50/ 50 പദ്ധതിയുമായി സപ്ലൈകോ: അരി ഉൾപ്പെടെ 50 ജനപ്രിയ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേകം ഓഫറും

തിരുവനന്തപുരം: സപ്ലൈകോ അമ്പതാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജൂണ്‍ 25ന് രാവിലെ 11.30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നിർവഹിക്കും.

ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി അഡ്വ. ജി ആർ അനില്‍ അധ്യക്ഷനാവും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

50 വർഷം പ്രമാണിച്ച്‌ സപ്ലൈകോ നടപ്പാക്കുന്ന 50/50 പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉല്‍പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും ഉള്‍പ്പെടെ 50 ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവും പ്രത്യേകം ഓഫറുകളും നല്‍കുന്നതാണ് 50/ 50 പദ്ധതി.

50 ദിവസത്തേക്ക് നോണ്‍ സബ്സിഡി സാധനങ്ങള്‍ക്ക് നിലവില്‍ സപ്ലൈകോ വില്‍പ്പന ശാലകളില്‍ ലഭിക്കുന്നതിനേക്കാള്‍ 10 ശതമാനം അധിക വിലക്കുറവ് നല്‍കുന്ന സപ്ലൈകോ ഹാപ്പി അവേഴ്സ് ഫ്ലാഷ് സെയില്‍ പദ്ധതിയുടെ ഉദ്ഘാടനവും അയ്യങ്കാളി ഹാളില്‍ നടക്കും. ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്ക് ഉച്ചയ്ക്ക് രണ്ടു മുതല്‍ മൂന്നു മണി വരെയായിരിക്കും ഈ വിലക്കുറവ്. അമ്ബതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്‌ സപ്ലൈകോ പുറത്തിറക്കുന്ന കോർപ്പറേറ്റ് വീഡിയോയുടെ റിലീസും ചടങ്ങില്‍ നടക്കും.

എല്ലാ ജില്ലകളിലും ഒരു സൂപ്പർമാർക്കറ്റു വീതം ആധുനിക രീതിയില്‍ നവീകരിച്ച്‌ ‘സിഗ്നേച്ചർ മാർട്ട്’ എന്ന പേരില്‍ പ്രവർത്തനമാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും, ഫുഡ് ഫോർ തോട്ട് എന്ന സെമിനാർ പരമ്ബരയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും. ഓരോ ജില്ലയിലും ഓരോന്ന് വീതം വിവിധ വിഷയങ്ങളില്‍ 12 ജില്ലകളില്‍ ഒരു വർഷത്തിനുള്ളില്‍ നടത്തുന്ന സെമിനാർ പരമ്ബരയാണ് ‘ഫുഡ് ഫോർ തോട്ട്’.

ഉദ്ഘാടന ചടങ്ങില്‍ തിരുവനന്തപുരം മേയർ എസ് ആര്യ രാജേന്ദ്രൻ, ഡോ. ശശി തരൂർ എംപി, ആന്റണി രാജു എംഎല്‍എ, കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ, വികെ പ്രശാന്ത് എംഎല്‍എ, ഭക്ഷ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെ, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. സജിത് ബാബു, നഗരകാര്യ വകുപ്പ് ഡയറക്ടറും മുൻ സപ്ലൈകോ ജനറല്‍ മാനേജറുമായ സൂരജ് ഷാജി, തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു, നഗരസഭ ടാക്സ് അപ്പില്‍ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ തുടങ്ങിയവർ മുഖ്യാതിഥികളാവും. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമൻ, സപ്ലൈകോ മേഖല മാനേജർ ജ്യോതി ലക്ഷ്മി തുടങ്ങിയവരും പങ്കെടുക്കും.

അമ്ബതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ പ്രവർത്തനങ്ങള്‍ ഊർജിതപ്പെടുത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമായി ശബരി ബ്രാൻഡില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു 11 പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m