കേരളത്തിന് പുതിയ 2 മെഡിക്കൽ കോളേജുകൾ, അവഗണിക്കാതെ ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂ ഡല്‍ഹി: കേരളത്തില്‍ അടക്കം 113 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കി ദേശീയ മെഡിക്കല്‍ കമ്മീഷന്‍.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുക. 22 പുതിയ മെഡിക്കല്‍ കോളേജുകള്‍ക്കാണ് യുപിയില്‍ അനുമതി നല്‍കുക.

മഹാരാഷ്ട്രയില്‍ 14, രാജസ്ഥാന്‍ 12, തെലങ്കാന 11, പശ്ചിമ ബംഗാള്‍ 8, മധ്യപ്രദേശ് 7, ആന്ധ്രപ്രദേശ് 7, കര്‍ണാടക 5, തമിഴ്‌നാട് 5, കേരളം 2, എന്നിങ്ങനെയാണ് അനുമതി നല്‍കിയിരിക്കുന്ന മെഡിക്കല്‍ കോളേജുകളുടെ എണ്ണം.

അതേസമയം കേരളത്തിന് പുതിയ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭിച്ചത് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കേരളത്തിന് വലിയ അവഗണനയായിരുന്നു ലഭിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം പുതുതായി അന്‍പത് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും കേരളത്തിന് ഒന്നുപോലും ലഭിച്ചിരുന്നില്ല.

വയനാട്ടില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിരുന്നില്ല. നേരത്തെ വിവിധ നിയമങ്ങള്‍ ഉന്നയിച്ചും കേരളത്തിന് പുതിയ മെഡിക്കല്‍ കോളേജുകള്‍ ദേശീയ മെഡിക്കല്‍ അസോസിയേഷന്‍ അനുവദിച്ചിരുന്നില്ല.

കേരളത്തില്‍ 10 ലക്ഷം ആളുകള്‍ക്ക് 131 സീറ്റുകള്‍ എന്ന നിരക്കിലാണ് ഉള്ളതെന്നും, എന്നാല്‍ പത്ത് ലക്ഷം പേര്‍ക്ക് നൂറ് എംബിബിഎസ് സീറ്റുകള്‍ എന്നതാണ് ദേശീയ നയമെന്നും കമ്മീഷന്‍ മെയ് മാസത്തില്‍ പറഞ്ഞിരുന്നു. ഇതോടെ കേരളത്തില്‍ നിന്നുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു.

വയനാട്, കാസര്‍കോട്, തിരുവനന്തപുരം, മെഡിക്കല്‍ കോളേജുകള്‍ക്ക് അടക്കം നേരത്തെയുള്ള തീരുമാനം വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ പുതിയ പ്രഖ്യാപനത്തില്‍ രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി ലഭിച്ചത് അപ്രതീക്ഷിതമായിരുന്നു. മെഡിക്കല്‍ അസസ്‌മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡി(എംഎആര്‍ബി)ന്റെ അന്തിമ തീരുമാനം മെഡിക്കല്‍ കോളേജുകളെ അറിയിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്ത് പുതിയ മെഡിക്കല്‍ കോളേജുകളോ മെഡിക്കല്‍ കോഴ്‌സുകളോ ആരംഭിക്കണമെങ്കില്‍ എംഎആര്‍ബിയുടെ അനുമതി ആവശ്യമാണ്. മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളില്‍ ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

ഏറ്റവും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി, അതുപോലെ ഫാക്വല്‍റ്റികള്‍ എല്ലാ വിഭാഗത്തിലും ഉണ്ടായിരിക്കണം, ആശുപത്രികളില്‍ കുറഞ്ഞത് 200 രോഗികള്‍ക്ക് കിടക്ക സൗകര്യങ്ങളും, ഐസിയു ബെഡ് 20 എണ്ണവും ആവശ്യമാണ്. ഇത്രയും സൗകര്യങ്ങളുണ്ടെങ്കില്‍ 50 സീറ്റുള്ള മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാം.

എന്‍എംസി രാജ്യത്തെ ഓരോ ജില്ലയിലും മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്താകെ 706 മെഡിക്കല്‍ കോളേജുകളാണ് ഉള്ളത്. പുതിയതായി അനുമതി ലഭിച്ചവയും ചേര്‍ത്ത് 800ന് മുകളിലുണ്ടാവും. ഇതില്‍ 50 എണ്ണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളാണ്. ബാക്കിയുള്ളവ സ്വകാര്യ മെഡിക്കല്‍ കോളേജുകളാണ്. എംബിബിഎസ് സീറ്റുകളുടെ എണ്ണത്തില്‍ 110 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group