പാസഞ്ചര്‍ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കും; മിനിമം ചാര്‍ജ് 10 ആകും

രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയില്‍വേ ബോർഡ് നീക്കങ്ങള്‍ തുടങ്ങി.

മിനിമം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറയ്ക്കും. നിലവിലെ മിനിമം ചാർജ് 30 രൂപയാണ്.

കോവിഡിന് മുൻപ് പാസഞ്ചർ ട്രെയിനുകളില്‍ കുറഞ്ഞ നിരക്ക് 10 രൂപയായിരുന്നു. കോവിഡിന് ശേഷം രാജ്യത്ത് ട്രെയിൻ സർവീസുകള്‍ നിർത്തിവച്ച ശേഷം പുനരാരംഭിച്ചപ്പോഴാണ് 30 രൂപയായി മിനിമം ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

കോവിഡിന് ശേഷം അണ്‍ റിസർവ്ഡ് എക്സ്പ്രസ് സ്പെഷല്‍, മെയില്‍/എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നീ മൂന്ന് തരത്തിലുള്ള സർവീസുകളാണ് റെയില്‍വേ രാജ്യത്ത് ഓപ്പറേറ്റ് ചെയ്യുന്നത്. നേരത്തേ പാസഞ്ചർ ആയി ഓടിയിരുന്ന വണ്ടികളാണ് നിരക്ക് കൂട്ടി അണ്‍ റിസർവ്ഡ് സ്പെഷല്‍ സർവീസ് എന്ന പേരില്‍ ഇപ്പോള്‍ ഓടിക്കുന്നത്. ഇവയെ ഉടൻ പഴയ രീതിയില്‍ ഓർഡിനറി പാസഞ്ചർ എന്നാക്കി മാറ്റി നിരക്കുകള്‍ കുറയ്ക്കാനാണ് നീക്കം.

തെക്ക്-പടിഞ്ഞാറൻ റെയില്‍വേയില്‍ ഇത്തരത്തിലുള്ള നിരക്ക് കുറവ് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. അവിടെ ഓടുന്ന മെമു/ഡെമു സർവീസുകളില്‍ കോവിഡിന് മുൻപുള്ള നിരക്കു മാത്രമേ ഈടാക്കാവൂ എന്നാണ് പുതിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

അടിയന്തിരമായി ഇതു പ്രാബല്യത്തില്‍ വരുത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ദക്ഷിണ റെയില്‍വേയിലടക്കം പാസഞ്ചർ ടിക്കറ്റ് നിരക്കു കുറയുന്നത് ഉടൻ പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

യുടിഎസ് ആപ്പ് വഴി പാസഞ്ചർ ടിക്കറ്റ് എടുത്തവർക്ക് ഇന്ന് 10 രൂപയ്ക്കുള്ള മിനിമം ടിക്കറ്റ് ലഭിക്കുകയും ചെയ്തു. ടിക്കറ്റ് നിരക്കു കുറയ്ക്കുന്നതിന്‍റെ ആദ്യപടിയാണ് യുടിഎസ് (അണ്‍ റിസർവ്ഡ് ടിക്കറ്റിംഗ് സർവീസ്) ആപ്പിലെ ഈ അപ്ഡേഷൻ എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത് റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടർ ടിക്കറ്റിംഗ് സിസ്റ്റത്തില്‍ കൂടി അപ്ഡേറ്റ് ചെയ്താല്‍ ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. പാർലമെന്‍റ് തെരത്തെടുപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപുതന്നെ പാസഞ്ചർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് കുറച്ചു കൊണ്ടുള്ള അറിയിപ്പ് ഉണ്ടാകുമെന്നാണ് വിവരം.

എക്സ്പ്രസ്/മെയില്‍ സർവീസുകളില്‍ മിനിമം നിരക്ക് 30 രൂപയും സൂപ്പർ ഫാസ്റ്റില്‍ 45 രൂപയുമാണ്. ഈ നിരക്കുകളില്‍ ഇളവുകള്‍ ഉണ്ടാകാൻ സാധ്യതയില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group