പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: ഇരുപത്തിയേഴാം തീയതി.

പരിശുദ്ധ അമ്മ- സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ

അനേകം വേദശാസ്ത്രജ്ഞന്മാരും വിശുദ്ധരും സംയുക്തമായി തീരുമാനിച്ചിരുന്നതുപോലെ ദൈവിക പ്രവര്‍ത്തനങ്ങളുടെ പരിപൂര്‍ണ്ണ‍തയ്ക്കു മിശിഹാ കഴിഞ്ഞാല്‍ കന്യകാമറിയത്തിന്‍റെ യോഗ്യതകള്‍ വഴിയായിട്ടു കൂടിയാണ് നമുക്ക് എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നത് എന്നു കരുതേണ്ടിയിരിക്കുന്നു. പ.കന്യക സഹരക്ഷകയാണെന്നുള്ള വസ്തുത തന്നെ സകല വരപ്രസാദങ്ങളും മറിയം വഴി പ്രാപിക്കുന്നു എന്നതിനു തെളിവാണ്. സഹരക്ഷക, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ നിലകളില്‍ മറിയം തിരുസ്സഭയുടെ പ്രതീകമാണ്.

ദൈവസ്നേഹം അഥവാ ദൈവവുമായിട്ടുള്ള ഐക്യം ഒരു വിശുദ്ധനില്‍ അഥവാ ഒരു വിശുദ്ധയില്‍ എത്ര വര്‍ദ്ധിച്ചിരിക്കുന്നുവോ, അതിന്‍റെ തോതനുസരിച്ചാണ് വിശുദ്ധരുടെ മാദ്ധ്യസ്ഥശക്തി എന്നാണ് വി.തോമസ്‌ അക്വിനാസിന്‍റെ വാക്കുകള്‍. ലോകരക്ഷകന്‍റെ അമ്മ, സഹരക്ഷക, എന്നീ വിവിധ നിലകളില്‍ മാനവവംശത്തിനു വേണ്ടിയുള്ള രക്ഷാകര രഹസ്യത്തില്‍ പരിശുദ്ധ അമ്മ പങ്കാളിയായി. വരപ്രസാദ ദാതാവിനെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്തതുകൊണ്ട് ഒരര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അവള്‍ വരപ്രസാദം നേടിക്കൊടുത്തു എന്ന് വി.തോമസ്‌ അക്വിനാസ് പ്രസ്താവിക്കുന്നു.

മറിയമേ! നീ ദൈവത്തിന്‍റെ പക്കല്‍ കൃപ കണ്ടെത്തിയിരിക്കുന്നു. (വി.ലൂക്കാ 1:26-38) എന്ന് ദൈവദൂതന്‍ പ.കന്യകയോടു പറയുന്നു. മറിയം അവള്‍ക്കു വേണ്ടി മാത്രമല്ല ദൈവ സവിധത്തില്‍ കൃപ കണ്ടെത്തിയത് ലോകത്തിനു മുഴുവന്‍ വേണ്ടിയാണ്. മിശിഹായുടെ കുരിശിലെ ബലി പൂര്‍ത്തീകരിക്കുന്നതിനു മുമ്പായി അരുളിച്ചെയ്ത അന്തിമ ശാസനവും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ പ്രഖ്യാപിക്കുന്നുണ്ട്. ഇവിടെ നമ്മുടെ കര്‍ത്താവീശോമിശിഹാ പ.കന്യകയുടെ ആദ്ധ്യാത്മിക മാതൃത്വം പ്രഖ്യാപിക്കുക മാത്രമല്ല പ്രത്യുത മനുഷ്യര്‍ക്കു ആദ്ധ്യാത്മിക ജീവന്‍ നല്‍കുക, സംരക്ഷിക്കുക, പരിപോഷിപ്പിക്കുക എന്നിങ്ങനെയുള്ള മാതൃസഹജമായ ജോലികളും അവിടുന്നു ഭരമേല്‍പ്പിക്കുന്നുണ്ട്.

സ്നാപക യോഹന്നാന്‍റെ വിശുദ്ധീകരണം (ലൂക്കാ 1:41-44) കാനായിലെ കല്യാണവിരുന്നില്‍ മിശിഹായുടെ പ്രഥമാത്ഭുതം (യോഹ 2:3-8), ശ്ലീഹന്മാര്‍ ദൈവമാതാവിനോടു കൂടി ഊട്ടുശാലയില്‍ ധ്യാനിച്ചു കൊണ്ടിരുന്നപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ എഴുന്നള്ളി വന്നത് (നടപടി 1:14) എന്നീ വി.ഗ്രന്ഥ ഭാഗങ്ങളും പ.കന്യകയുടെ സാര്‍വത്രിക മാദ്ധ്യസ്ഥത്തെ സ്ഥിരീകരിക്കുന്നതിന് പര്യാപ്തമായിട്ടുണ്ട്.

അലക്സാണ്ട്രിയായിലെ വി.സിറിള്‍ എഫേസൂസ് സൂനഹദോസില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, “ലോകത്തിന്‍റെ മുഴുവന്‍ അനുഗ്രഹ ഭണ്ഡാരമായി വണങ്ങപ്പെടേണ്ട പ്രസാദവരപൂര്‍ണ്ണ‍യായ ദൈവമാതാവേ, അവിടുന്ന് ഒരിക്കലും അണയാത്ത നിത്യദീപമാണ്. കന്യാത്വത്തിന്‍റെ മകുടമാണ്. സത്യവിശ്വാസത്തിന്‍റെ സംരക്ഷകയാണ്. അവിടുന്ന് വഴി പ.ത്രിത്വം ആരാധിക്കപ്പെടുകയും മഹത്വപ്പെടുകയും ചെയ്യുന്നു. ലോകം മുഴുവന്‍ കുരിശ് ആദരിക്കപ്പെടുന്നു. അന്ധകാരത്തിലും മരണ ഭീകരതയിലും സ്ഥിതി ചെയ്യുന്നവരെ ദൈവത്തിന്‍റെ ഏകജാതന്‍ പ്രകാശിപ്പിക്കുന്നത് കന്യകാമറിയം വഴിയാണ്”. നമ്മുടെ അനുദിന ജീവിതത്തില്‍ ആദ്ധ്യാത്മികവും ഭൗതികവുമായ നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. അവയിലെല്ലാം പുത്രസഹജമായ സ്നേഹത്തോടെ മരിയാംബികയെ സമീപിച്ചാല്‍ അവള്‍ നമ്മെ പരിത്യജിക്കുകയില്ല.

സംഭവം

ഒരിക്കല്‍ വി.ഫ്രാന്‍സീസ് അസ്സീസിക്ക് ഒരു ദര്‍ശനമുണ്ടായി. അദ്ദേഹവും അദ്ദേഹത്തിന്‍റെ ആത്മീയതനയരും കൂടി ഒരു സോപനത്തിന്‍റെ സമീപം നില്ക്കുകയായിരിന്നു. ആ സോപാനത്തിന്‍റെ ഉച്ചിയില്‍ നമ്മുടെ കര്‍ത്താവ് സിംഹാസനരൂഢനായിരിക്കുന്നു. വി. ഫ്രാന്‍സീസും അദ്ദേഹത്തിന്‍റെ ആത്മീയസുതരും കൂടി ആ സോപാനത്തിലൂടെ മിശിഹായുടെ പക്കല്‍ അണയുവാന്‍ വളരെ സമയം പരിശ്രമിച്ചു. എന്നാല്‍ അവര്‍ക്കു സാധിച്ചില്ല. കുറെ കഴിഞ്ഞപ്പോള്‍ വി.ഫ്രാന്‍സീസ് വേറൊരു സോപാനം ദര്‍ശിക്കുന്നു. അതിന്‍റെ ഏറ്റവും മുകളില്‍ പ.കന്യക വേറൊരു സിംഹാസനത്തില്‍ ഉപവിഷ്ടയായിരിക്കുന്നത് കണ്ടു.

അതോടൊപ്പം ഒരശരീരി വാക്യവും ശ്രവിക്കുന്നു. “ഫ്രാന്‍സീസേ നിന്‍റെ പുത്രരേ എന്‍റെ അമ്മയുടെ സോപാനത്തിലേക്ക് നയിക്കുക. അതാണ്‌ എന്‍റെ പക്കല്‍ വരുവാനുള്ള ഏറ്റം സുഗമമായ മാര്‍ഗ്ഗം.” അതെ ഈശോയിലേയ്ക്കു മറിയം വഴി എന്നതും സഭാപിതാക്കന്മാരുടെ മുദ്രാവാക്യമായിരുന്നു. ലൂര്‍ദ്ദും ഫാത്തിമയും വിശ്വവ്യാപകമായ നിത്യസഹായമാതാവിന്‍റെ ഭക്തിയും അതല്ലേ നമ്മെ അനുസ്മരിപ്പിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്ത് എത്രമാത്രം ജനങ്ങളാണ് പ.കന്യകയുടെ അനുഗ്രഹങ്ങളാല്‍ ചൈതന്യം പ്രാപിക്കുക.

പ്രാര്‍ത്ഥന

ദൈവമാതാവേ! അങ്ങ് സര്‍വ്വവരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥനായ മിശിഹാ കഴിഞ്ഞാല്‍ എല്ലാ അനുഗ്രഹങ്ങളും അങ്ങ് വഴിയാണ് ഞങ്ങള്‍ പ്രാപിക്കുന്നത്. ദൈവം അവിടുത്തെ അനുഗ്രഹങ്ങളുടെ നിക്ഷേപം അങ്ങേ ഭരമേല്‍പ്പിച്ചിരിക്കുന്നു. അങ്ങ് ആഗ്രഹിക്കുമ്പോഴും ആഗ്രഹിക്കുന്ന വിധത്തിലും ആഗ്രഹിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങള്‍ നല്‍കുന്നു. ഞങ്ങളുടെ ആദ്ധ്യാത്മികവും ലൗകികവുമായ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കേണമേ. ലോക സമാധാനം, പാപികളുടെ മാനസാന്തരം, ക്രൈസ്തവ ഐക്യം എന്നിവയ്ക്കാവശ്യമായ അനുഗ്രഹങ്ങള്‍ ഞങ്ങളില്‍ വര്‍ഷിക്കണമേ.

വിശുദ്ധ ബര്‍ണ്ണര്‍ദോസ് ദൈവമാതാവിനെ നോക്കി പ്രാര്‍ത്ഥിച്ച ജപം

എത്രയും ദയയുള്ള മാതാവേ! നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്, നിന്‍റെ ഉപകാര സഹായം അപേക്ഷിച്ചു, നിന്‍റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരില്‍ ഒരുവനെങ്കിലും നിന്നാല്‍ കൈവിടപ്പെട്ടു എന്നു ലോകത്തില്‍ കേള്‍ക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചു കൊള്ളണമേ. കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ! ദയയുള്ള മാതാവേ! ഈ വണ്ണമുള്ള ശരണത്താല്‍ ഉറച്ചു നിന്‍റെ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണഞ്ഞു വരുന്നു. നെടുവീര്‍പ്പിട്ടു കണ്ണുനീര്‍ ചിന്തി പാപിയായ ഞാന്‍ നിന്‍റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്‍റെ തിരുമുമ്പില്‍ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ! എന്‍റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയാപൂര്‍വ്വം കേട്ടരുളേണമേ.

ആമ്മേനീശോ.

* ജന്മ പാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ! പാപികളുടെ സങ്കേതമേ! ഇതാ നിന്‍റെ സങ്കേതത്തില്‍ ഞങ്ങള്‍ തേടിവന്നിരിക്കുന്നു. ഞങ്ങളുടെമേല്‍ അലിവായിരുന്ന് ഞങ്ങള്‍ക്കു വേണ്ടി നിന്‍റെ തിരുക്കുമാരനോടു പ്രാര്‍ത്ഥിച്ചു കൊള്ളണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.

(മൂന്നു പ്രാവശ്യം ചൊല്ലുക).

ദൈവമാതാവിന്റെ ലുത്തിനിയ

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! അനുഗ്രഹിക്കണമേ,

കര്‍ത്താവേ! അനുഗ്രഹിക്കണമേ,

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാ തമ്പുരാനേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദീശാ തമ്പുരാനേ,

എകസ്വരൂപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

പരിശുദ്ധ മറിയമേ

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

ദൈവകുമാരന്‍റെ പുണ്യജനനി,

കന്യാസ്ത്രീകള്‍ക്കു മകുടമായ നിര്‍മ്മല കന്യകയെ,

മിശിഹായുടെ മാതാവേ,

ദൈവപ്രസാദവരത്തിന്‍റെ മാതാവേ,

എത്രയും നിര്‍മ്മലയായ മാതാവേ,

അത്യന്ത വിരക്തിയുള്ള മാതാവേ,

കളങ്കഹീനയായ കന്യാസ്ത്രീയായിരിക്കുന്ന മാതാവേ,

കന്യാവ്രതത്തിനു അന്തരം വരാത്ത മാതാവേ,

സ്നേഹഗുണങ്ങളുടെ മാതാവേ,

അത്ഭുതത്തിനു വിഷയമായിരിക്കുന്ന മാതാവേ,

സദുപദേശത്തിന്‍റെ മാതാവേ,

സ്രഷ്ടാവിന്‍റെ മാതാവേ,

രക്ഷിതാവിന്‍റെ മാതാവേ,

വിവേകൈശ്വര്യമുള്ള കന്യകേ,

പ്രകാശപൂര്‍ണ്ണമായ സ്തുതിക്കു യോഗ്യയായിരിക്കുന്ന കന്യകേ,

സ്തുതിപ്രാപ്തിക്കൈശ്വര്യമുള്ള കന്യകേ,

വല്ലഭമുള്ള കന്യകേ,

കനിവുള്ള കന്യകേ,

വിശ്വാസവതിയായിരിക്കുന്ന കന്യകേ,

നീതിയുടെ ദര്‍പ്പണമേ,

ബോധജ്ഞാനത്തിന്‍റെ സിംഹാസനമേ,

ഞങ്ങളുടെ തെളിവിന്‍റെ കാരണമേ,

ആത്മജ്ഞാന പൂരിത പാത്രമേ,

ബഹുമാനത്തിന്‍റെ പാത്രമേ,

അത്ഭുതകരമായ ഭക്തിയുടെ പാത്രമേ,

ദൈവരഹസ്യം നിറഞ്ഞിരിക്കുന്ന പനിനീര്‍ കുസുമമേ,

ദാവീദിന്‍റെ കോട്ടയെ,

നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ,

സ്വര്‍ണ്ണാലയമേ,

വാഗ്ദാനത്തിന്‍റെ പെട്ടകമേ,

ആകാശ മോക്ഷത്തിന്‍റെ വാതിലേ,

ഉഷകാലത്തിന്‍റെ നക്ഷത്രമേ,

രോഗികളുടെ സ്വസ്ഥാനമേ,

പാപികളുടെ സങ്കേതമേ,

വ്യാകുലന്‍മാരുടെ ആശ്വാസമേ,

ക്രിസ്ത്യാനികളുടെ സഹായമേ,

മാലാഖമാരുടെ രാജ്ഞി,

ബാവാന്മാരുടെ രാജ്ഞി,

ദീര്‍ഘദര്‍ശികളുടെ രാജ്ഞി,

ശ്ലീഹന്‍മാരുടെ രാജ്ഞി,

വേദസാക്ഷികളുടെ രാജ്ഞി,

വന്ദനീയന്‍മാരുടെ രാജ്ഞി,

കന്യാസ്ത്രീകളുടെ രാജ്ഞി,

സകല‍ പുണ്യവാന്മാരുടെയും രാജ്ഞി,

അമലോല്‍ഭവയായിരിക്കുന്ന രാജ്ഞി,

സ്വര്‍ഗ്ഗാരോപിതയായിരിക്കുന്ന രാജ്ഞി,

പരിശുദ്ധ ജപമാലയുടെ രാജ്ഞി,

സമാധാനത്തിന്‍റെ രാജ്ഞി,

കര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞി.

ഭൂലോക പാപങ്ങളെ നീക്കുന്ന ദൈവചെമ്മരിയാട്ടിന്‍ കുട്ടിയായിരിക്കുന്ന ഈശോ തമ്പുരാനേ,

(കര്‍ത്താവേ, ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ)

ഭൂലോക പാപങ്ങളെ നീക്കുന്ന….

(കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.)

ഭൂലോക പാപങ്ങളെ നീക്കുന്ന…..

(കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.)

ജപം

സര്‍വ്വേശ്വരന്‍റെ പുണ്യസമ്പൂര്‍ണ്ണയായ മാതാവേ, ഇതാ നിന്‍റെ പക്കല്‍ ഞങ്ങള്‍ ആശ്രയിക്കുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ നീ ത്യജിക്കല്ലേ. ഭാഗ്യവതിയും ആശീര്‍വദിക്കപ്പെട്ടവളുമായ അമ്മേ, സകല ആപത്തുകളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

കര്‍ത്താവേ! മുഴുവന്‍ മനസ്സോടു കൂടെ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്ന ഈ കുടുംബത്തെ (ഈ കൂട്ടത്തെ) തൃക്കണ്‍പാര്‍ത്ത് എപ്പോഴും കന്യകയായിരിക്കുന്ന മറിയത്തിന്‍റെ അപേക്ഷയാലെ സകല ശത്രുക്കളുടെ ഉപദ്രവങ്ങളില്‍ നിന്ന് കൃപചെയ്തു രക്ഷിച്ചു കൊള്ളണമേ. ഈ അപേക്ഷകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ചു ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

ജപം

പരിശുദ്ധ രാജ്ഞി, കരുണയുടെ മാതാവേ, സ്വസ്തീ! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തീ! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായിരിക്കുന്ന ഞങ്ങള്‍ അങ്ങേപ്പക്കല്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ‍ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്‍റെ അനുഗൃഹീത ഫലമായ ഈശോയെ, ഞങ്ങള്‍ക്കു കാണിച്ചു തരണമേ, കരുണയും വാത്സല്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.

കാര്‍മികന്‍: ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്കു ഞങ്ങള്‍ യോഗ്യരാകുവാന്‍.

സമൂഹം: സര്‍വ്വേശ്വരന്‍റെ പരിശുദ്ധ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

പ്രാര്‍ത്ഥിക്കാം

സര്‍വശക്തനും, നിത്യനുമായിരിക്കുന്ന സര്‍വ്വേശ്വരാ, ഭാഗ്യവതിയായിരിക്കുന്ന മറിയത്തിന്‍റെ ആത്മാവും ശരീരവും റൂഹാദക്കുദിശായുടെ അനുഗ്രഹത്താലെ നിന്‍റെ ദിവ്യപുത്രന് യോഗ്യമായ പീഠമായിരിപ്പാന്‍ പൂര്‍വികമായി നീ നിയമിച്ചുവല്ലോ. ഈ ദിവ്യമാതാവിനെ നിനച്ചു സന്തോഷിക്കുന്ന ഞങ്ങള്‍, ഇവരുടെ അനുഗ്രഹമുള്ള അപേക്ഷയാലെ ഈ ലോകത്തിലുള്ള സകല‍ ആപത്തുകളില്‍ നിന്നും, നിത്യമരണത്തില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍ കൃപ ചെയ്യണമേ. ഈ യാചനകളൊക്കെയും ഞങ്ങളുടെ കര്‍ത്താവീശോമിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങള്‍ക്കു നീ തന്നരുളണമേ. ആമ്മേന്‍.

പരിശുദ്ധ ദൈവമാതാവിനോടുള്ള അപേക്ഷ

പാപികളുടെ സങ്കേതമേ! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ!വിജാതികള്‍ മുതലായവര്‍ മനസ്സു തിരിയുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! രാഷ്ട്രീയാധികാരികള്‍ സത്യവും നീതിയും പാലിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! മാര്‍പാപ്പ മുതലായ തിരുസഭാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

പാപികളുടെ സങ്കേതമേ! അങ്ങേ പ്രിയ മക്കളായിരിക്കുന്ന ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.

1 നന്മ.

സുകൃതജപം.

നിത്യസഹായ മാതാവേ, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കേണമേ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m