്യനെ കൂടുതൽ മാനവിക ബോധത്തിലേക്കു നയിക്കാൻ സഭ ശ്രമിക്കുമ്പോൾ അവനെ / അവളെ കൂടുതൽ പ്രാകൃതനാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രങ്ങളെയും മതചിന്തകളെയും തുറന്നു കാണിക്കാൻ സഭയ്ക്ക് ഉത്തരവാദിത്വമുണ്ട്.

♦️ഒടുവില്‍…

രണ്ടു സഹസ്രാബ്ദത്തിലെ ചരിത്രത്തിൽ ക്രൈസ്തവസഭ ലോകത്തിനു സമ്മാനിച്ചത് സമാനതകളില്ലാത്ത ക്രൈസ്തവമൂല്യങ്ങളാണ്. ക്രൈസ്തവ ദൈവശാസ്ത്രത്തെ മൂല്യാധിഷ്ഠിതമായ ജീവിതദർശനങ്ങളുടെ പശ്ചാത്തലത്തിൽ പഠിക്കുവാൻ അവസരം ഉണ്ടാകണം. സഭയുടെ എതിരാളികള്‍ക്കു കോപ്പിയടിക്കാന്‍ കഴിയാത്തതും സമാനതകളില്ലാത്തതുമായ ഈ മൂല്യങ്ങളുടെ ബോധനത്തിൻ്റെ പിൻബലത്തിലാകണം ലൗജിഹാദ് പോലുള്ള കെണികളില്‍ വീഴാതെ സ്വയരക്ഷയ്ക്ക് നമ്മുടെ യുവതികൾ പ്രാപ്തരാകാൻ. സണ്‍ഡേസ്കൂള്‍, വിശ്വാസ പരിശീലന പാഠ്യപദ്ധതികളിൽ ക്രൈസ്തവ സഭ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംബന്ധിച്ചും വ്യക്തി എന്ന നിലയിലുള്ള മഹത്വവും എത്രയധികമെന്നു പഠിക്കാനുള്ള പാഠങ്ങൾ കൂടി ഉള്‍പ്പെടുത്താന്‍ സണ്‍ഡേസ്കൂള്‍ മിഷന്‍ വിഭാഗം അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നു.

കടപ്പാട് : മാത്യൂ ചെമ്പുകണ്ടത്തിൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m