ജീവിതത്തിൽ ഏതു സാഹചര്യത്തിലും പൂർണമായും കർത്താവിൽ വിശ്വസിക്കുക

ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ മാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ ദൈവത്തെ അന്വേഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. നാം ഓരോരുത്തരും ദുർമാർഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ച് ദൈവഹിതത്തിനു അനുസൃതമായി ജീവിക്കണം.

ലോകമെത്ര ദുഷിച്ചാലും, മനുഷ്യർ എത്രയൊക്കെ പാപത്തിലേക്ക് കൂപ്പുകുത്തി സ്വയം വിരൂപമാക്കിയാലും നമ്മുടെ ആത്മാവിൽ ഒളിഞ്ഞുകിടക്കുന്ന നന്മയുടെ കിരണം കണ്ടെത്താൻ ദൈവത്തിന്റെ ദൃഷ്ടികൾക്ക് സദാ സാധിക്കുന്നുണ്ട്. ദൈവത്തിന്റെ പ്രകാശം പാപിയിൽനിന്നും പാപത്തെ വേർതിരിക്കുന്നു; അതുവഴി, ദൈവം പാപിയെ സ്നേഹിക്കുകയും പാപത്തെ കീഴടക്കുവാൻ മനുഷ്യനെ സഹായിക്കുകയും ചെയ്യുന്നു. സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും പാപത്തിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്. ജീവിതത്തിൽ ഏതു സാഹചര്യത്തിലും പൂർണമായും കർത്താവിൽ വിശ്വസിക്കുക. മനുഷ്യന്റെ ന്യായവിധിയെ നോക്കാതെ ദൈവത്തിന്റെ ന്യായവിധിയെ ഭയപ്പെടുക.

നമ്മുടെ ശരീരത്തെ തളർത്തുകയും ആത്മാവിനെ നശിപ്പിക്കുകയും ചെയ്യുന്ന പാപത്തിന്റെ സ്വാധീനത്തിൽനിന്നും നമ്മുടെ ഹൃദയങ്ങളെ മോചിപ്പിക്കുന്നത് ഗാഗുൽത്തായിൽ ചിന്തിയ പാപലേശമില്ലാത്ത തിരുരക്തം ഒന്നുമാത്രമാണ്. നമ്മെ പാപങ്ങളിൽ നിന്നു മോചിപ്പിക്കാനും പുതുജീവൻ പ്രദാനം ചെയ്യാനുംകഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം. അതിനു തടസ്സമായി നമ്മിലുള്ള പാപത്തിന്റെയും സംശയത്തിന്റെയും ലജ്ജയുടെയും ഭയത്തിന്റെയും കെട്ടുകളഴിക്കാൻ ദൈവാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group