ലോകത്തിൽ മതസ്വാതത്ര്യം ഏറ്റവും മോശം നിലയിലുള്ള രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കി യു. എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ജൂൺ അവസാനത്തോടെ പ്രസിദ്ധീകരിച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ടിൽ മ്യാന്മാർ, ചൈന, ക്യൂബ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നുസ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇത്തവണയും നൈജീരിയ ഈ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 12 രാജ്യങ്ങൾ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. മ്യാൻമർ, ചൈന, ക്യൂബ, ഉത്തര കൊറിയ, എറിത്രിയ, ഇറാൻ, നിക്കരാഗ്വ, പാകിസ്ഥാൻ, റഷ്യ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയും പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളിൽ (സി. പി. സി.) ഉൾപ്പെടുന്നു. എന്നാൽ, ഈ പട്ടികയിൽ നിന്നും നൈജീരിയ ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചും ചില നിരീക്ഷകർ ആശങ്ക രേഖപ്പെടുത്തി.
ഇതിൽ ഒന്നാം സ്ഥാനത്തുള്ള മ്യാന്മറിൽ ന്യൂനപക്ഷ മത-വംശീയ വിഭാഗങ്ങളെ ലക്ഷ്യം വച്ചുള്ള ഭീഷണികൾ, തടങ്കലുകൾ, അക്രമങ്ങൾ എന്നിവ വളരെ രൂക്ഷമായി നിലനിൽക്കുന്ന രാജ്യമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയോടും (CCP) സോഷ്യലിസത്തോടും കൂറ് പുലർത്താനും നിയമവിരുദ്ധമായ മത പ്രവർത്തനങ്ങളെയും മതതീവ്രവാദ പ്രത്യയശാസ്ത്രത്തെയും ചെറുക്കാനും മതം ഉപയോഗിച്ചുള്ള വിദേശ ശക്തികളുടെ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനും ചൈനയിലെ നിയമം അനുശാസിക്കുന്നു.
ക്യൂബയിലെയും സ്ഥിതി വ്യത്യസ്തമല്ല. ക്യൂബയുടെ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു. മതപരമായ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു; എന്നിരുന്നാലും, പീനൽ, അഡ്മിനിസ്ട്രേറ്റീവ് കോഡുകളിലെ വ്യവസ്ഥകൾ ഈ പരിരക്ഷകൾക്ക് വിരുദ്ധമാണ്.