ഉത്ഥാനത്തിന്‍റെ ആനന്ദം

ശൂന്യമായ കല്ലറ ആദ്യം കണ്ടത് മഗ്ദലന മറിയം … ഒന്നേ നോക്കിയുള്ളൂ … ഈശോ ഇല്ല .. അവള്‍ ഓടി. പത്രോസിന്‍റെയും യോഹന്നാന്‍റെയും അടുക്കലേയ്ക്ക്. എല്ലാം നഷ്ടപ്പെട്ട് പുറംലോകം അന്ധകാരമാണെന്ന് കരുതി അതിനെ ഭയപ്പെട്ടിരുന്നവര്‍ .. അവര്‍ ഇറങ്ങി ഓടി … കല്ലറയിലെത്തി .. അവരും കണ്ടു .. അത് ശൂന്യം … ആകെയുള്ളത് ഈശോയെ പുതപ്പിച്ച കച്ച മാത്രം ..വികാര വിക്ഷോഭങ്ങള്‍ …. അവിശ്വാസത്തിനും വിശ്വാസത്തിനും ഇടയിലുള്ള അപ്രതിരോധ്യമായ സംഘര്‍ഷം … വിശ്വസിക്കണോ ..സംശയിക്കണോ … പേടിപ്പെടുത്തുന്ന സംശയത്തിന്‍റെ നിമിഷങ്ങള്‍ … പാതി വിശ്വാസം, പാതി ഭീതി … ഒന്നിനും ഉറപ്പില്ല … തിരിച്ചുവരും എന്ന ഗുരുവചനമൊന്നും അവരുടെ മനസ്സിലെത്തിയില്ല … എല്ലാം നഷ്ടപ്പെട്ടവന് എന്തൊക്കെയോ ലഭിക്കാന്‍ പോകുന്നുവോ …. ആത്മസംഘര്‍ഷത്തിന്‍റെ ആ നിമിഷങ്ങളില്‍ ഇരുളിനെ വകഞ്ഞുമാറ്റി ഒരു രൂപം അവരുടെ അടുക്കലേക്ക് വന്നു .. ആ മുഖം തിരിച്ചറിഞ്ഞ നിമിഷം എല്ലാ അവിശ്വാസവും ഭീതിയും വിട്ടുമാറി … കല്ലറയിലെ ശൂന്യതയുടെ അര്‍ത്ഥം വ്യക്തമായി. ഭാവി ഇനിയും അവ്യക്തമാണെങ്കിലും ഉത്ഥിതന്‍റെ സാന്നിദ്ധ്യം അവരില്‍ ഉളവാക്കിയ ആനന്ദം അവര്‍ണ്ണനീയം. അവന്‍ പറഞ്ഞതെല്ലാം സത്യമായിരുന്നു .. അവന്‍ പറഞ്ഞതിനൊക്കെ അന്ന് മനസ്സിലാക്കിയതിലും വലിയ അര്‍ത്ഥമുണ്ടായിരുന്നു. അവന്‍റെ ഉയിര്‍പ്പ് എല്ലാം വ്യക്തമാക്കുന്നു. അവന്‍റെ മരണത്തോടുകൂടി ഒന്നും അവസാനിക്കുന്നില്ല … കല്ലറയില്‍ എല്ലാം ഒടുങ്ങുന്നില്ല … സഹനങ്ങള്‍ക്ക് അര്‍ത്ഥമുണ്ട് …
നമ്മുടെ ആത്മസംഘര്‍ഷങ്ങളിലേക്ക്, നമ്മുടെ നിസ്സഹായതകളിലേക്ക്, നമ്മുടെ നഷ്ടചിന്തകളിലേക്ക്, പരാജയ ഭീതിയിലേക്ക്, അവിശ്വാസത്തിന്‍റെയും ഭയത്തിന്‍റെയും നിമിഷങ്ങളിലേക്ക് ഉത്ഥിതന്‍ കടന്നുവരുന്നു … അപരിചിതനെപോലെ, പ്രതീക്ഷിക്കാത്ത രീതിയില്‍, പ്രതീക്ഷിക്കാത്ത നേരങ്ങളില്‍. അതേ, അതുതന്നെയാണ് ഉയിര്‍പ്പിന്‍റെ അര്‍ത്ഥം. ഈശോയുടെ ഉത്ഥാനത്തോടെ മരണം ഇല്ലാതായെന്നോ കുരിശുകള്‍ തീര്‍ന്നുവെന്നോ അല്ല. വേദനയും കഷ്ടതകളും അവസാനിച്ചെന്നുമല്ല. ഇനി ആരും ആരെയും ഒറ്റിക്കൊടുക്കില്ലെന്നും നിരപരാധി സഹിക്കേണ്ടി വരില്ലെന്നും അല്ല. ഇതെല്ലാം അതുപോലെതന്നെയുണ്ടാകും. എങ്കിലും, ഇപ്രകാരമുള്ള ഒരു ലോകത്തിലും, പ്രതീക്ഷയുടെയും പ്രത്യാശയുടെയും കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഉത്ഥാന കിരണങ്ങള്‍ പ്രത്യക്ഷപ്പെടുമെന്നുള്ള ഉറപ്പാണ് ഈശോയുടെ ഉത്ഥാനം നമുക്ക് നല്‍കുന്നത്. വഞ്ചനയുടെയും കാപട്യത്തിന്‍റെയും ലോകത്തില്‍ നമ്മെ സ്നേഹത്തോടേ ചേര്‍ത്തണയ്ക്കാന്‍ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും മനുഷ്യകരങ്ങള്‍ തന്നെ ഇരുളിനെ വകഞ്ഞുമാറ്റി കടന്നുവരും എന്നുള്ള വിശ്വാസമാണ് ഈശോയുടെ ഉത്ഥാനം നമുക്ക് നല്‍കുന്നത്. ശൂന്യമായ കല്ലറകളില്‍ നിന്നും പുറത്തുള്ള അന്ധകാരത്തിലേക്ക് പ്രത്യാശയോടെ നോക്കാന്‍ ഈശോയുടെ ഉയിര്‍പ്പ് നമ്മെ നിര്‍ബ്ബന്ധിക്കുന്നു. ആ അന്ധകാരത്തില്‍ ഉത്ഥിതന്‍റെ മുഖം നമുക്ക് ദര്‍ശിക്കാം. ഉത്ഥിതനെ തിരിച്ചറിയാതെ നിന്ന മറിയത്തെ അവന്‍ പേരുചൊല്ലി വിളിച്ചതുപോലെ അവന്‍ നമ്മെയും സ്നേഹത്തോടെ പേരുചൊല്ലി വിളിക്കും. പൗലോസ് ശ്ളീഹാ പറയുന്നതുപോലെ, “അതിനാൽ, എന്റെ വത്സല സഹോദരരെ, കർത്താവിൽ നിങ്ങളുടെ ജോലി നിഷ്ഫലമല്ലെന്ന് ബോദ്ധ്യപ്പെട്ട് അവിടുത്തെ ജോലിയില്‍ സദാ അഭിവൃദ്ധി പ്രാപിച്ച് സ്ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.” (1 കൊറീ 15: 58).
എല്ലാവര്‍ക്കും ഉയിര്‍പ്പ് തിരുനാളിന്‍റെ സ്നേഹാശംസകള്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group