പരിശുദ്ധ കന്യകാമറിയത്തില്‍ പ്രശോഭിച്ചിരുന്ന സുകൃതങ്ങള്‍
പരിശുദ്ധ കന്യകയില്‍ സകല സുകൃതങ്ങളും അതിന്‍റെ ഏറ്റവും വലിയ പൂര്‍ണതയില്‍ പ്രശോഭിച്ചിരുന്നു. അവളുടെ വിശ്വാസം അജയ്യവും പ്രത്യാശ അചഞ്ചലവും സ്നേഹം തീവ്രഭാവത്തിലായിരുന്നു. ബാല്യകാലത്തില്‍ തന്നെ മേരി ഈ സുകൃതങ്ങള്‍ ഏറ്റവും തീക്ഷ്ണതയോടു കൂടി അഭ്യസിച്ചിരുന്നു. തന്നിമിത്തം പിന്നീടുള്ള ജീവിതത്തില്‍ പ്രസ്തുത സുകൃതങ്ങള്‍ ദിവ്യജനനി പ്രാവര്‍ത്തികമാക്കുന്നതു നാം കാണുന്നു.
ഹവ്വാ കന്യകയായിരിക്കുമ്പോള്‍ തന്നെ സാത്താനെ വിശ്വസിച്ചതിനാല്‍ അനുസരണരാഹിത്യവും പാപവും അവളില്‍ ഉത്ഭവിച്ചു. എന്നാല്‍ പരിശുദ്ധ കന്യകാമറിയം വിശ്വാസത്തിലും സന്തോഷത്തിലും പരിപൂരിതയായി ഇപ്രകാരം പ്രതിവചിച്ചു: “നിന്‍റെ വാക്കുകള്‍ എന്നില്‍ നിറവേറട്ടെ.”. ഇപ്രകാരം പിശാചിന്‍റെ പ്രവര്‍ത്തനങ്ങളെ നശിപ്പിച്ച് മാനവവംശത്തെ നിത്യമരണത്തില്‍ നിന്ന്‍ മോചിപ്പിക്കുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധേയമായ പങ്ക് വഹിച്ചിരിന്നുവെന്ന് സഭാപിതാവായ വി. ജസ്റ്റിന്‍ പ്രസ്താവിക്കുന്നുണ്ട്.
വിശ്വാസത്തിലൂടെ നാം ദൈവത്തെ അഭിമുഖീകരിച്ച് അവിടുത്തേക്ക് സ്വയം അര്‍പ്പിക്കുന്നു. മേരി തന്‍റെ അര്‍പ്പണം അതിന്‍റെ പൂര്‍ണതയില്‍ നിര്‍വഹിച്ചു. പരിശുദ്ധ കന്യകയുടെ ശരണം എത്ര ശക്തമായിരുന്നു എന്നു നമുക്കു പരിശോധിക്കാം. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈശോയെ കാണാതെ പോയ അവസരത്തിലും കാല്‍വരിയിലും മേരിയുടെ പ്രത്യാശ വിശുദ്ധ ഗ്രന്ഥം എടുത്തു കാണിക്കുന്നുണ്ട്. കുരിശിന്‍ ചുവട്ടില്‍ നിന്ന അവസരത്തില്‍ അവള്‍ പ്രദര്‍ശിപ്പിച്ച ധീരതയും അതിലൂടെ പ്രകടമാക്കിയ പ്രത്യാശയും മാനവകുലത്തില്‍ എന്നും അത്ഭുതജനകമാണ്.
മേരിയുടെ ദൈവസ്നേഹമാണ് ദൈവമാതൃത്വ സ്ഥാനത്തിന് അവളെ പ്രാപ്തയാക്കിയത്. മനുഷ്യാവതാരത്തിനു സമ്മതം നല്‍കിയതു മുതല്‍ കാല്‍വരിയിലെ മഹായജ്ഞം പൂര്‍ത്തിയാകുന്നതു വരെ ദൈവത്തോടും മനുഷ്യരോടുമുള്ള അത്യുദാരവും ഉദാത്തവുമായ സ്നേഹത്തിന്‍റെ പ്രകാശനം പലപ്പോഴും ദൃശ്യമാകുന്നുണ്ട്. നീതി, വിവേകം, ധൈര്യം, വിനയം, സേവനസന്നദ്ധത, അനുസരണം, ശാലീനത, ലാളിത്യം മുതലായ എല്ലാ ധാര്‍മ്മിക സുകൃതങ്ങളും പരിശുദ്ധ കന്യകയില്‍ നിറഞ്ഞിരിന്നു.
പരിശുദ്ധ കന്യക ദൈവാലയത്തില്‍ പ്രാര്‍ത്ഥനയും തപസ്സും അനുഷ്ഠിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. സദാ പ്രാര്‍ത്ഥനാ നിരതമായ ജീവിതമാണ് അവള്‍ നയിച്ചത്. ദൈവികമായ കാര്യങ്ങള്‍ ധ്യാനിച്ചും നിര്‍ദ്ദിഷ്ടമായ ജോലികള്‍ നിര്‍വഹിച്ചുമാണ് അവള്‍ സമയം ചെലവഴിച്ചത്. ഒരു നിമിഷം നാം ദൈവസന്നിധിയില്‍ എത്രമാത്രം തത്പരരാണെന്ന് ചിന്തിക്കാം. ദൈവകല്‍പനകള്‍ അനുസരിക്കുന്നതിലും ജീവിതാന്തസ്സിന്‍റെ ചുമതലകള്‍ അനുഷ്ഠിക്കുന്നതിലും നമ്മെ ഭരമേല്‍പ്പിച്ചിട്ടുള്ള ജോലികള്‍ വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുന്നതിലും നാം എത്രമാത്രം തത്പരരാണെന്ന് ആത്മശോധന ചെയ്യുക.
സംഭവം
വിശ്വവിശ്രുത താത്വികനായിരുന്ന ഷാക്ക് മാരിറ്റൈന്‍റെ മാനസാന്തരം പരിശുദ്ധ കന്യകയുടെ സ്നേഹത്തിന്‍റെ ഒരു വിജയമാണെന്നാണ് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുള്ളത്. മാരിറ്റൈന്‍ ദമ്പതികള്‍ സോര്‍ബോണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. യഹൂദ താത്വികനായ ബെര്‍ഗ്സോന്‍റെ കീഴിലാണ് അവര്‍ അദ്ധ്യയനം നടത്തിയിരുന്നത്. ബെര്‍ഗ്സോണ്‍ യഹൂദനായിരുന്നെങ്കിലും കത്തോലിക്കാ വിശ്വാസത്തോടു മതിപ്പുണ്ടായിരുന്നു. 1904 നവംബര്‍ 26-ാം തീയതി മാരിറ്റൈന്‍ വിവാഹിതനായി.
അധികം താമസിയാതെ അവര്‍ തികഞ്ഞ കത്തോലിക്ക വിശ്വാസികളായ ബ്ലോയി ദമ്പതികളെ പരിചയപ്പെട്ടു. ലെയോണ്‍ ബ്ലോയി “ലാസലേറ്റു” മാതാവിന്‍റെ വലിയ ഒരു പ്രേഷിതനായിരുന്നു. ബ്ലോയിയും ഭാര്യയും മാരിറ്റൈന്‍ ദമ്പതികളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും കത്തോലിക്കാ സഭയിലേക്ക് വരാന്‍ അവര്‍ വൈമുഖ്യം കാണിച്ചു. വിവാഹാനന്തരം രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ റീസായ്ക്ക് മാരകമായ ഒരു രോഗം ബാധിച്ചു. മാരിറ്റൈന്‍ അസ്വസ്ഥചിത്തനായി. ഒരു ദിവസം ബ്ലോയിയുടെ ഹൃദയസ്പര്‍ശിയായ ഒരു കത്ത് മാരിറ്റൈന് ലഭിച്ചു. അതിന്‍റെ സംഗ്രഹമിതാണ്.
എന്‍റെ ഏറ്റവും പ്രിയപ്പെട്ട, റീസാ, ഞങ്ങള്‍ നിന്നെ സ്നേഹപൂര്‍വ്വം കൂടെക്കൂടെ അനുസ്മരിക്കുന്നുണ്ട്. ഇന്ന്, അതിരാവിലെ ദിവ്യബലി സമയത്ത് നിനക്കു വേണ്ടി ഞാന്‍ കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിച്ചു. എന്‍റെ ക്ലേശഭൂയിഷ്ഠമായ ഈ ജീവിതത്തിന് എന്തെങ്കിലും, യോഗ്യത പൂര്‍ണമായി ഉണ്ടെങ്കില്‍ നിനക്കു ഉടനെ സൌഖ്യം നല്‍കണമെന്നും അത് ആത്മീയ മഹത്വത്തിനായി സ്വീകരിക്കുമെന്നും ഞാന്‍ നമ്മുടെ കര്‍ത്താവീശോ മിശിഹായോടും പരിശുദ്ധ കന്യകാമറിയത്തോടും യാചിച്ചിട്ടുണ്ട്. എന്‍റെ പ്രാര്‍ത്ഥന ശ്രവിക്കുവാന്‍ വേണ്ടി ഞാന്‍ അശ്രുധാര ധാരാളമായി വര്‍ഷിച്ചിട്ടുണ്ട്. നീ സുഖം പ്രാപിക്കുകയും വലിയ ആനന്ദം അനുഭവിക്കുകയും ചെയ്യും.
കുറെ ദിവസങ്ങള്‍ക്കു ശേഷം മിസ്സിസ് ബ്ലോയി രോഗാതുരയായ റീസായെ സന്ദര്‍ശിച്ചു. അവള്‍ റീസായോടു പറഞ്ഞു: “ഞാന്‍, പരിശുദ്ധ കന്യകയുടെ രൂപം തരുന്നു, നീ ശക്തമായി പ്രാര്‍ത്ഥിക്കുക” രോഗിണി തന്‍റെ സ്നേഹിതയുടെ അതിരുകടന്ന പ്രസ്താവനയില്‍ അസ്വസ്ഥചിത്തയായി. എങ്കിലും ഒന്നും പറഞ്ഞില്ല. മൗനം സമ്മത ലക്ഷണമായി പരിഗണിച്ച് ജിന്‍ ബ്ലോയി മാതാവിന്‍റെ രൂപം റീസായുടെ കഴുത്തില്‍ അണിയിച്ചു. റീസായ്ക്ക് ഒരു സന്തോഷം ലഭിക്കുകയും ഉടനെ തന്നെ നിദ്രയില്‍ ലയിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍ അവള്‍ സുഖം പ്രാപിച്ചു തുടങ്ങി.
ഇതിനകം തന്നെ യുക്തിവാദിയായി തീര്‍ന്ന മാരിറ്റൈന്‍, ഭാര്യയുടെ അത്ഭുതകരമായ സുഖപ്രാപ്തിയോടുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് വന്നു. ലോകം മുഴുവന്‍ പരിശുദ്ധ അമ്മയെ പറ്റി അറിയിക്കാന്‍ മുന്‍കൈ എടുത്ത കുടുംബമായി, മാരിറ്റൈന്‍ കുടുംബം മാറി. അദ്ദേഹം കത്തോലിക്കാ മതം സ്വീകരിച്ചതു മൂലം സ്വദേശത്തു പഠിക്കുന്നതിനുള്ള അവകാശം പോലും നിഷേധിച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ 81-ാം വയസ്സില്‍ ഫ്രഞ്ചു ഗവണ്മെന്‍റ് ഫ്രാന്‍സിന്‍റെ ഏറ്റവും വലിയ ദേശീയ ബഹുമതി നല്‍കി അദ്ദേഹത്തെ ബഹുമാനിച്ചു.
പ്രാര്‍ത്ഥന:
ദൈവജനനിയായ പരിശുദ്ധ കന്യകാമറിയമേ, അവിടുന്ന്‍ സകല ഗുണ സമ്പൂര്‍ണയായിരുന്നല്ലോ. ഞങ്ങളുടെ വിശ്വാസം ക്ഷയിക്കുകയും പ്രത്യാശ ബലഹീനമാവുകയും സ്നേഹം മന്ദീഭവിക്കുകയും ചെയ്യുമ്പോള്‍ അവിടുത്തെ അത്ഭുതകരമായ മാതൃക ഞങ്ങള്‍ക്ക് ശക്തി നല്‍കട്ടെ. ആകയാല്‍, ദിവ്യജനനി, ഞങ്ങള്‍ അങ്ങയുടെ സുകൃതങ്ങള്‍ അനുകരിച്ചു കൊണ്ട് പരിപൂര്‍ണമായ ക്രിസ്തീയ ജീവിതം നയിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങള്‍ക്കു നല്‍കേണമേ. സജീവമായ വിശ്വാസവും, അചഞ്ചലമായ പ്രത്യാശയും തീക്ഷ്ണതയുള്ള സ്നേഹവും മറ്റ് ക്രിസ്തീയ സുകൃതങ്ങളും അഭ്യസിക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ അങ്ങു പരിഹരിക്കണമേ.
വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം
എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.
ആമ്മേനീശോ.
* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(മൂന്നു പ്രാവശ്യം ചൊല്ലുക).
ദൈവമാതാവിന്റെ ലുത്തിനിയ
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! അനുഗ്രഹിക്കണമേ,
കര്‍ത്താവേ! അനുഗ്രഹിക്കണമേ,
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദീശാ തമ്പുരാനേ,
എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,
പരിശുദ്ധ മറിയമേ
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
ദൈവകുമാരന്‍റെ പുണ്യജനനി,
കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,
മിശിഹായുടെ മാതാവേ,
ദൈവപ്രസാദവരത്തിന്‍റെ മാതാവേ,
എത്രയും നിര്‍മ്മലയായ മാതാവേ,
അത്യന്ത വിരക്തിയുള്ള മാതാവേ,
കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,
കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,
സ്നേഹഗുണങ്ങളുടെ മാതാവേ,
അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,
സദുപദേശത്തിന്‍റെ മാതാവേ,
സ്രഷ്ടാവിന്‍റെ മാതാവേ,
രക്ഷിതാവിന്‍റെ മാതാവേ,
വിവേകൈശ്വര്യമുള്ള കന്യകേ,
പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,
സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,
വല്ലഭമുള്ള കന്യകേ,
കനിവുള്ള കന്യകേ,
വിശ്വാസവതിയായിരിക്കുന്ന കന്യകേ,
നീതിയുടെ ദര്‍പ്പണമേ,
ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,
ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,
ആത്മജ്ഞാന പൂരിത പാത്രമേ,
ബഹുമാനത്തിന്‍റെ പാത്രമേ,
അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,
ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,
ദാവീദിന്‍റെ കോട്ടയെ,
നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,
സ്വര്‍ണ്ണാലയമേ,
വാഗ്ദാനത്തിന്‍റെ പെട്ടകമേ,
ആകാശ മോക്ഷത്തിന്‍റെ വാതിലേ,
ഉഷകാലത്തിന്‍റെ നക്ഷത്രമേ,
രോഗികളുടെ സ്വസ്ഥാനമേ,
പാപികളുടെ സങ്കേതമേ,
വ്യാകുലന്‍മാരുടെ ആശ്വാസമേ,
ക്രിസ്ത്യാനികളുടെ സഹായമേ,
മാലാഖമാരുടെ രാജ്ഞി,
ബാവാന്മാരുടെ രാജ്ഞി,
ദീര്‍ഘദര്‍ശികളുടെ രാജ്ഞി,
ശ്ലീഹന്‍മാരുടെ രാജ്ഞി,
വേദസാക്ഷികളുടെ രാജ്ഞി,
വന്ദനീയന്‍മാരുടെ രാജ്ഞി,
കന്യാസ്ത്രീകളുടെ രാജ്ഞി,
സകല പുണ്യവാന്മാരുടെയും രാജ്ഞി,
അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,
സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,
പരിശുദ്ധ ജപമാലയുടെ രാജ്ഞി,
സമാധാനത്തിന്‍റെ രാജ്ഞി,
കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.
ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,
(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)
ഭൂലോക പാപങ്ങളെ നീക്കുന്ന….
(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)
ഭൂലോക പാപങ്ങളെ നീക്കുന്ന…..
(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)
ജപം
സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
ജപം
പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.
കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.
സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.
പ്രാര്‍ത്ഥിക്കാം
സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.
പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ
പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
1 നന്മ.
സുകൃതജപം.
ദാവീദിന്‍റെ കോട്ടയായ മറിയമേ, നാരകീയ ശക്തിയോടുള്ള പോരാട്ടത്തില്‍ ഞങ്ങള്‍ക്കു നീ അഭയമാകേണമേ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m