വിവേകാനന്ദൻ്റെ ഭ്രാന്താലയവും ദൈവത്തിൻ്റെ സ്വന്തം ന്യൂജെൻ നാടും പിന്നെ കുറെ കന്യാസ്ത്രീകളും:

ജാതിയുടെയും മതത്തിൻ്റെയും പേര് പറഞ്ഞ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ കൊടുമ്പിരി കൊണ്ടിരുന്ന 1892-ൽ ആണ് സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചത്. വേർതിരിവുകളുടെ മതിൽ കെട്ടിനുള്ളിൽ ശ്വാസം മുട്ടി ജീവിക്കുന്ന കേരളീയരെയും കേരളത്തെയും ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച് അദ്ദേഹം ഈ ദേശത്തു നിന്ന് കടന്നു പോയി. സ്വാമി വിവേകാനന്ദൻ കണ്ട കേരളം എന്ന ഭ്രാന്താലയം ദൈവത്തിൻ്റെ സ്വന്തം നാടാക്കാൻ അഹോരാത്രം കഠിനാധ്വാനം ചെയ്തവരിൽ ക്രൈസ്തവ സന്യസ്തരും ഉണ്ടായിരുന്നു എന്ന ചരിത്രസത്യം ആരും മറന്ന് പോകരുത്…

ഇന്ന് നിങ്ങൾ കാണുന്ന ഈ മനോഹരമായ കേരളത്തെ പടുത്തുയർത്തിയിതിന് പിന്നിലുള്ള ഒരു രഹസ്യം കേരളത്തിൻ്റെ ഓരോ കോണിലും അനേകായിരം ക്രൈസ്തവ സന്യസ്തരുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണതാണ്. പകലന്തിയോളം കഠിനാധ്വാനം ചെയ്ത് രാത്രിയുടെയും പ്രഭാതത്തിൻ്റെയും യാമങ്ങളിൽ ദൈവതിരുമുമ്പിൽ തങ്ങളായിരിക്കുന്ന ദേശത്തിനും അവിടെ വസിക്കുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും വേണ്ടി മനസുരുകി പ്രാർത്ഥിക്കുന്ന ഈ ചെറിയ സമൂഹത്തിനെയാണ് ഇന്ന് നിങ്ങൾ അടിമകൾ, അബലകൾ, വേശ്യകൾ, ലെസ്ബിയൻസ് എന്നീ വിശേഷണങ്ങൾ നൽകാൻ മത്സരിക്കുന്നത്.

ഈ ലോകത്തിലുള്ള മലയാളികളിൽ 90 % ആൾക്കാർക്കും വിദ്യ പകർന്ന് നൽകിയോ, രോഗാവസ്ഥയിൽ ശുശ്രുക്ഷിച്ചോ, ജീവിത നൊമ്പരങ്ങളിൽ സ്വാന്തനം നൽകിയോ, അനാഥത്വത്തിൽ അമ്മയുടെ സ്നേഹം നൽകിയോ, വാർദ്ധക്യത്തിൻ്റെ ഏകാന്തതയിൽ മകളുടെ കരുതൽ നൽകിയോ ഒക്കെ ഒരു ജനതയുടെ കൂടെ നടന്നവരും നടക്കുന്നവരുമാണ് ഈ ക്രൈസ്തവ സന്യസ്തർ. ഉള്ളിൽ നന്മയുള്ളവർ തിരിച്ചറിയുന്ന അല്ലെങ്കിൽ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് കന്യാസ്ത്രീ അമ്മമാർ എന്നത്.

ഓരോ കാലഘട്ടത്തിൻ്റെയും അതാത് ദേശത്തിൻ്റെയും ആവശ്യങ്ങൾക്ക് അനുസരിച്ച് ഹൃദയത്തിൻ്റെയും ഭവനത്തിൻ്റെയും വാതിലുകൾ തുറന്ന് കേരള സമൂഹത്തിൻ്റെ ഒരു മൂലക്കല്ലായി മാറിയ ക്രൈസ്തവ സന്യാസത്തെ ഒളിഞ്ഞും തെളിഞ്ഞും ചെളിവാരി എറിയുവാൻ മത്സരിക്കുന്നവർ പോലും തങ്ങളുടെ ആവശ്യങ്ങളിൽ ക്രൈസ്തവ സന്യസ്തരുടെ സ്ഥാപനങ്ങൾ തേടി പോകുന്നതിന് പിന്നിലെ കാരണം തങ്ങൾ മുഖത്ത് എറിഞ്ഞ് പിടിപ്പിച്ച ചെളി ഒരു കൈകൊണ്ട് തുടച്ചു കളഞ്ഞിട്ട് ചെറുപുഞ്ചിരിയോടെ “ദേ… നിങ്ങളുടെ കൈകൾ നിറയെ ചെളി ആണല്ലേ! വേഗം അത് അങ്ങ് കഴുകികളയൂ” എന്ന് പറഞ്ഞ് തങ്ങൾ നിന്ദിച്ചവർ തന്നെ വെള്ളം ഒഴിച്ച് തരും എന്ന ഉറപ്പുള്ളതിനാലാണ്.

“എന്റെ ഈ ഉടുപ്പ് ആണ് എനിക്ക് സമൂഹത്തിൽ ഒരു സ്റ്റാറ്റസ് നൽകുന്നത്, എന്റെ ഈ ശിരോവസ്ത്രം എനിക്ക് ഒരു കിരീടം ആണ്. എനിക്ക് സമൂഹത്തിൽ ഒരു സെറ്റപ്പും ഗെറ്റപ്പും ഒക്കെ നൽകുന്നത് ഈ വസ്ത്രമാണ്” എന്ന് വിളിച്ച് പറയുന്ന ചില സഹോദരിമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഞങ്ങളുടെ ഈ വസ്ത്രം ആത്മ സമർപ്പണത്തിൻ്റെ, വിശുദ്ധിയുടെ, ലാളിത്യത്തിൻ്റെ, നിസ്വാർത്ഥ സേവനത്തിൻ്റെ പ്രതീകമാണ്. ഫാഷൻ പരേഡിനോ, ഫോട്ടോഷൂട്ടിനോ, വേണ്ടി വേഷം കെട്ടാനുള്ള വസ്ത്രമല്ലിത്. ഇത് ഒരു ജീവിത സമർപ്പണത്തിൻ്റെ അടയാളമാണ് എന്ന് ആവർത്തിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു…

പിന്നിട്ട വഴികളിലേക്ക് ഒരു പിന്തിരിഞ്ഞുനോട്ടം:

19 ആം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ക്രൈസ്തവ ദേവാലയങ്ങളോട് ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിതമാവുകയും ജാതി-മത-വർണ്ണ വ്യത്യാസങ്ങൾ നോക്കാതെ ആ പള്ളിക്കുടങ്ങളുടെ വാതിലുകൾ മലർക്കെ തുറന്നിടുകയും ചെയ്തു. സവർണ്ണർ, അവർണ്ണർ എന്നുള്ള വേർതിരിവുകൾ ഇല്ലാതെ പള്ളിക്കുടങ്ങളിൽ വിദ്യ പകർന്ന് നൽകുവാൻ ചില സ്ത്രീകളും മുന്നോട്ട് വന്നിരുന്നു. ഒരു പക്ഷെ അന്നുവരെ അധികമാരും കണ്ട് ശീലിക്കാത്ത വസ്ത്രധാരണം ആയിരുന്നു ആ സ്ത്രീകളെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യസ്തരാക്കിയത്. കൈകളും പാദങ്ങളും വരെ നീണ്ട അങ്കി, തലയിൽ ശിരോവസ്ത്രം കഴുത്തിൽ ഒരു കുരിശോ അല്ലെങ്കിൽ ക്രിസ്തുവിൻ്റെ മുഖം പതിഞ്ഞ ഒരു കാശുരൂപമോ ചരടിൽ കെട്ടി തൂക്കിയിരിക്കുന്നു. കൈകളിൽ ഒരു കൊന്തയും.

ഒരു പക്ഷേ നേരിട്ട് ചോദിക്കാനുള്ള ധൈര്യം ഇല്ലാത്തതിനാൽ അല്‌പം ആശങ്കയോടെ പലരും പരസ്പരം ചോദിക്കുന്നു ‘ഇവർ എന്തേ ഇങ്ങനെ വസ്ത്രം ധരിച്ചിരിക്കുന്നത്’. ആരൊക്കെയോ ശബ്ദം താഴ്ത്തി പറയുകയാണ്: ‘ഇവരാണ് കന്യാസ്ത്രീമാർ. ക്രിസ്തുവിനെ സ്നേഹിക്കുന്ന ഇവർ വിവാഹം കഴിക്കാതെ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിക്കുന്നു. തങ്ങളുടെ ചുറ്റും ഉള്ള ആൾക്കാരിൽ ക്രിസ്തുവിൻ്റെ മുഖം കണ്ട് അവരുടെ ആവശ്യങ്ങളിൽ ആവരെ സഹായിക്കുന്നു. സന്യാസിനികൾ, കന്യാസ്ത്രീകൾ എന്നൊക്കെയാണ് ഇവർ വിളിക്കപ്പെടുന്നത്… 1865 മുതൽ ക്രൈസ്തവ സന്യാസിനികൾ നടത്തിയ ഒരു നിശബ്ദ ജൈത്രയാത്രയുടെ ഫലം കൂടിയാണ് ഇന്ന് നിങ്ങൾ കാണുന്ന കേരളമെന്ന ഈ മനോഹര തീരം…

ജീർണ്ണിച്ച ജേർണലിസവും മരവിച്ച നിയമ സംവിധാനങ്ങളും:

ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ ദാരിദ്ര്യം ആവോളം ഉള്ളതിനാൽ ധാരാളം പ്രേഷകരെ കിട്ടും എന്ന ഉറപ്പുള്ളതിനാൽ സ്ത്രീപീഢന കേസുകൾ ചർച്ച ചെയ്യാൻ കേരളത്തിലെ മാധ്യമങ്ങൾക്ക് വല്ലാത്ത ആർത്തിയാണ്. പക്ഷെ സ്ത്രീയെ പീഡിപ്പിക്കാതിരിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ മാധ്യമപ്രവർത്തകർക്കോ, ഭരണാധികാരികൾക്കോ, നിയമ പാലകർക്കോ, വനിതാ കമ്മീഷനോ, മറ്റ് സംഘടനകൾക്കോ ഒരു താല്പര്യവും ഇല്ല എന്നത് പച്ചയായ യാഥാർത്ഥ്യം ആണ്. ഒരുവശത്ത് സ്ത്രീക്ക് നീതി മേടിച്ച് കൊടുക്കാൻ എന്ന വ്യാജേന നടത്തുന്ന ചർച്ചകളും മറുവശത്ത് സ്ത്രീകളെയും സ്ത്രീത്വത്തെയും എങ്ങനെ പിച്ചിചീന്താം എന്ന് ഗവേഷണം നടത്തുകയും ചെയ്യുന്ന വികലമായ മാധ്യമധർമ്മത്തെ ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ വിരോധാഭാസം എന്നല്ലാതെ എന്ത് പറയാൻ. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്ത്രീകളെ, പ്രത്യേകിച്ച് കന്യാസ്ത്രീകളെ, സിനിമകളിൽ കൂടിയും സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ വാർത്താ ചാനലുകൾ വഴിയും യൂറ്റ്യൂബ് ചാനലുകൾ വഴിയും ഇതാ ഇപ്പോൾ ഫോട്ടോഷൂട്ട് വഴിയും ഒക്കെ നിന്ദിക്കുകയും വികലമായ കാഴ്ച്ചപ്പാടോടെ അന്തിചർച്ചകൾ നടത്തുകയും ചെയ്യുമ്പോഴും അറിയാതെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താഴെക്കുറിക്കുന്നത്:

കഴിഞ്ഞ തിങ്കളാഴ്ച്ച (2022 ജനുവരി 24) ന് ഇറ്റലിയിലെ ലിവോർണോയിൽ പാർക്കിൽ കളിച്ചുകൊണ്ടിരുന്ന യഹൂദവംശജനായ 12 വയസുകാരനായ ഒരു ബാലനെ “നീ യഹൂദൻ ആണല്ലേ” എന്ന് ചോദിച്ച് ഒരാൾ വളരെ ക്രൂരമായി ആക്രമിക്കുവാനിടയായി. അന്ന് വൈകിട്ടുള്ള ന്യൂസുകളിൽ എല്ലാം ഈ ആക്രമണം പ്രധാന വാർത്തയായി. ഉടൻ ഗവൺമെൻ്റ് ഇടപെടുകയും കോടതി നിർദ്ദേശപ്രകാരം വിശദമായ ഒരു അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജ്യത്ത് വംശീയ വിദ്വേഷമോ, വർഗ്ഗീയ വിദ്വേഷമോ പടർത്തുന്ന പ്രവർത്തികളോ, ആശയങ്ങളോ അനുവദിക്കാതിരിക്കാൻ ഭരണാധികാരികളും നിയമപാലകരും ജേർണലിസ്റ്റുകളും കൈകോർക്കുന്ന ഒരു കാഴ്ചയാണ് പിന്നീടങ്ങോട്ട് കണ്ടത്.

രണ്ടാം ലോകമഹായുദ്ധ കാലത്ത് യഹൂദ സമൂഹവും യൂറോപ്പും അനുഭവിച്ച യാതനകളും വേദനകളും വിവരിക്കുന്ന സിനിമ പ്രക്ഷേപണം ചെയ്തും നാസികളുടെ ക്രൂരതകൾക്ക് ഇരകളായിട്ടും ഇന്നും ജീവിച്ചിരിക്കുന്നവരെ ഇൻ്റർവ്യൂ ചെയ്തും ഒരു ജനതയെ ബോധവത്ക്കരിക്കാൻ ഇറ്റാലിയൻ മാധ്യമ പ്രവർത്തകർ നടത്തിയ കഠിന പ്രയത്നങ്ങളെ എത്ര വർണ്ണിച്ചാലും മതിവരില്ല. ഈ സംഭവകഥ ഇവിടെ കുറിക്കാൻ കാരണം ഓരോ രാജ്യത്തിൻ്റെയും ദേശത്തിൻ്റെയും ഭൂതകാലം ഇരുൾ നിറഞ്ഞതായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ന് നാം കാണുന്ന നന്മയും വെളിച്ചവും പൂത്തുലയുന്നതിന് കാരണം ചെറിയവരും വലിയവരുമായ അനേകായിരങ്ങളുടെ ത്യാഗങ്ങളുടെയും വിയർപ്പുതുള്ളികളുടെയും ഫലമാണ്. പിന്നിട്ട വഴികൾ ഒരിക്കലും മറന്ന് പോകരുത്. അഥവാ ആരെങ്കിലും അവ മറന്ന് ഭൂതകാലത്തെ തിരികെ കൊണ്ടുവരാൻ പരിശ്രമിക്കുമ്പോൾ അവ മുളയിലെ നുള്ളാൻ പരിശ്രമിച്ചില്ലെങ്കിൽ വരാൻ പോകുന്ന ദുരന്തം ഭയാനകമായിരിക്കും…

✍🏽സ്നേഹപൂർവ്വം,

സി. സോണിയ തെരേസ് ഡി. എസ്. ജെ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group